കണ്ണൂർ: രാവും പകലും വ്യത്യാസമില്ലാതെ നഗരത്തിൽ ക്രിമിനൽ സംഘങ്ങൾ വിലസുന്നു. കണ്ണൂരിന്റെ ഹൃദയഭാഗമായ പഴയ സ്റ്റാൻഡിൽ സ്റ്റേഡിയം പരിസരത്ത് മോഷണശ്രമം തടയുന്നതിനിടെ ലോറി ഡ്രൈവർ കണിച്ചാര്‍ പൂളക്കുറ്റി സ്വദേശി വി.ഡി. ജിന്റോ (39) കൊല്ലപ്പെട്ട വാർത്ത ഞെട്ടലോടെയാണ് നാടറിഞ്ഞത്.
സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത പ്രതികൾ കുറ്റ്യാടി സ്വദേശി അൽത്താഫും കതിരൂർ വേറ്റുമ്മൽ സ്വദേശി ഷബീറും സ്ഥിരം കുറ്റവാളികളാണ്. എട്ടിലധികം കേസുകളിൽ പ്രതിയായ അൽത്താഫ് നാലുമാസം മുമ്പാണ് കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് ഇറങ്ങിയത്. ഞായറാഴ്ച കണ്ണൂരിലെത്തിയ പ്രതികൾ പിടിച്ചുപറി ആസൂത്രണം ചെയ്താണ് സ്റ്റേഡിയത്തിന് സമീപം നിർത്തിയിട്ട ലോറിയിലെത്തിയത്.
വാതിൽ തുറന്ന് കവർച്ച നടത്തുന്നതിനിടെ പ്രതിരോധിച്ച ജിന്റോയെ കാലിൽ കത്തികൊണ്ട് കുത്തി വീഴ്ത്തുകയായിരുന്നു. രാത്രിയിൽ നഗരം ക്രിമിനലുകളുടെ പിടിയിലാണെന്ന ആരോപണം ശക്തമാവുകയാണ്. റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട കണ്ണൂർ -ആലപ്പുഴ എക്സിക്യൂട്ടിവ് എക്സ്പ്രസിന്റെ കോച്ച് കത്തിച്ചത് ജൂൺ ഒന്നിന് പുലർച്ചയാണ്.
വിവിധ കേസുകളിൽ പ്രതികളായ ക്രിമിനലുകൾ രാത്രി സംഘടിച്ചെത്തി മോഷണവും പിടിച്ചുപറിയും അടക്കമുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയാണ്. പൊലീസ് പരിശോധന കാര്യക്ഷമമല്ലെന്ന് പരാതിയുണ്ട്. നാല് മാസത്തിനിടെ യാത്രക്കാരെയും വ്യാപാരികളെയും ആക്രമിക്കുകയും മോഷണം നടത്തുകയും ചെയ്ത നിരവധി സംഭവങ്ങളുണ്ടായി.
കണ്ണൂർ നഗരത്തിലെ വ്യവസായിയും ബിൽഡറുമായ ഉമ്മർക്കുട്ടിയെ ഓഫിസിൽ കയറി മുളക് പൊടി കണ്ണിലെറിഞ്ഞ് ആക്രമിച്ച് ഫോൺ കവർന്നത് ഈ മാസം ആറിനാണ്.
തമിഴനാട് പൊള്ളാച്ചി മഹാലിംഗപുരത്ത് കൊലപാതക കേസിൽ പ്രതികളായ ദമ്പതികളെ കണ്ണൂർ നഗരത്തിൽവെച്ച് പിടികൂടിയത് ഈ മാസം നാലിന്. സദാചാര പൊലീസ് ചമഞ്ഞും ഭീഷണിപ്പെടുത്തിയും ഫോണും പണവും കൈക്കലാക്കുന്ന സംഘവും സജീവമാണ്. കണ്ണൂർ പള്ളിക്കുന്നിൽ സദാചാര പൊലീസ് ചമഞ്ഞ ക്രിമിനൽ സംഘം അറസ്റ്റിലായത് കഴിഞ്ഞമാസമാണ്.
നഗരത്തിൽ തെരുവുവിളക്കുകൾ ഇല്ലാത്ത മേഖലകൾ കേന്ദ്രീകരിച്ചാണ് ക്രിമിനൽ സംഘത്തിന്റെ പ്രവർത്തനം. മയക്കുമരുന്ന് മാഫിയയും സജീവമാണ്. എതിർക്കുന്നവരെയും ചോദ്യം ചെയ്യുന്നവരെയും അക്രമിക്കുന്നതാണ് രീതി. കഴിഞ്ഞവർഷം കണ്ണൂരില്‍ ഹോട്ടല്‍ ഉടമ കുത്തേറ്റ് മരിച്ചതിൽ അറസ്റ്റിലായത് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുള്ളവരാണ്.
നിരവധി കേസുകളിൽ പ്രതികളായവരും ശിക്ഷ അനുഭവിച്ചവരുമാണ് ക്രിമിനൽ, മയക്കുമരുന്ന് സംഘങ്ങളെ നയിക്കുന്നത്. ലോറി ഡ്രൈവർ ജിന്റോയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായവർ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ വധശ്രമം, മോഷണം അടക്കം വിവിധ കേസുകളിൽ പ്രതികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.