കണ്ണൂർ: കലക്ടർ ടി.വി. സുഭാഷും ജില്ല പൊലീസ് ചീഫ് യതീഷ് ചന്ദ്രയും അഭ്യർഥിക്കുകയാണ്.... ജനങ്ങളോട് -കൂടുതൽ ജാഗ്രതയും സ്വയം നിയന്ത്രണവും പുലർത്തണമെന്ന്. കോവിഡ് വ്യാപന നിയന്ത്രണം തകർത്ത് മുന്നേറുന്ന സാഹചര്യത്തിലാണ് ഇരുവരും സംയുക്ത പ്രസ്താവനയിൽ അഭ്യർഥന നടത്തിയത്.
ജില്ലയിൽ കോവിഡ് രോഗവ്യാപനം തീവ്രമാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ കൂടുതൽ ജാഗ്രതയും ഉത്തരവാദിത്തവും പുലർത്തണമെന്നാണ് കലക്ടറുടെയും ജില്ല പൊലീസ് മേധാവിയുടെയും അഭ്യർഥന. ജില്ല ദുരന്ത നിവാരണ അതോറിറ്റി യോഗ തീരുമാനപ്രകാരമാണ് സംയുക്ത പ്രസ്താവന.
അണ്‍ലോക് പ്രക്രിയ ആരംഭിച്ചതിനാൽ രാജ്യമാകെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തിയിട്ടുണ്ട്. സാധാരണ മനുഷ്യരുടെ ദൈനംദിന ജീവിതം തടസ്സപ്പെടാതിരിക്കണം എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഇത് ചെയ്തത്. എന്നാൽ, സമ്പർക്ക രോഗ വ്യാപനം വർധിച്ചു വരുന്നതായാണ് കണക്കുകൾ കാണിക്കുന്നത്. ജില്ലയിൽ ശക്തമായ പ്രതിരോധ നടപടികളിലൂടെ ഇതുവരെ രോഗ വ്യാപനം ഒരു പരിധി വരെ നിയന്ത്രിച്ചു നിർത്താൻ കഴിഞ്ഞിട്ടുണ്ട്. തുടർന്നും ഈ ജാഗ്രത ഉണ്ടാവേണ്ടതുണ്ട്.
രോഗം വരാതിരിക്കാനുള്ള കരുതൽ ഓരോരുത്തരും കാണിക്കേണ്ട ഘട്ടമാണിത്. സ്വയം നിയന്ത്രണം പാലിക്കുകയാണ് ഇതിൽ പ്രധാനം. അവശ്യം ആവശ്യമുള്ള കാര്യങ്ങൾക്കു മാത്രമേ വീടുകളിൽനിന്ന് പുറത്ത് പോകാവൂ. അങ്ങനെ പോകുമ്പോൾ ജനക്കൂട്ടങ്ങളിൽനിന്ന് കഴിയാവുന്നതും ഒഴിഞ്ഞു നിൽക്കാൻ ശ്രദ്ധിക്കണം.
എപ്പോഴും കോവിഡ് പ്രോട്ടോകോൾ നിർബന്ധമായും പാലിക്കണം. കടകൾ, വ്യാപാര സ്ഥാപനങ്ങൾ, മറ്റു സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പലയിടത്തും കോവിഡ് പ്രോട്ടോകോൾ പാലിക്കാത്തതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും അനുവദിക്കില്ല. കർശന നടപടിതന്നെ പൊലീസിെൻറ ഭാഗത്തുനിന്ന് ഉണ്ടാകും. അതിനാൽ ഓരോ
സ്ഥാപനത്തിലും കോവിഡ് പ്രോട്ടോകോൾ അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്ന് ഉറപ്പാക്കാൻ ബന്ധപ്പെട്ടവർ നടപടി കൈക്കൊള്ളണം. തദ്ദേശ സ്ഥാപനങ്ങൾ ഇക്കാര്യത്തിൽ കർശന നിരീക്ഷണം പുലർത്തുകയും ആവശ്യമായ ഇടപെടൽ നടത്തുകയും വേണം. കോവിഡ് വ്യാപനത്തിന് സാധ്യതയുള്ള ചടങ്ങുകൾ മറ്റു പരിപാടികൾ എന്നിവയിൽനിന്ന് ഒഴിഞ്ഞു നിൽക്കാനും കോവിഡ് പ്രോട്ടോകോൾ പൂർണ അർഥത്തിൽ പാലിക്കാനും എല്ലാ വിഭാഗം ആളുകളും തയാറാവണം. രാഷ്ട്രീയ-സാമൂഹിക സംഘടന നേതാക്കൾ ഇക്കാര്യത്തിൽ ജനങ്ങളെ ബോധവത്കരിക്കാൻ മുന്നോട്ടു വരണമെന്നും ഇരുവരും പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.