കണ്ണൂര്‍: കോവിഡ് രോഗികളുടെ എണ്ണം കുതിക്കുന്നത് ആശങ്ക വർധിപ്പിക്കുന്നു. ഈ മാസം 28,736 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഓണത്തിന് ശേഷം കണക്കുകൾ വർധിക്കുമെന്ന ആരോഗ്യവകുപ്പിെൻറ അനുമാനം ശരിവെക്കുന്ന തരത്തിലാണ് കണക്കുകൾ. ബുധനാഴ്ച ജില്ലയിൽ രോഗികളുടെ എണ്ണം ഇരട്ടിയോളം വർധിച്ചു.
1930 പേരാണ് പുതുതായി രോഗബാധിതരായത്. രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ ജില്ലയിലെ ആശുപത്രികളും നിറയുകയാണ്. നേരത്തെ കോവിഡ് സ്ഥിരീകരിക്കുന്നവരിൽ 75 ശതമാനവും കിടത്തിചികിത്സ ആവശ്യമായിരുന്നവരായിരുന്നെങ്കിൽ നിലവിൽ പകുതിയിൽ താഴെ പേർക്ക് മാത്രമേ ആശുപത്രിവാസം ആവശ്യമായിവരുന്നുള്ളൂ. എന്നാൽ, ഇതിൽ 90 ശതമാനം പേർക്കും ഓക്സിജൻ, ഐ.സി.യു, വെൻറിലേറ്റർ സൗകര്യം ആവശ്യമായവരാണ്. നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരിൽ എല്ലാവർക്കും കാര്യമായ പരിചരണം വേണ്ടിവരുന്നുണ്ട്. കോവിഡ്, കോവിഡേതര ചികിത്സക്കായി ജില്ലയിൽ 75 ആശുപത്രികളാണുള്ളത്. സി.എഫ്.എൽ.ടി.സി, സി.എസ്.എൽ.ടി.സി, കോവിഡ് ആശുപത്രികളും സർക്കാർ, സ്വകാര്യ മേഖലയിലെ ചികിത്സാകേന്ദ്രങ്ങളും അടക്കമുള്ള കണക്കാണിത്. 553 ഐ.സി.യു അടക്കം 5812 കിടക്കകളാണ് ജില്ലയിലുള്ളത്. ആരോഗ്യവകുപ്പിെൻറ ബുധനാഴ്ചത്തെ കണക്കുപ്രകാരം ഇതിൽ 43.7 ശതമാനം ഒഴിവുണ്ട്. 23 ശതമാനം ഐ.സി.യു മാത്രമാണ് ഒഴിവുള്ളത്. ഇതിൽ മിക്കവയും ഉപയോഗിക്കാനാവാത്തതാണ്. കോവിഡ് ചികിത്സക്കായി 213 ഐ.സി.യു കിടക്കകളാണ് മാറ്റിവെച്ചിട്ടുള്ളത്. ഇതിൽ 49 എണ്ണമാണ് ഒഴിവുള്ളത്.
സാധാരണക്കാർ ഏറെ ആശ്രയിക്കുന്ന സർക്കാർ ആശുപത്രികളിൽ ഒട്ടുമിക്ക കിടക്കകളും നിറഞ്ഞിരിക്കുകയാണ്. ജില്ല ആശുപത്രിയിൽ 23 ഐ.സി.യുകളിൽ ഒന്നുപോലും ഒഴിവില്ല. തലശ്ശേരി ജനറൽ ആശുപത്രിയിൽ 17ൽ മൂന്നും കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ 210ൽ 25 ഐ.സി.യു കിടക്കകളും മാത്രമാണ് ഒഴിവുള്ളത്. ജില്ലയിലെ പ്രധാന സ്വകാര്യ ആശുപത്രികളിലും ഐ.സി.യു കിടക്കകൾക്ക് ക്ഷാമമുണ്ട്. കോവിഡും ഇതരരോഗങ്ങളും ബാധിച്ച് ഗുരുതരാവസ്ഥയിലാവുന്ന രോഗികളെ പ്രവേശിപ്പിക്കാനായി ഐ.സി.യു അന്വേഷിച്ച് പായുന്ന ബന്ധുക്കളുടെ അവസ്ഥ ദയനീയമാണ്. രോഗികളെ മാറ്റാനാവശ്യമായ ആംബുലൻസുകളും ആവശ്യത്തിന് ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. കോവിഡ് കണക്കുകൾ ഉയരുകയാണെങ്കിൽ സ്ഥിതി ഗുരുതരമാകാനിടയുണ്ട്. ഓക്സിജൻ അടക്കം ചികിത്സാസൗകര്യങ്ങൾ വർധിപ്പിക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. പകുതിയിലധികം പേർക്ക് വാക്സിനേഷൻ നൽകിയതിനാൽ ആശുപത്രി പ്രേവശനം കുറവാണെന്നാണ് കണ്ടെത്തൽ.
1,930 രോഗികൾ; മൂന്നു മാസത്തിനിടെ ഉയർന്ന നിരക്ക്
കണ്ണൂർ: മൂന്നുമാസത്തിനിടയിലെ ഏറ്റവും ഉയർന്ന കോവിഡ് കണക്കാണ് ജില്ലയിൽ ബുധനാഴ്ച റിപ്പോർട്ട് ചെയ്തത്. പുതുതായി 1,930 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെ 1,888 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒമ്പത് പേർക്കും 33 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗ സ്ഥിരീകരണ നിരക്ക് ഉയർന്ന് 17.70 ശതമാനമായി.
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത പോസിറ്റിവ് കേസുകള്‍ 2,16,464 ആയി. ഇവരില്‍ 1,238 പേര് ബുധനാഴ്ച രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 2,05,954 ആയി. 1,238 പേര് കോവിഡ് മൂലം മരിച്ചു. 6,694 പേര് ചികിത്സയിലാണ്. നിലവിലുള്ള പോസിറ്റിവ് കേസുകളില്‍ പേര് 5,691 വീടുകളിലും ബാക്കി 1,003 പേര് വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്. കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 30,945 പേരാണ്. ഇതില്‍ 29,997 പേര് വീടുകളിലും 948 പേര് ആശുപത്രികളിലുമാണ്. ഇതുവരെ 17,08,308 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചതില്‍ 17,07,630 എണ്ണത്തിെൻറ ഫലം വന്നു. 678 എണ്ണത്തിെൻറ ഫലം ലഭിക്കാനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.