കണ്ണൂർ: കോവിഡ് നിയന്ത്രണം സംബന്ധിച്ച പുതുക്കിയ മാനദണ്ഡ പ്രകാരം ജനുവരി 23 മുതൽ ജില്ലയെ എ വിഭാഗത്തിൽ ഉൾപ്പെടുത്തി നിയന്ത്രണങ്ങൾ കർശനമാക്കി. ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ കലക്ടർ എസ്. ചന്ദ്രശേഖർ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.
ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്ന രോഗികളുടെ എണ്ണം അടിസ്ഥാനമാക്കി ജില്ല എ വിഭാഗത്തിൽ ഉൾപ്പെടുന്നതായുള്ള ജില്ല മെഡിക്കൽ ഓഫിസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
നിലവിലെ കോവിഡ് സാഹചര്യത്തിൽ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കണക്കാക്കി ജില്ല അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ആരോഗ്യവകുപ്പ് ജില്ല ദുരന്തനിവാരണ അതോറിറ്റികൾക്ക് നൽകുന്നുണ്ട്.
കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ജനുവരി 24 മുതൽ കോവിഡ് രോഗികളുടെ പ്രവേശനം ജില്ല കൺട്രോൾ റൂം മുഖേന മാത്രമായിരിക്കും. സി വിഭാഗം കോവിഡ് രോഗികളെ മാത്രമെ ഇങ്ങനെ പ്രവേശിപ്പിക്കുകയുള്ളൂ. രോഗികളുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിൽ സി വിഭാഗത്തിൽ വരുന്ന രോഗികൾക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിനു ജില്ല ദുരന്ത നിവാരണ സമിതി യോഗ തീരുമാന പ്രകാരമാണ് ആശുപത്രിയിലെ നിയന്ത്രണം.
പുതിയ ഉത്തരവ് പ്രകാരം എല്ലാ രാഷ്ട്രീയ, സാമൂഹ്യ, സംസ്കാരിക, സമുദായിക പൊതുപരിപാടികളിലും ഉത്സവങ്ങളിലും മതപരമായ ചടങ്ങുകളിലും വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയിലും പരമാവധി 50 പേരിൽ കൂടുതൽ പങ്കെടുക്കുവാൻ പാടുള്ളതല്ല.
ഈ നിയന്ത്രണങ്ങൾ 23 മുതൽ ജനവരി 30 വരെയോ മറ്റൊരു ഉത്തരവ് ഉണ്ടാവുന്നത് വരെയോ നിലവിൽ ഉണ്ടായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.