ശ്രീകണ്ഠപുരം: ഗൂഗ്ൾ പേ വഴി പണം വാങ്ങി വൻതോതിൽ മാരക ലഹരിമരുന്നായ എം.ഡി.എം.എ വിൽക്കുന്ന രണ്ടുപേർ അറസ്റ്റിലായി. ശ്രീകണ്ഠപുരം അടുക്കത്തെ വടക്കേപറമ്പിൽ സജു (44), ചെങ്ങളായി ചേരൻകുന്നിലെ പുതിയപുരയിൽ മുഹമ്മദ് ഷഹൽ (24) എന്നിവരെയാണ് ശ്രീകണ്ഠപുരം എസ്.എച്ച്.ഒ രാജേഷ് മാരാംഗലത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
പിടിയിലായ ഇരുവരും ഡ്രൈവർമാരാണ്. ശനിയാഴ്ച രാത്രി ശ്രീകണ്ഠപുരം ഓടത്തുപാലത്തിനു സമീപമാണ് ഇവരെ പിടികൂടിയത്. ചെമ്പേരിയിൽ ലഹരിമരുന്ന് നൽകി തിരികെ വരുന്നതിനിടെയാണ് കെ.എൽ 59 ടി. 2424 കാറുമായി പിടിയിലായത്. 14.06 ഗ്രം എം.ഡി.എം.എ ഇവരിൽനിന്ന് പിടിച്ചെടുത്തു. ഏറെക്കാലമായി ജില്ലയിലെ മലയോര മേഖലയിലടക്കം വ്യാപകമായി ലഹരിമരുന്ന് വിൽപന നടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. ഗൂഗ്ൾ പേ വഴി പണം അക്കൗണ്ടിലേക്ക് അയപ്പിച്ച ശേഷം പറഞ്ഞ സ്ഥലത്ത് ലഹരിമരുന്ന് എത്തിക്കുന്ന രീതിയാണ് ഇവർ സ്വീകരിച്ചിരുന്നത്. രഹസ്യ വിവരത്തെ തുടർന്ന് ഏറെ നാളായി സംഘം പൊലീസ് നിരീക്ഷണത്തിലായിരുന്നു. ജില്ല പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡംഗങ്ങൾ, ശ്രീകണ്ഠപുരം സ്റ്റേഷൻ എസ്.ഐ ബാലകൃഷ്ണൻ, എ.എസ്.ഐമാരായ എം. സുരേഷ്, സി.പി. സജിമോൻ, സീനിയർ സി.പി.ഒമാരായ കെ. സജീവൻ, സി.വി. രജീഷ്, എം. വിജേഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.