ചെറുപുഴ: കർണാടക വനത്തിൽ ഉരുൾ പൊട്ടിയതോടെ കാര്യങ്കോട് പുഴ കരകവിഞ്ഞു. കാര്യങ്കോട് പുഴക്ക് മറുകരെയുള്ള കോഴിച്ചാൽ റവന്യൂവിൽ വെള്ളം കയറി. മലവെള്ളപ്പാച്ചിലിൽ കോഴിച്ചാൽ ഐ.എച്ച്.ഡി.പി കോളനിയിലേക്കുള്ള മുളപ്പാലം ഒലിച്ചു പോയതോടെ കർണാടക വനത്തിനും കാര്യങ്കോട് പുഴക്കും നടുവിലെ തുരുത്തിൽ ഒറ്റപ്പെട്ട അഞ്ച് കുടുംബങ്ങളെ ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി.
കാര്യങ്കോട് പുഴ വേർപെട്ട് ഒഴുകുന്ന തുരുത്തിൽ താമസിക്കുന്ന 14 ഓളം പേരെയാണ് വ്യാഴാഴ്ച രാത്രി അതിസാഹസികമായി പെരിങ്ങോം ഫയർഫോഴ്സ് രക്ഷപ്പെടുത്തിയത്.
പ്രദേശവാസികൾ മറുകര കടക്കുന്ന മുളപ്പാലം മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയത് നാട്ടുകാർ അറിയിച്ചതനുസരിച്ച് ചെറുപുഴ പൊലീസും പെരിങ്ങോം ഫയർഫോഴ്സും സ്ഥലത്തെത്തി താൽക്കാലിക പാലം സ്ഥാപിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്.
രണ്ടു ദിവസങ്ങളിലായി മലയോര മേഖലയിലും കർണാടക വനത്തിലും കനത്ത മഴ പെയ്യുകയാണ്.
രണ്ടുദിവസത്തിൽ 160 ഓളം വീടുകൾ തകർന്നു
കണ്ണൂർ: ബുധനാഴ്ച അർധരാത്രി തുടങ്ങിയ കനത്ത മഴയും ചുഴലിക്കാറ്റും കൂടുതൽ നാശം വിതച്ച് ജില്ലയിൽ തുടരുന്നു. ജില്ലയിലെ മലയോരത്തെയടക്കം താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. വിവിധ ഭാഗങ്ങളില്‍ അതിശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ കൂടി കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
രണ്ടുദിവസങ്ങളിലുണ്ടായ കനത്ത മഴയിലും കാറ്റിലും ജില്ലയിലാകെ 160 ഓളം വീടുകൾ തകർന്നു. മൂന്നെണ്ണം പൂർണമായും 157 വീടുകൾ ഭാഗികമായും തകർന്നു. വിവിധയിടങ്ങളിൽ മൂന്നുപേർക്ക് പരിക്കേറ്റു.
വളപട്ടണം, അഴീക്കോട്, പുലിമുട്ട് ഭാഗങ്ങളിലും ആയിക്കര ഹാർബറിലും ശക്തമായ കടൽക്ഷോഭം നേരിടുകയാണ്. ഇവിടെയുള്ള തീരദേശവാസികൾക്ക് മുന്നറിയിപ്പ് നൽകി. വൈദ്യുതി ബന്ധം പലയിടത്തും താറുമാറായി. കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായി. പലയിടത്തും കാർഷിക വിളകൾ വ്യാപകമായി നശിച്ചു. മലയോര മേഖലയിലെ പലയിടവും പ്രളയ ഭീതിയിലാണ്. ഇരിട്ടിയടക്കമുള്ള മേഖലയിൽ എട്ട് കുടുംബങ്ങളെയടക്കം നിരവധി പേരെ മാറ്റിപ്പാർപ്പിച്ചു. കാലവർഷം ശക്തമായതിനെ തുടർന്ന് കലക്ടറേറ്റിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു.
താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ
ശ്രീകണ്ഠപുരം: കർക്കടകത്തിൽ കാലവർഷം തിമിർത്തു പെയ്തതോടെ പ്രളയഭീതിയിൽ മലയോരം. താഴ്ന്ന പ്രദേശങ്ങൾ പലതും വെള്ളത്തിനടിയിലായി. വ്യാപകമായി കൃഷി നശിച്ചു. മരം വീണ് നിരവധി വീടുകൾ തകർന്നു. വൈദ്യുതിത്തൂണുകളും ലൈനുകളും നിലംപതിച്ചതിനാൽ ശ്രീകണ്ഠപുരം 110 കെ.വി സബ്സ്റ്റേഷൻ, ചെമ്പേരി സബ് സ്റ്റേഷൻ പരിധികളിൽ പലയിടത്തും വൈദ്യുതി നിലച്ചു. ജീവനക്കാർ മുഴുസമയവും പണിപ്പെട്ടാണ് ഉൾഗ്രാമങ്ങളിലടക്കം ചിലയിടങ്ങളിലെങ്കിലും വൈദ്യുതി പുനഃസ്ഥാപിച്ചത്.
