ന്യൂമാഹി: രുചി വൈവിധ്യങ്ങളും പങ്കുവെക്കലുകളുമാണ് മലബാറിന്റെ സംസ്കാരമെന്ന് രമേശ് പറമ്പത്ത് എം.എൽ.എ. ന്യൂ മാഹി ലോറൽ ഗാർഡൻ കൺവെൻഷൻ സെന്ററിൽ മാധ്യമം കുടുംബം റോസ് ബ്രാൻഡ് റൈസുമായി ചേർന്ന് സംഘടിപ്പിക്കുന്ന മലബാറിലെ ഏറ്റവും വലിയ ബിരിയാണി പാചക മത്സരമായ ദം ദം ബിരിയാണി കോണ്ടസ്റ്റിന്റെ കണ്ണൂർ മേഖല മത്സരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഴയകാലത്തു നിന്നും വ്യത്യസ്തമായി പുതിയ രുചികൾ തേടിയുള്ള യാത്രയാണിത്. അതുകൊണ്ടുതന്നെ ഇതു നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്.
ദം ബിരിയാണിയുടെ ഗന്ധം ഒരു കിലോമീറ്റർ അപ്പുറത്തുനിന്ന് ആസ്വദിക്കുമ്പോൾ അതിന്റെ രുചിയും അറിയാനാവും. പങ്കുവെക്കലിന്റെ രാഷ്ട്രീയമാണ് ഭക്ഷണത്തിന്റേത്. തലശ്ശേരിയുടെ ബിരിയാണി മണം ലോകമാകെ സഞ്ചരിച്ചു. വൈവിധ്യങ്ങൾക്കപ്പുറം നമ്മെ ഒന്നിച്ചു നിർത്തുന്ന ഘടകമാണ് ഭക്ഷണവും രുചിയുമെന്നും എം.എൽ.എ പറഞ്ഞു.ചിക്കൻ ടിക്ക ബിരിയാണി, പച്ചക്കുരുമുളക് ഇളനീർ കല്ലുമ്മക്കായി ദം ബിരിയാണി, ബ്രഡ് ബാസ്കറ്റ് ദം ബിരിയാണി, കൊക്കോ ചിക് ബിരിയാണി തുടങ്ങിയ വൈവിധ്യങ്ങളുടെ രുചിയും മണവും ഒന്നുചേർന്ന മേളയായി പാചക മത്സരം മാറി.
ബിരിയാണിക്കൊപ്പം ബാൻഡ് ബ്രദേഴ്സിലെ കബീർഖാനും ഷംസീറും പാട്ടുമായെത്തി. മത്സര വിജയികളെ പിന്നീട് പ്രഖ്യാപിക്കും. മത്സരത്തിൽ പങ്കെടുത്ത മുഴുവൻ പേർക്കും അല്ലീസ് ഫുഡ്സിന്റെയും തലശ്ശേരി സീന ക്രോക്കറിയുടെയും പ്രത്യേക സമ്മാനങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ മാധ്യമം കോഴിക്കോട്, കണ്ണൂർ യൂനിറ്റ് റീജനൽ മാനേജർ ടി.സി. റഷീദ് സ്വാഗതം പറഞ്ഞു. റോസ് ബ്രാൻഡ് റൈസ് ചീഫ് ഷെഫ് മുഹമ്മദ് ശരീഫ്, ലോറൽ ഗാർഡൻ എം.ഡി ജസ്ലീം മീത്തൽ, മാധ്യമം ബിസിനസ് സൊല്യൂഷൻസ് കൺട്രി ഹെഡ് കെ. ജുനൈസ്, സർക്കുലേഷൻ ഡി.ജി.എം വി.സി. സലീം, മാധ്യമം കുടുംബം സീനിയർ സബ് എഡിറ്റർ പി. സുബൈർ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.