ചക്കരക്കല്ല്: ബംഗളൂരുവിൽ നിന്നും നാട്ടിലെത്തിയ യുവാവിനെ അക്രമിസംഘം ബലമായി കാറിൽ കയറ്റിക്കൊണ്ടുപോയി 9 ലക്ഷം രൂപ കവർന്നു. ഏച്ചൂർ കമാൽ പീടികക്ക് സമീപം തവക്കൽ വീട്ടിൽ റഫീക്കിനെയാണ് (44) തട്ടിക്കൊണ്ടുപോയി പണം കവർന്നത്. വ്യാഴാഴ്ച രാവിലെ 5 മണിയോടെ കമാൽ പീടികയിൽ ബസ് ഇറങ്ങി റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുമ്പോൾ കാറിലെത്തിയ മാസ്ക് ധരിച്ച് സംഘം റഫീഖിനെ ബലമായി കാറിൽ കയറ്റിക്കൊണ്ടു പോവുകയായിരുന്നു. ക്രൂരമായി മർദിച്ച് ബാഗും പണവും തട്ടിയെടുത്ത് കാപ്പാടിന് സമീപം വിജനമായ സ്ഥലത്ത് ഇറക്കി വിടുകയായിരുന്നു. പണം കൈവശമുണ്ടെന്ന് കൃത്യമായി അറിയുന്ന സംഘമാണ് അക്രമം നടത്തിയത്.
അവശനായ റഫീഖ് അതുവഴി വന്ന ഓട്ടോയിൽ കയറി വീട്ടിലെത്തിയ ശേഷം ബന്ധുക്കളുമായാണ് കണ്ണൂർ എ.കെ.ജി ആശുപത്രിയിലേക്ക് പോയത്. കമാൽപീടിക ബസ് കാത്തിരിപ്പ് കേന്ദ്രത്തിനുസമീപം വെച്ച് റഫീഖിന്റെ ചെരിപ്പും, അക്രമി സംഘം ഉപയോഗിച്ചതായി കരുതുന്ന ഗ്ലൗസും കണ്ടെടുത്തിട്ടുണ്ട്. വർഷങ്ങളായി ബംഗളൂരുവിൽ ഹോട്ടൽ ബിസിനസ് നടത്തുകയാണ് റഫീഖ്. അന്വേഷണത്തിന്റെ ഭാഗമായി നിരവധി സ്ഥലങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു വരുന്നു. ചക്കരക്കല്ല് പൊലീസ് കേസെടുത്തു അന്വേഷണം നടത്തിവരുന്നു. പണയ സ്വർണമെടുക്കാൻ കടം വാങ്ങിയ പണമാണ് കവർന്നതെന്ന് റഫീഖ് അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.