വളപട്ടണം പുഴ കവിഞ്ഞതിനാൽ സമീപ പ്രദേശങ്ങളിൽ വയലുകളും കൃഷിയിടങ്ങളും വെള്ളത്തിനടിയിലായി. വാഴ, നെല്ല്, മരച്ചീനി എന്നിവയെല്ലാം വ്യാപകമായി നശിച്ചിട്ടുണ്ട്. ശ്രീകണ്ഠപുരം, പൊടിക്കളം, ചെങ്ങളായി, മുങ്ങം, കൊവ്വപ്പുറം, തേർലായി, മലപ്പട്ടം തുടങ്ങിയ പ്രദേശങ്ങളെല്ലാം വെള്ളപ്പൊക്ക ഭീതിയിലാണ്. ചെങ്ങളായി, പൊടിക്കളം വയലുകൾ വെള്ളത്തിനടിയിലാണ്. പൊടിക്കളം -മടമ്പം റോഡിൽ വെള്ളം കയറി ഗതാഗതം സ്തംഭിച്ചു.
കോട്ടൂരിൽ നഗരസഭ സ്റ്റേഡിയവും വെള്ളത്തിനടിയിലായി. ശ്രീകണ്ഠപുരം, ചെങ്ങളായി പുഴകൾ കവിഞ്ഞുതുടങ്ങിയതോടെ വ്യാപാരികൾ ആശങ്കയിലായി. വഞ്ചിയം, കാഞ്ഞിരക്കൊല്ലി, ആടാംപാറ, പൊട്ടൻ പ്ലാവ്, ഒന്നാം പാലം, കുടിയാന്മല, മുന്നൂർ കൊച്ചി, വൈതൽമല തുടങ്ങിയ മലമടക്കുകളിൽ മുൻകാലങ്ങളിലടക്കം ഉരുൾപൊട്ടലുണ്ടായതിനാൽ സമീപ സ്ഥലങ്ങളിലെ ജനങ്ങളും ഭീതിയിലാണ്.
മലയോരത്ത് മഴ തുടരുന്നു; നാശവും
ആലക്കോട്: ആലക്കോട് പഞ്ചായത്തിലെ നെല്ലിക്കുന്ന് മാന്തട്ടിലെ പാലത്തിങ്കൽ മത്തായിയുടെ വീടിന് മുകളിലേക്ക് മരം കടപുഴകി. കഴിഞ്ഞദിവസം നിർത്താതെ പെയ്ത മഴയിലാണ് മരംവീണ് വീട് തകർന്നത്. പഞ്ചായത്തംഗം മിസി രാജുവിെൻറ നേതൃത്വത്തിൽ അധികൃതർ സ്ഥലം സന്ദർശിച്ച് നഷ്ടം വിലയിരുത്തി. ഈ വാർഡിലെ മോറാനിയിൽ എളുക്കുന്നേൽ മനോജിെൻറ വീടിന് മുകളിലേക്ക് മരംവീണ് മേൽക്കൂര തകർന്നു. വ്യാഴാഴ്ച പുലർച്ചയാണ് സംഭവം. വീട്ടുകാർ പരിക്കില്ലാതെ രക്ഷപ്പെട്ടു.
ഉദയഗിരി ലഡാക്കിലെ പള്ളിപ്പറമ്പിൽ ഇബ്രാഹിമിെൻറ വീടിനു മുകളിലേക്ക് മരംവീണു. പുതുപ്പറമ്പിൽ ഷബീനയുടെ വീടും മരം വീണ് തകർന്നു. ചീക്കാട് മേഖലയിൽ കഴിഞ്ഞ നാല് ദിവസമായി വൈദ്യുതി നിലച്ചിരിക്കുകയാണ്. ആലക്കോട്, ഉദയഗിരി പഞ്ചായത്തുകളിൽ കനത്ത മഴയെത്തുടർന്ന് വൻ കൃഷിനാശമാണ് സംഭവിച്ചത്. റബർ, തെങ്ങ്, വാഴ, കപ്പ തുടങ്ങിയ കൃഷികൾ നശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.