തലശ്ശേരി: കോവിഡ് കാലമാണ്. ജനങ്ങളിൽ ഭീതി ഏറക്കുറെ കുറഞ്ഞിട്ടുണ്ട്. എന്നാൽ, തലശ്ശേരി ബസ് സ്റ്റാൻഡിലെത്തിയാൽ സംഗതിയാകെ മാറും. ഒന്നിനും ഒരു നിയന്ത്രണമില്ല. പരസ്യമായി പുകവലിക്കുന്നവർ, എല്ലിൻകൂടുപോലെയുള്ള ഇരിപ്പിടങ്ങളിൽ കൂർക്കംവലിച്ച് കിടന്നുറങ്ങുന്നവർ, മുറുക്കി തുപ്പുന്നവർ, സംസാരിച്ച് അന്യോന്യം കലഹിക്കുന്നവർ... ഇതൊക്കെ കാണുേമ്പാൾ ബസ് കയറാൻ മാന്യമായി സ്റ്റാൻഡിലെത്തുന്നവർ അന്ധാളിച്ചുനിൽക്കുകയാണ്.
കോവിഡ് മാനദണ്ഡങ്ങളെല്ലാം കാറ്റിൽപറത്തി സാമൂഹിക വിരുദ്ധരും യാചകരും അടക്കിവാഴുന്ന കാഴ്ചയാണ് സ്റ്റാൻഡിൽ ദൃശ്യമാകുന്നത്. സ്റ്റാൻഡിലെ പാസഞ്ചർ ലോബി കടലാസ് തുണ്ടുകളും ചപ്പുചവറുകളും നിറഞ്ഞ് വൃത്തിഹീനമായി കിടക്കുന്നു. ശുചീകരണം പേരിലൊതുങ്ങുകയാണ് ഇവിടെ.
ആയിരക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്നതാണ് ബസ്സ്റ്റാൻഡ്. നിരവധി വ്യാപാരസ്ഥാപനങ്ങൾ ഉള്ളതാണ് കെട്ടിടം. വ്യാപാരസ്ഥാപനങ്ങളിൽനിന്നുള്ള വാടകയും ബസുകളിൽനിന്നുള്ള സ്റ്റാൻഡ് ഫീസും ഉൾപ്പെടെ നഗരസഭക്ക് വലിയ വരുമാനമുണ്ട്. എന്നാൽ, കെട്ടിടവും സ്റ്റാൻഡും പരിപാലിക്കുന്നതിൽ അധികൃതർ വേണ്ടത്ര ശ്രദ്ധപുലർത്തുന്നില്ല. കോവിഡിന് മുമ്പാണ് പാസഞ്ചർ ലോബി നവീകരിച്ചത്. പാസഞ്ചർ ലോബിയിൽ കെട്ടിടത്തിെൻറ സീലിങ് അടർന്നുവീഴുന്ന സാഹചര്യമുണ്ടായപ്പോഴാണ് അറ്റകുറ്റപ്പണികൾ നടത്തി ഇവിടെ മോടികൂട്ടിയത്. യാത്രക്കാർക്ക് വിശ്രമിക്കാൻ ഇരിപ്പിടങ്ങളും വാർത്തകൾ അറിയാൻ ടെലിവിഷൻ സൗകര്യവുമൊക്കെ സജ്ജീകരിച്ചിരുന്നു. യാത്രക്കാർക്ക് കുറച്ചുകാലം ഇതൊക്കെ നന്നായി ഉപകരിച്ചു. ഇപ്പോൾ നാഥനില്ലാത്ത അവസ്ഥയിലാണ് പാസഞ്ചർ ലോബിയുടെ കിടപ്പ്. രാത്രി 10 കഴിഞ്ഞാൽ ഭീതിജനകമായ അന്തരീക്ഷമാണിവിടെ. പരിസരത്തെ വിളക്കുകൾ കൃത്യമായി പ്രകാശിക്കുന്നില്ലെന്നാണ് യാത്രക്കാരുടെ പരിഭവം.
സ്റ്റാൻഡിനകത്ത് 100 പേർക്ക് ഇരിക്കാനുള്ള കസേരകളാണ് നവീകരണസമയത്ത് സ്ഥാപിച്ചത്. നാലെണ്ണം വീതം ഒരുമിച്ച് ഘടിപ്പിച്ച 24 സെറ്റ് കസേരകൾ. കസേരകളിൽ ഭൂരിഭാഗവും തുരുെമ്പടുത്ത് നശിച്ചു.
സ്ഥാപിച്ച ഘട്ടത്തിലുള്ള പകുതി കസേരകൾ പോലും ഇന്നിവിടെ കാണാനില്ല. ചിലതൊക്കെ ആരൊക്കെയോ ഇളക്കിയെടുത്ത നിലയിലാണ്. എല്ലിൻകൂടുപോലെയാണ് ഇരിപ്പിടത്തിെൻറ അവസ്ഥ. സ്റ്റാൻഡിൽ തിരക്കുള്ള സമയങ്ങളിൽ കസേരകളുടെ ഇളകിദ്രവിച്ച കാലുകളിൽ തട്ടി യാത്രക്കാർ തെന്നിവീഴുന്നത് പതിവാണെന്ന് ഇവിടെയുളള വ്യാപാരികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.