കണ്ണൂർ: പൊട്ടും പൊടിയും ക്ലീനാക്കി കണ്ണൂരിനെ കളറാക്കാൻ ജനപ്രതിനിധികളും കളത്തിലിറങ്ങുന്നു. മാലിന്യ സംസ്കരണ മേഖലയിൽ നൂറു ശതമാനം ലക്ഷ്യം നേടാനാണ് ഹരിത കർമസേനയോടൊപ്പം ജില്ലയിലെ മുഴുവൻ ജനപ്രതിനിധികളും രംഗത്തിറങ്ങുന്നത്. ഇതു സംബന്ധിച്ച് ജില്ലാതല യോഗത്തിൽ തീരുമാനമായി.
വീടുകളിലെയും സ്ഥാപനങ്ങളിലെയും പാഴ് വസ്തുക്കൾ പൂർണമായും ശേഖരിച്ചു തരംതിരിക്കുന്നതിനും യൂസർഫീസ് ശേഖരിക്കുന്നതിനും ജില്ലയിൽ ഉടൻ പ്രചാരണം തുടങ്ങാനും ജില്ല പഞ്ചായത്ത് ഹാളിൽ ചേർന്ന ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻമാർ, പഞ്ചായത്ത് ഹരിത കർമസേന കൺസോർട്യം ഭാരവാഹികൾ എന്നിവരുടെ യോഗത്തിൽ തീരുമാനിച്ചു.
വൃത്തിയുള്ള കേരളം എന്ന ലക്ഷ്യവുമായി മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ പുതിയ ഘട്ടത്തിലേക്ക് കടക്കുമ്പോൾ ജനപ്രതിനിധികളും രംഗത്തിറങ്ങുന്നത് നേട്ടമാകും.
ഇതുവരെയുള്ള മാലിന്യ സംസ്കരണ മേഖലയിലെ വിവിധ കാമ്പയിനുകളെ സംയോജിപ്പിച്ച് ‘വലിച്ചെറിയൽ മുക്ത ജില്ല’ക്ക് കണ്ണൂരിൽ തുടക്കമിടുന്നുണ്ട്. ജനുവരി 26ന് പദ്ധതിക്കു ജില്ലയിൽ തുടക്കമാവും. പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള ഖരമാലിന്യങ്ങൾ വലിച്ചെറിയാതെ വിവിധ കർമസേനക്ക് കൈമാറുന്നതോടോപ്പം മാലിന്യക്കൂമ്പാരങ്ങൾ കണ്ടെത്തി അവ ജനകീയ സഹകരണത്തോടെ ഒഴിവാക്കാൻ വിപുലമായ പ്രവർത്തനങ്ങൾ നടത്തുന്ന കാമ്പയിനാണ് ലക്ഷ്യം.
ഹരിതകർമ സേനക്ക് യൂസർഫീസ് നൽകുന്നതിനെതിരെ നടന്ന പ്രചാരണമടക്കം മാലിന്യ സംസ്കരണ പരിപാടികൾക്കെതിരെയുള്ള ഇടപെടലുകൾ ഗൗരവത്തോടെയാണ് ജില്ല ഭരണകൂടം കാണുന്നത്. മുഖ്യമന്ത്രി തന്നെ ഇതിനെതിരെ പ്രതികരണവുമായി എത്തിയിരുന്നു.
ഈ അവസരത്തിലാണ് ഹരിത കർമസേനയോടൊപ്പം ജില്ലയിലെ മുഴുവൻ ജനപ്രതിനിധികളും രംഗത്തിറങ്ങുന്നത്. യുസർഫീസ് സംബന്ധിച്ച തുടർപ്രവർത്തനങ്ങൾക്കായ് ജനപ്രതിനിധികൾ ഹരിത കർമസേനയോടൊപ്പം വീടുകൾ സന്ദർശിക്കും. ഫീസ് സംബന്ധിച്ച് റസിഡൻഷ്യൻ അസോസിയേഷൻ ഭാരവാഹികൾ, വിവിധ സന്നദ്ധ സംഘടനകൾ എന്നിവരുടെ യോഗം വിളിച്ചു ചേർക്കാനും തീരുമാനിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു.
അഡീഷനൽ ഡെവലപ്മെന്റ് കമീഷണർ അബ്ദുൽ ജലീലിന്റെ അധ്യക്ഷത വഹിച്ചു.
യൂസർഫീസ് സംബന്ധിച്ച് പരാതികൾ പരിഹരിക്കാൻ വ്യാപാരി വ്യവസായ രംഗത്ത് പ്രവർത്തിക്കുന്നവരുടെ യോഗം വിളിച്ചു ചേർക്കുമെന്നും ഫീസ് നൽകാത്തവരുടെ പട്ടിക ഗ്രാമസഭയിൽ വായിക്കാൻ സംവിധാനമുണ്ടാക്കുമെന്നും പി.പി. ദിവ്യ പറഞ്ഞു.
കക്കൂസ് മാലിന്യം അലക്ഷ്യമായി തളളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പൊലീസിനോട് അഭ്യർഥിക്കും.
ഹരിത പെരുമാറ്റ ചട്ടം കർശനമായി നടപ്പിലാക്കാൻ യോഗം കർമപദ്ധതി തയാറാക്കി.
ശുചിത്വ മിഷൻ ജില്ല കോഓഡിനേറ്റർ കെ.എം. സുനിൽകുമാർ, അസി. കോഓഡിനേറ്റർ കെ.ആർ. അജയകുമാർ, ഹരിത കേരളം ജില്ല മിഷൻ കോഓഡിനേറ്റർ ഇ.കെ. സോമശേഖരൻ, തദ്ദേശ സ്വയംഭരണ വകുപ്പ് ജൂനിയർ സൂപ്രണ്ട് പി.കെ. ബിന്ദു, ക്ലീൻ കേരള കമ്പനി ജില്ല മാനേജർ ആശംസ് ഫിലിപ്, കുടുംബശീ പ്രോഗ്രാം മാനേജർ ആര്യ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.