കണ്ണൂർ: കോവിഡ് രോഗവ്യാപനത്തിൽ ഇതുവരെയില്ലാത്ത ഗുരുതര സാഹചര്യത്തിലൂടെയാണ് കണ്ണൂർ കടന്നുപോകുന്നത്. ഒരാഴ്ചക്കിടെ കോവിഡ് രോഗികളുടെ എണ്ണം ആദ്യമായി ആയിരം കടന്നു. സെപ്റ്റംബർ ഒന്ന് മുതൽ ഏഴുവരെ 1090 പേരാണ് വൈറസ് ബാധിതരായത്.
തുടർച്ചയായ മൂന്ന് ദിവസമായി ഇരുന്നൂറിന് മുകളിലാണ് രോഗികൾ. കേസുകളുടെ എണ്ണം ഇനിയും കൂടുമെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്. സംസ്ഥാനത്ത് തിങ്കളാഴ്ച ഏറ്റവും കൂടുതൽ കേസുകൾ ജില്ലയിൽ റിേപ്പാർട്ട് ചെയ്തത് ഗൗരവത്തോടെയാണ് ജില്ല ഭരണകൂടം കാണുന്നത്. സമ്പർക്കം വഴിയുള്ള കേസുകൾ വർധിക്കുന്നത് ആശങ്ക ഇരട്ടിപ്പിക്കുന്നുണ്ട്.
ഒരാഴ്ചക്കിടെ 895 പേർക്കാണ് സമ്പർക്കം വഴി കോവിഡ് ബാധിച്ചത്. ശരാശരി 82 ശതമാനത്തിന് മുകളിലാണ് സമ്പർക്കക്കേസുകൾ. നാലുദിവസമായി സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ആരോഗ്യ പ്രവർത്തകർ രോഗബാധിതരായതും ജില്ലയിലാണെന്നത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വെല്ലുവിളിയാകുന്നുണ്ട്.
ഒരാഴ്ചക്കിടെ കോവിഡ് ബാധിച്ച ആരോഗ്യ പ്രവർത്തകരുടെ എണ്ണം 98 ആയി. കോവിഡ് ഭീതിയിൽ എൻ.എച്ച്.എം വഴിയുള്ള നിയമനങ്ങൾക്ക് ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും തയാറാകാത്ത സാഹചര്യവും ജില്ലയിലുണ്ട്. കൂടുതൽ ആരോഗ്യ പ്രവർത്തകർക്ക് രോഗബാധയുണ്ടാകുന്ന സാഹചര്യമുണ്ടായാൽ പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കുമോയെന്ന ആശങ്കയുമുയരുന്നുണ്ട്.
കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാത്തതിനാലാണ് സമ്പർക്കബാധ വർധിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. കണ്ണൂരിലെയും തലശ്ശേരിയിലെയും തീരദേശ മേഖലകളിലടക്കം സമ്പർക്ക കേസുകൾ വർധിക്കുകയാണ്. പോസിറ്റിവ് കേസുകൾ വർധിച്ചതോടെ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കാനുള്ള ഒരുക്കത്തിലാണ് ജില്ല ഭരണകൂടം. ആദ്യഘട്ടങ്ങളിൽ പുലർത്തിയിരുന്ന ശ്രദ്ധയും കരുതലും ആളുകൾ ഇപ്പോൾ പാലിക്കാത്തതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും പുറത്തിറങ്ങുേമ്പാഴും മറ്റുള്ളവരുമായി ഇടപഴകുേമ്പാഴും സുരക്ഷ മുൻകരുതലുകൾ പാലിക്കണമെന്നും ഡി.എം.ഒ ഡോ. നാരായണ നായ്ക് 'മാധ്യമ'ത്തോട് പറഞ്ഞു. അതേസമയം, ഒരാഴ്ചക്കിടെ 685 പേരാണ് രോഗമുക്തി നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.