പാപ്പിനിശ്ശേരിയിൽ മാലിന്യം അലക്ഷ്യമായി വലിച്ചെറിഞ്ഞ നിലയിൽ
കണ്ണൂർ: ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് പാപ്പിനിശ്ശേരി പഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്കരണത്തിന് ഗ്രീൻകോ മാളിന് 10,000 രൂപയും എ.ആർ ടീ സ്റ്റാൾ, ഗ്രീൻ വില്ലാസ് ക്വാർട്ടേഴ്സ് എന്ന സ്ഥാപനങ്ങൾക്ക് 5,000 രൂപ വീതവും പിഴ ചുമത്തി. കരിക്കിൻകുളത്ത് സ്ഥിതി ചെയ്യുന്ന ഗ്രീൻകോ മാളിൽ പ്രവർത്തിച്ചുവരുന്ന ഹൈപ്പർ മാർക്കറ്റിൽനിന്നുള്ള കാലാവധി കഴിഞ്ഞ ഭക്ഷ്യ ഉൽപന്നങ്ങളും കോസ്മെറ്റിക് ഐറ്റംസും അടക്കമുള്ളവ മാളിന് പുറകിൽ അലക്ഷ്യമായി വലിച്ചെറിഞ്ഞതായി കണ്ടെത്തിയിരുന്നു.
മാളിൽ പ്രവർത്തിച്ചു വരുന്ന ഗ്രീൻകോ ലാബിൽനിന്നുള്ള ഇമേജ് വേസ്റ്റ് അടക്കമുള്ളവ പ്രദേശത്ത് കൂട്ടി ഇട്ടതിനും കത്തിച്ചതിനും ഭക്ഷണാവശിഷ്ടങ്ങൾ പല ഇടങ്ങളിലായി വലിച്ചെറിഞ്ഞതിനുമാണ് സ്ക്വാഡ് മാളിന് 10000 രൂപ പിഴ ചുമത്തിയത്. എ.ആർ ടീ സ്റ്റാളിൽനിന്നുള്ള മലിന ജലം പൈപ്പ് വഴി പൊതു ഓടയിലേക്ക് ഒഴുക്കി വിട്ടതിനു സ്ക്വാഡ് 5000 രൂപയും പിഴ ചുമത്തി.
ഗ്രീൻ വില്ലാസ് ക്വാർട്ടേഴ്സിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റു ജൈവ-അജൈവ മാലിന്യങ്ങളും കൂട്ടി ഇട്ട് കത്തിച്ചതിന് ക്വാർട്ടേഴ്സിനും സ്ക്വാഡ് 5000 രൂപ പിഴ ചുമത്തി. പരിശോധനയിൽ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ പി.പി. അഷറഫ്, സ്ക്വാഡ് അംഗം അലൻ ബേബി, സി.കെ. ദിബിൽ, പാപ്പിനിശ്ശേരി പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ കെ.വി. സുമിൽ തുടങ്ങിയവർ പങ്കെടുത്തു.
കണ്ണൂർ: തളാപ്പിലെ ഷോപ്പിങ് കോംപ്ലക്സിന് മുകളിൽ സ്ഥിരമായി പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം കത്തിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് തദ്ദേശ വകുപ്പിന്റെ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് കെട്ടിട ഉടമക്ക് പതിനായിരം രൂപ പിഴ ചുമത്തി. മദീന കോംപ്ലക്സിലെ ടെറസിന് മുകളിൽ കല്ലും അലൂമിനിയം ഷീറ്റും കൊണ്ട് കെട്ടിയുണ്ടാക്കിയ പ്രത്യേക നിർമിതിയിലാണ് മാലിന്യങ്ങൾ കത്തിച്ചിരുന്നത്.
തളാപ്പിലെ ഷോപ്പിങ് കോംപ്ലക്സിന് മുകളിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം കത്തിച്ച നിലയിൽ
കൂടാതെ സ്റ്റെയർ കേസിന് സമീപം മാലിന്യം കൂട്ടിയിട്ടതായും സ്ക്വാഡ് പരിശോധനയിൽ കണ്ടെത്തി. കെട്ടിട ഉടമക്ക് പിഴ ചുമത്തി തുടർനടപടികൾ സ്വീകരിക്കാനും ഷോപ്പിങ് കോംപ്ലക്സിലെ സ്ഥാപനങ്ങൾ അജൈവ മാലിന്യങ്ങൾ ഹരിത കർമസേനക്ക് കൈമാറുന്നുണ്ടെന്ന് ഉറപ്പാക്കാനും സ്ക്വാഡ് കോർപറേഷന് നിർദേശം നൽകി. എം. ലജിയുടെ നേതൃത്വത്തിലുള്ള സ്ക്വാഡാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.