representational image

ചെറുപുഴയിൽ ഒരു കരിങ്കല്‍ ക്വാറി കൂടി; എതിർപ്പുമായി സി.പി.എം

ചെറുപുഴ: ചെറുപുഴ പഞ്ചായത്തിലെ പതിനാറാം വാര്‍ഡിലുള്‍പ്പെട്ട മേലുത്താന്നിയില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് പൂട്ടിയ ക്വാറി വീണ്ടും തുറക്കാന്‍ നീക്കം. പാരിസ്ഥിതിക അനുമതി ലഭിച്ച ക്വാറി പ്രവര്‍ത്തിപ്പിക്കാനുള്ള നീക്കത്തിനെതിരെ സി.പി.എം നേതൃത്വം പ്രതിഷേധവുമായി രംഗത്തെത്തി. ചെറുപുഴ ടൗണില്‍നിന്ന് മൂന്നു കി.മീ. മാത്രം ദൂരത്താണ് മേലുത്താന്നി.

കുന്നിന്‍പ്രദേശമായ ഇതിനു താഴെ പ്രാപ്പൊയില്‍, മുളപ്ര, പാറോത്തുംനീര്‍ പ്രദേശങ്ങളിലെ ജനവാസകേന്ദ്രങ്ങളും കാര്‍ഷികവിളകളുമാണ്. പ്രതിഷേധത്തെ തുടര്‍ന്ന് വര്‍ഷങ്ങള്‍ക്കുമുമ്പ് ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു.

പാരിസ്ഥിതിക അനുമതി ലഭിച്ചതോടെ ലൈസൻസ് സമ്പാദിച്ച് വൈകാതെ ക്വാറി തുറക്കാനാണ് ഉടമകളുടെ നീക്കം. ക്വാറി പ്രവര്‍ത്തനം തുടങ്ങിയാല്‍ താഴ.വാരത്തെ ജനങ്ങളുടെ ജീവനും സ്വത്തുവകകളും അപകടത്തിലാകുമെന്ന് നാട്ടുകാര്‍ ഭയപ്പെടുന്നു.

ക്വാറിയില്‍നിന്ന് പുറന്തള്ളുന്ന മലിനജലം തിരുമേനി പുഴയും പ്രദേശത്തെ കൈത്തോടുകളും കിണറുകളും മലിനമാക്കും. ക്വാറിയുടെ സമീപത്തുനിന്ന് മീറ്ററുകള്‍ മാത്രം അകലെ ജലനിധി പദ്ധതിയുടെ ജലസംഭരണിയുമുണ്ട്. ചെറുപുഴ ടൗണില്‍നിന്ന് ഭൂദാനം വഴി മൂന്നാംപ്ലാവ്, പ്രാപ്പൊയില്‍ എന്നിവിടങ്ങളിലേക്ക് പോകുന്ന പഞ്ചായത്ത് റോഡ് ക്വാറിക്ക് സമീപത്താണ്.

ക്വാറി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാല്‍ ലോഡുമായി ടോറസ് ലോറികള്‍ ഇതുവഴി സഞ്ചരിക്കുന്നത് റോഡ് തകരാനും ഇടയാക്കും. ഗ്രാമീണ റോഡ്, കുടിവെള്ള വിതരണം എന്നിവയെയും പ്രദേശത്തെ കാര്‍ഷിക മേഖലയെയും വീടുകളെയും അപകടപ്പെടുത്താന്‍ സാധ്യതയുള്ള കരിങ്കല്‍ ക്വാറി തുറന്നു പ്രവര്‍ത്തിക്കാനുള്ള നീക്കത്തില്‍നിന്ന് ഉടമകള്‍ പിന്തിരിയണമെന്ന് സി.പി.എം ചെറുപുഴ ലോക്കല്‍ സെക്രട്ടറി ആര്‍.കെ. പത്മനാഭന്‍ ആവശ്യപ്പെട്ടു.

Tags:    
News Summary - One more granite quarry in Cherupuzha-CPM opposed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.