കണ്ണൂർ: താളിക്കാവിൽ മാരകമയക്കുമരുന്നായ മെത്താഫിറ്റാമിനുമായി രണ്ട് യുവാക്കളെ എക്സൈസ് സംഘം അറസ്റ്റുചെയ്തു. വെള്ളോറ പാണ്ടികശാല വീട്ടിൽ മുഹമ്മദ് മഷൂദ് (28), തളിപ്പറമ്പ് കുറ്റിക്കോൽ ചെക്കന്റകത്ത് വീട്ടിൽ മുഹമ്മദ് ആസാദ് (27) എന്നിവരാണ് അറസ്റ്റിലായത്.
ഇവരിൽനിന്ന് 207.84 ഗ്രാം മെത്താഫിറ്റാമിൻ പിടിച്ചെടുത്തു. ഹൈടെക് രീതിയിലാണ് ഇവർ മയക്കുമരുന്ന് വിതരണം നടത്തിയിരുന്നത്. ഒരാൾ പണം സ്വീകരിക്കുകയും മറ്റൊരാൾ നേരത്തെ അറിയിച്ചിരുന്ന പ്രകാരം മയക്കുമരുന്ന് ഉപേക്ഷിച്ചുപോവുകയും ഈ ലൊക്കേഷൻ ആവശ്യക്കാർക്ക് കൈമാറുകയുമാണ്. ബാങ്ക് അക്കൗണ്ട് വഴിയാണ് പണം കൈമാറുന്നത്.
കോളിങ് ആപ് വഴിയാണ് ഫോൺ വിളികൾ. ജില്ലയിൽ മയക്കുമരുന്ന് ഉപയോഗവും വിപണനവും വ്യാപകമാവുകയാണ്. രാസലഹരി വസ്തുക്കളടക്കം വിദ്യാർഥികൾക്കുപോലും സുലഭമായി ലഭിക്കുന്നു.
ബുധനാഴ്ച 7.437 ഗ്രാം ബ്രൗൺ ഷുഗറുമായി യുവാക്കൾ കണ്ണൂർ എക്സൈസ് പിടിയിലായിരുന്നു. കണ്ണോത്തുംചാലിൽ നടന്ന പരിശോധനയിൽ വടകര സ്വദേശികളായ മുനീർ, അർഷാദ് എന്നിവരെയാണ് അറസ്റ്റുചെയ്തത്. ചൊവ്വാഴ്ച 10 ഗ്രാം മെത്താഫിറ്റമിനുമായി എടക്കാട് സ്വദേശി പി. അഭിനന്ദിനെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷറഫുദ്ദീന്റെ നേതൃത്വത്തിൽ പിടികൂടി. ജില്ലയിൽ വ്യാപകമായി മയക്കുമരുന്ന് വിതരണം നടക്കുന്നുണ്ടെന്ന് എക്സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്നാണ് സ്ഥിരം വിതരണക്കാരെയും കണ്ണികളെയും നിരീക്ഷിച്ച് പരിശോധന നടത്തി നടപടിയെടുത്തത്.
താളിക്കാവിന് സമീപം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. ഷറഫുദ്ദീന്റെ നേതൃത്വത്തിൽ പരിശോധന നടത്തിവരവെയാണ് വ്യാഴാഴ്ച തളിപ്പറമ്പ് സ്വദേശികളായ യുവാക്കൾ പിടിയിലായത്. എക്സൈസ് ഇൻസ്പെക്ടർ ഷിജുമോൻ, അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) കെ.സി. ഷിബു, ആർ.പി. അബ്ദുൽ നാസർ, സി.ഇ.ഒമാരായ ടി.കെ. ഷാൻ, പി.വി. ഗണേഷ് ബാബു, സിവിൽ എക്സൈസ് ഓഫിസർ ഡ്രൈവർ സോൾ ദേവ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.