ചക്കരക്കല്ല്: മാച്ചേരി ന്യൂ യു.പി സ്കൂളിലെ മുഹമ്മദ് നാഫിഹ് എന്ന ഏഴാം ക്ലാസുകാരന്റെ ചിത്രങ്ങൾ ഇനി പാഠപുസ്തകങ്ങളിലും. എസ്.സി.ഇ.ആർ.ടി തയാറാക്കുന്ന പാഠപുസ്തകങ്ങളിലെ പാഠഭാഗങ്ങളിൽ നാഫിഹിന്റെ വർണാഭമായ ചിത്രങ്ങൾ ഇടംപിടിക്കും.
ജന്മനാ കേൾവി ശക്തിയില്ലാത്ത നാഫിക് ചെറുപ്പം മുതൽ തന്നെ ചിത്രരചന, വാട്ടർ കളർ, പെൻസിൽ ഡ്രോയിങ് എന്നിവയിൽ വൈദഗ്ധ്യം നേടിയിട്ടുണ്ട്. ചിത്രകലാ അധ്യാപകനായ ആർ.പി. അസ്കറിന്റെ ശിക്ഷണത്തിലാണ് നാഫിഹ് പരിശീലനം നേടിയത്. ശിശു ക്ഷേമ സമിതി നടത്തിയ ജില്ല ചിത്രരചന മത്സരങ്ങളിൽ രണ്ടുതവണ ഭിന്നശേഷി വിഭാഗത്തിൽ സമ്മാനം നേടിയ നാഫിഹ്, എസ്.സി.ഇ.ആർ.ടി തിരുവനന്തപുരത്ത് നടത്തിയ ചിത്രരചന ക്യാമ്പിൽ വരച്ച ചിത്രങ്ങൾ കൊണ്ട് അധികൃതരെ അമ്പരിപ്പിച്ചിരുന്നു.
അടുത്ത അധ്യയന വർഷം മുതൽ രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിലെ പാഠപുസ്തകങ്ങളിൽ നാഫിഹ് അടക്കമുള്ള വിദ്യാർഥികളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തും. എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ആർ.കെ. ജയപ്രകാശിൽ നിന്നും നാഫിഹ് ഉപഹാരം ഏറ്റുവാങ്ങി. മൗവ്വഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്റസ ഏഴാം ക്ലാസ് വിദ്യാർഥിയുമാണ്.
മാച്ചേരി സ്വദേശികളായ ജെ.എം. നജീബിന്റെയും പി. ജസീലയുടെയും മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.