അഞ്ചരക്കണ്ടി: കനത്തവേനലിൽ പ്രദേശത്തെ പ്രധാന കുടിവെള്ള സ്രോതസ്സുകൾ വറ്റിവരണ്ടതോടെ പലേരിമെട്ടയിൽ കുടിവെള്ളക്ഷാമം രൂക്ഷം. പടുവിലായി, ഊർപ്പള്ളി, ചാലുപറമ്പ്, മാമ്പ, മുഴപ്പാല, കീഴല്ലൂർ, പലേരി, ബാവോഡ് ഭാഗങ്ങളിലെ പുഴകളും തോടുകളും കിണറുകളുമൊക്കെ വറ്റിയ നിലയിലാണ്.
പൈപ്പ് ലൈൻ വഴി കുടിവെള്ളം കിട്ടാതായതോടെ പലേരിമെട്ട ഭാഗത്തുള്ളവർ കുടിവെള്ള ക്ഷാമത്തിന്റെ പിടിയിലമർന്നു. മൂന്നാഴ്ചയിലധികമായി ഈ ഭാഗത്ത് പൈപ്പ് ലെൻ വഴി ജലവിതരണം നിലച്ചിട്ട്. ഇരുപതിലധികം കുടുംബങ്ങളാണ് ഇവിടെ കുടിവെള്ളം കിട്ടാതെ വിഷമത്തിലായത്. പല വീടുകളിലും കിണറുകളില്ല. പൈപ്പ്ലൈൻ മാത്രമാശ്രയിച്ച് കഴിയുന്ന കുടുംബങ്ങളുമുണ്ട്.
മറ്റു സമയങ്ങളിൽ പൈപ്പിലൂടെ വെള്ളം കിട്ടിയിരുന്നെങ്കിലും വേനൽ രൂക്ഷമായ സമയത്ത് വെള്ളംകിട്ടാതെ വരുന്നത് വലിയ പ്രയാസം ഉണ്ടാക്കുന്നുണ്ടെന്ന് പ്രദേശത്തെ കുടുംബങ്ങൾ പരാതിപ്പെട്ടു. ജല അതോറിറ്റി അധികൃതരെ വിളിച്ചറിയിച്ചിട്ടും ജലവിതരണം ഉണ്ടായില്ലെന്നും നാട്ടുകാർ പറഞ്ഞു. കീഴല്ലൂർ ഡാമിനോട് ചേർന്നുള്ള പുഴയും വറ്റിവരണ്ട സ്ഥിതിയാണ്. ഈ പ്രദേശങ്ങളിലുള്ളവർ അലക്കുന്നതിന്നും മറ്റു ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന പുഴയാണ് വറ്റിയിരിക്കുന്നത്.
പടുവിലായി, കീഴല്ലൂർ ഭാഗങ്ങളിലെ തോടുകളും വറ്റിവരണ്ടു. കൃഷി ആവശ്യങ്ങൾക്ക് കൂടുതലായും വെള്ളം എടുക്കുന്നത് ഈ തോടുകളിൽ നിന്നാണ്. വേനൽ ചൂട് ഉയർന്നതോടെ കർഷകർക്കും ഏറെ പ്രയാസമായിരിക്കുകയാണ്. ഉയർന്ന പ്രദേശങ്ങളിലുള്ള വീടുകളിലെ കിണറുകളിലെല്ലാം തന്നെ വെള്ളം വളരെ കുറവാണ്.
മിക്ക വീട്ടുകാരും വെള്ളമുള്ള കിണറുകളിലെ വീട്ടുകാരെ ആശ്രയിച്ചാണ് വെള്ളം ശേഖരിക്കുന്നത്. വരും ദിവസങ്ങളിൽ ചൂട് കനത്താൽ വെള്ളത്തിന് കൂടുതൽ പ്രയാസം നേരിടേണ്ടി വരുമെന്ന പേടിയിലാണ് ഒരുകൂട്ടം നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.