കണ്ണൂർ: പുറമെ ശാന്തമെന്ന് തോന്നിക്കുമെങ്കിലും ശക്തമായ അടിയൊഴുക്കിൽ കടലിൽ മരണം പതിയിരിക്കുന്നുണ്ട്. അശ്രദ്ധമായി കടലിൽ ഇറങ്ങുന്നവരാണ് അപകടത്തിൽപെടുന്നത്. അഴീക്കോട് ചാൽബീച്ചിന് സമീപം കള്ളക്കടപ്പുറത്ത് സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കുന്നതിനിടെ ഞായറാഴ്ച രാവിലെ യുവാവ് മുങ്ങിമരിച്ചതാണ് ഒടുവിലത്തെ സംഭവം. മുണ്ടേരി ഏച്ചൂർ കോട്ടം റോഡ് ബൈത്തുൽ ഫത്താഹിൽ മുനീസാണ് (24) മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ അയൽവാസിയും സുഹൃത്തുമായ തൈസൽ ചാലയിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്. മീൻപിടുത്തക്കാർ പോലും ഇറങ്ങാൻ ഭയപ്പെടുന്ന ഭാഗമാണ് കള്ളക്കടപ്പുറം. നിരവധി യുവാക്കളും വിദ്യാർഥികളുമാണ് ഇവിടെ ഫുട്ബാൾ കളിക്കാനും കടലിൽ ഇറങ്ങാനുമായി എത്തുന്നത്.
വിശാലമായ തീരമായതിനാൽ ഫുട്ബാൾ കളിക്കാനായി കണ്ണൂരിൽനിന്നും പരിസരപ്രദേശങ്ങളിൽനിന്നും യുവാക്കൾ എത്താറുണ്ട്. മുനീസും തൈസലും കളികഴിഞ്ഞശേഷം ദേഹശുദ്ധി വരുത്താനിറങ്ങിയപ്പോൾ മുങ്ങിപ്പോയതായാണ് വിവരം. അപകടവിവരം ഫോണിലൂടെ അറിഞ്ഞ അഴീക്കോട് പഞ്ചായത്തംഗം ഹൈമ ചാൽബീച്ചിലെ ലൈഫ്ഗാർഡിനെയും കോസ്റ്റൽ പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.
ലൈഫ്ഗാർഡുമാരെത്തി ഇരുവരെയും രക്ഷിക്കുകയായിരുന്നു. മുനീസ് അൽപദൂരം ഉള്ളിലേക്ക് ഒഴുകിയിരുന്നു. മണലിൽ പുതഞ്ഞ നിലയിലായിരുന്നു രണ്ടുപേരും. പ്രഥമശുശ്രൂഷ നൽകിയശേഷം ഇരുവരെയും കാറിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മുനീസ് മരിച്ചു. സാമൂഹ്യപ്രവർത്തകനും കാഞ്ഞിരോട് തണൽ വളന്റിയറും യൂത്ത് ലീഗ് പ്രവർത്തകനുമായ മുനീസിന്റെ മരണത്തിന്റെ ഞെട്ടലിലാണ് നാട്.
ചാൽബീച്ചിനും മീൻകുന്നിനും ഇടയിൽ കള്ളക്കടപ്പുറം ഉൾപ്പെടുന്ന ഭാഗത്ത് നിരവധി പേരാണ് കൂട്ടമായെത്തുന്നത്. ചാലിൽനിന്ന് ഒരുകിലോമീറ്റർ അകലെയായതിനാൽ ലൈഫ് ഗാർഡുമാരുടെ ശ്രദ്ധ പതിയാറില്ല. അടിയൊഴുക്ക് ശക്തമായ ഇവിടെ കടലിൽ ഇറങ്ങരുതെന്ന് നാട്ടുകാർ പറഞ്ഞാലും പലരും മുന്നറിയിപ്പ് അവഗണിക്കുകയാണ്. ഞായറാഴ്ചകളിലും മറ്റ് അവധി ദിവസങ്ങളിലും വിവിധ പ്രദേശങ്ങളിൽനിന്നായി നിരവധി വിദ്യാർഥികളും യുവാക്കളുമാണ് കടൽക്കരയിലെത്തുന്നത്.
വീതിയുള്ള തീരമായതിനാൽ ഫുട്ബാൾ കളി പതിവാണ്. കളി കഴിഞ്ഞശേഷം ക്ഷീണത്തിൽ കടലിൽ ഇറങ്ങുന്നവരാണ് അപകടത്തിൽപെടുന്നതിൽ ഏറെയും. നീന്തൽ അറിയുന്നവരാണെങ്കിൽ പോലും കൈകാലുകൾ തളരുന്നതിനാൽ വെള്ളത്തിൽമുങ്ങിപ്പോകുമെന്ന് രക്ഷാപ്രവർത്തനത്തിനെത്തിയ ലൈഫ് ഗാർഡ് അഖിൽ പറയുന്നു.
പരിസരത്ത് വീടുകൾ ഇല്ലാത്തതിനാൽ രക്ഷാപ്രവർത്തനം വേഗത്തിലാവില്ല. നേരത്തെയും ഈ ഭാഗത്ത് കുട്ടികൾ അപകടത്തിൽപെട്ട് മരിച്ചിട്ടുണ്ട്. കടലിൽ ഇറങ്ങി ശീലമുള്ളവർക്ക് പോലും കള്ളക്കടപ്പുറത്ത് അടിതെറ്റും. ഞായറാഴ്ച രാവിലെ യുവാക്കൾഅപകടത്തിൽപെട്ടതിന് ശേഷം 20 പേരടങ്ങുന്ന വിദ്യാർഥികളുടെ സംഘം കള്ളക്കടപ്പുറത്ത് എത്തിയിരുന്നു. നാട്ടുകാർ മടങ്ങിപ്പോവാൻ ആവശ്യപ്പെട്ടിട്ടും തയ്യാറായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.