കണ്ണൂർ: ജില്ല ആശുപത്രിയെ സൂപ്പര്‍ സ്പെഷാലിറ്റി തലത്തിലേക്ക് ഉയര്‍ത്തുന്നതിന്‍റെ ഭാഗമായി ഒരുക്കുന്ന പുതിയ കെട്ടിടത്തിന്‍റെ നിർമാണം ജൂലൈയിൽ പൂർത്തിയാവും. ഫെബ്രുവരി 28ന് പൂർത്തിയാവേണ്ട കെട്ടിട നിർമാണം കോവിഡ് പ്രതിസന്ധി കാരണം ഇഴഞ്ഞതിനാൽ കരാർ കമ്പനിക്ക് മേയ് 31 വരെ സമയം നീട്ടിനൽകിയിരുന്നു. ജൂൺ ആദ്യം പൂർത്തിയാകുമെന്ന് പ്രതീക്ഷിച്ച നിർമാണം ഒരുമാസംകൂടി വൈകുന്ന നിലയിലാണ് പുരോഗമിക്കുന്നത്.
അവസാനഘട്ട പ്രവൃത്തികളാണ് ഇനി പൂർത്തിയാക്കാനുള്ളത്. നിലത്ത് ടൈൽവിരിക്കൽ പ്രവൃത്തി പൂർത്തിയായിട്ടുണ്ട്. പെയിന്‍റിങ്, വൈദ്യുതി, സീലിങ് ജോലികൾ പൂർത്തിയാക്കാനുണ്ട്. ആധുനിക രീതിയിൽ കെട്ടിടത്തിന് കണ്ണാടിപൂശൽ പ്രവൃത്തി കഴിഞ്ഞദിവസം തുടങ്ങി. പ്ലംബിങ് ജോലികളും പുരോഗമിക്കുകയാണ്. ശുചിമുറികളും സജ്ജീകരിക്കാനുണ്ട്. ജില്ല പഞ്ചായത്ത് സമര്‍പ്പിച്ച മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി കിഫ്ബി വഴി 100 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ആശുപത്രിയിൽ ആസൂത്രണം ചെയ്തിട്ടുള്ളത്.
ആദ്യഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കിഫ്ബി വഴി 57.52 കോടി രൂപയാണ് അനുവദിച്ചത്. കഴിഞ്ഞ മാർച്ചിൽ കിഫ്‌ബി പ്രതിനിധികളും സാങ്കേതിക സഹായം നൽകുന്ന ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥരും സൂപ്പര്‍ സ്പെഷാലിറ്റി ബ്ലോക്കിന്‍റെ പ്രവൃത്തി പുരോഗതി വിലയിരുത്തിയിരുന്നു. 2021 ജൂണിൽ പൂർത്തിയാകേണ്ട നിർമാണത്തിന് രണ്ടുവട്ടമാണ് സമയം നീട്ടിനൽകിയത്. മഴ ശക്തമായതും ആവശ്യത്തിന് തൊഴിലാളികളെ ലഭിക്കാത്തതും പ്രവൃത്തി വൈകിപ്പിച്ചതായാണ് വിവരം.
വിവിധ കെട്ടിടങ്ങളിലായി ചിതറിക്കിടക്കുന്ന ചികിത്സസൗകര്യങ്ങൾ രോഗികളുടെ സൗകര്യത്തിനായി ഒരുകെട്ടിടത്തിൽ ഒരുക്കാനാണ് സൂപ്പര്‍ സ്പെഷാലിറ്റി ബ്ലോക്ക് ലക്ഷ്യമിടുന്നത്. നിലവിൽ ഹൃദയ, വൃക്കരോഗ വിഭാഗങ്ങൾ പഴയ കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്. യൂറോളജി, ന്യൂറോളജി വിഭാഗങ്ങൾ, അമ്മയും കുഞ്ഞിനും ചികിത്സ ഉറപ്പാക്കുന്ന പദ്ധതി, ഐ.സി.യുകൾ, രണ്ട് ഓപറേഷൻ തിയറ്റർ എന്നിവയും പുതിയ ബ്ലോക്കിൽ ഒരുങ്ങും.
അഞ്ച് നിലകളുള്ള സൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്കിൽ നാല് നിലകളുടെ പ്രവൃത്തിയാണ് പുരോഗമിക്കുന്നത്. തമിഴ്നാട് ആസ്ഥാനമായുള്ള പി ആൻഡ് സി കമ്പനിക്കാണ് നിർമാണ കരാർ. പുതിയ ബ്ലോക്കിലേക്കുള്ള റോഡിന്‍റെ പണിയും പൂർത്തിയാക്കാനുണ്ട്.
ജില്ല ആശുപത്രിയിലെ കാത്ത് ലാബ് പൂർണസജ്ജമായതായും സൂപ്പർ സ്പെഷാലിറ്റി സൗകര്യത്തിലേക്ക് കെട്ടിടത്തെ ഒരുക്കാനുള്ള പ്രവൃത്തി പുരോഗമിക്കുകയാണെന്നും ആശുപത്രി സൂപ്രണ്ട് ഡോ. വി.കെ. രാജീവൻ പറഞ്ഞു. ജില്ല ആശുപത്രിയിൽ ലയൺസ് ക്ലബിന്‍റെ നേതൃത്വത്തിൽ ഒരുക്കിയ സി.ടി സ്കാൻ പ്രഷർ ഇൻജക്ടർ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 11ന് നടക്കും.
12 ലക്ഷം രൂപയുടെ യന്ത്രം എൽ ആൻഡ് ടിയാണ് സംഭാവന ചെയ്തത്. ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ഗവർണർ യോഹന്നാൻ മറ്റത്തിൽ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.