കണ്ണൂർ: 13 ലക്ഷത്തിനടുത്ത് നികുതി അടക്കണമെന്ന് കാണിച്ച് കണ്ണൂർ കോർപറേഷൻ ജില്ല പഞ്ചായത്തിന് നോട്ടീസ് നൽകി. കണ്ണൂർ നഗരത്തിൽ പ്രവർത്തിക്കുന്ന ജില്ല പഞ്ചായത്ത് കെട്ടിടത്തിലെ വ്യാപാര സ്ഥാപനങ്ങളുടെ നികുതിയാണ് നോട്ടീസ് പ്രകാരം കോർപറേഷനിൽ ജില്ല പഞ്ചായത്ത് അടക്കേണ്ടത്. 12,87,288 രൂപ നികുതി അടച്ചില്ലെങ്കിൽ നിയമാനുസൃത നടപടികൾ സ്വീകരിക്കുമെന്ന് കോർപറേഷൻ സെക്രട്ടറി ജില്ല പഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയ നോട്ടീസിൽ പറയുന്നു.
ജില്ല പഞ്ചായത്ത് കെട്ടിടത്തിലെ അഞ്ചോളം മുറികളിൽ വിവിധ വാണിജ്യ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഈ ഇനത്തിൽ 2016 മുതൽ 2021 വരെയുള്ള നികുതി അടക്കാനാണ് നോട്ടീസിൽ പറയുന്നത്. ഇത്രയും മുറികളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ വസ്തു നികുതി, സേവന ഉപ നികുതി, സർചാർജ് എന്നിവയടക്കുള്ള നികുതിയാണ് ജില്ല പഞ്ചായത്ത് ഒടുക്കേണ്ടത്. 15 ദിവസത്തിനകം നികുതി ഒടുക്കേണ്ടതാണെന്നും അങ്ങനെയല്ലെങ്കിൽ കാരണം ബോധിപ്പിക്കേണ്ടതാണെന്നും നോട്ടീസിൽ പറയുന്നു. കാരണം ബോധ്യപ്പെട്ടില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും കോർപറേഷെൻറ നോട്ടീസിൽ പറയുന്നു. സി.പി.എം ഭരിക്കുന്ന കണ്ണൂര്‍ ജില്ല പഞ്ചായത്തും യു.ഡി.എഫ് ഭരിക്കുന്ന കണ്ണൂര്‍ കോര്‍പറേഷനും തമ്മിൽ സമീപ കാലത്ത് നിരവധി പ്രാദേശിക വിഷയങ്ങളിൽ തർക്കം ഉടലെടുത്തിരുന്നു. കണ്ണൂർ നഗരത്തിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ ദി പ്രിവൻഷൻ ഓഫ് ക്രുവൽറ്റി റ്റു ആനിമൽസ് ( എസ്.പി.സി.എ) കെട്ടിടം ഏറ്റെടുക്കുന്നത് സംബന്ധിച്ച് കോർപറേഷനും ജില്ല പഞ്ചായത്തും തമ്മിൽ രൂക്ഷമായ തർക്കത്തിലേർപ്പെട്ടിരുന്നു.
തുടർന്ന് ജില്ല പഞ്ചായത്ത് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കുടുംബശ്രീയുടെ കഫേ ശ്രീ ഹോട്ടലിൽ കോർപറേഷൻ ആരോഗ്യ വിഭാഗം പരിശോധന നടത്തി പിഴ ചുമത്തുകയും ചെയ്തു. ഇതിനു പിന്നാലെയാണ് കെട്ടിട നികുതി സംബന്ധിച്ച പുതിയ തർക്കങ്ങളിലേക്ക് ഇരു തദ്ദേശ സ്ഥാപനങ്ങളും നീങ്ങുന്നത്.
ജില്ല പഞ്ചായത്ത് ഓഫിസിന് നികുതി അടക്കണമെന്ന് കാണിച്ച് കോർപറേഷൻ നോട്ടീസ് നൽകിയിട്ടില്ലെന്ന് മേയർ അഡ്വ. ടി.ഒ. മോഹനൻ പറഞ്ഞു. ജില്ല പഞ്ചായത്ത് കെട്ടിടത്തിലെ ചില മുറികളിൽ വ്യാവസായിക അടിസ്ഥാനത്തിൽ ചില സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
ഇവരിൽനിന്ന് ജില്ല പഞ്ചായത്ത് പ്രതിമാസം നിശ്ചിത തുക വാടക ഈടാക്കുന്നുമുണ്ട്. ഈ ഇനത്തിൽ പ്രവർത്തിക്കുന്ന അഞ്ച് കെട്ടിടങ്ങൾക്ക് നിയമപരമായി നികുതി അടക്കാൻ അവർ ബാധ്യസ്ഥരാണ്. ഇതുപ്രകാരമാണ് നോട്ടീസ് നൽകിയത്.
റവന്യൂ വകുപ്പിെൻറ നിയമ നടപടി ക്രമത്തിെൻറ ഭാഗമായാണ് നോട്ടീസ് നൽകിയതെന്നും മേയർ അറിയിച്ചു.
ജില്ല പഞ്ചായത്തിന് കണ്ണൂർ കോർപറേഷൻ നോട്ടീസ് നൽകിയ നടപടി നിയമ വിരുദ്ധമാണെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ.
തദ്ദേശ സ്വയംഭരണ വകുപ്പ് 2007ൽ ഇറക്കിയ ഉത്തരവ് പ്രകാരം തദ്ദേശ സ്ഥാപന കെട്ടിടങ്ങളെ നികുതി അടക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഇതൊന്നും പഠിക്കാതെയുള്ള കോർപറേഷെൻറ നീക്കം ചട്ടവിരുദ്ധമാണ്. ഇതിനെതിരെ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാറിനെ സമീപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.