കണ്ണൂർ: അക്കാദമിക് യോഗ്യതാ മാനദണ്ഡങ്ങള്‍ നിര്‍ണയിക്കാന്‍ ബാങ്കുകള്‍ക്ക് അധികാരമില്ലെന്നും ഇങ്ങനെ വിദ്യാഭ്യാസ വായ്പ നിഷേധിക്കുന്ന നടപടി ബാങ്കുകള്‍ ആവര്‍ത്തിക്കരുതെന്നും സംസ്ഥാന ന്യൂനപക്ഷ കമീഷന് ചെയര്മാന് അഡ്വ. എ.എ. റഷീദ്. കേരള ഗ്രാമീൺ ബാങ്ക് കരുവഞ്ചാല്‍ ശാഖ മാനേജര്‍ക്കെതിരെ വെള്ളാട് കളരിക്കല്‍ വീട്ടില്‍ കെ.ജെ. ടൈറ്റസ് നല്കിയ പരാതിയിലാണ് കമീഷന്റെ നിർദേശം.
മാര്‍ക്ക് മാനദണ്ഡമാക്കി മകള്‍ക്ക് ഗ്രാമീണ ബാങ്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ചതിനെതിരെയാണ് ടൈറ്റസ് കമീഷനില്‍ പരാതി നല്‍കിയത്. പരാതി പരിഗണിച്ച കമീഷന് ബാങ്ക് ശാഖ മാനേജരില്‍ നിന്നും വിശദീകരണം തേടിയിരുന്നു. 60 ശതമാനം മാര്‍ക്കില്ലാത്തതിനാല്‍ വായ്പ നല്കാന് കഴിയില്ലെന്നായിരുന്നു ബാങ്കിന്റെ മറുപടി. ഉന്നത വിദ്യാഭ്യാസത്തിനായി മറ്റ് സംസ്ഥാനങ്ങളിലും സംസ്ഥാനത്തിനകത്തുമുള്ള സ്ഥാപനങ്ങളില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ വായ്പ അപേക്ഷകളില്‍ നിയമപരമല്ലാത്ത തീരുമാനം ബാങ്ക് കൈക്കൊണ്ടതായി കമീഷന് നിരീക്ഷിച്ചു.
പ്രവേശനം നല്കാന് ഒരു സ്ഥാപനം തീരുമാനിച്ചാല്‍ അതിനെ അടിസ്ഥാനമാക്കിയാണ് ബാങ്ക് വായ്പ അനുവദിക്കേണ്ടത്. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കരുതെന്നും അര്‍ഹതയുള്ള കുട്ടികള്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി വായ്പ അനുവദിക്കണമെന്നുമുള്ള നിര്‍ദേശത്തോടെ പരാതി തീര്‍പ്പാക്കി.
എച്ച്.എസ്.എ അറബിക് തസ്തിക സംബന്ധിച്ച് എന്‍.സി.എ ഒഴിവ് വിജ്ഞാപനം ചെയ്യണമെന്നാവശ്യപ്പെട്ട് കക്കാട് കാരശ്ശേരി കക്കാടന്‍ ചാലില്‍ അഹമ്മദ് നിസാര്‍ നല്കിയ പരാതിയില്‍ വിഷയങ്ങള്‍ പരിഗണിച്ച് അപാകത മാറ്റി പുതിയ വിജ്ഞാപനം നടത്താമെന്ന് പി.എസ്.സി അറിയിച്ചതിനെ തുടര്‍ന്ന് പരാതി തീര്‍പ്പാക്കി.
കൃഷി ആവശ്യത്തിനായി 2012ല്‍ സര്‍ക്കാര്‍ അനുവദിച്ച ഭൂമി പോക്കുവരവ് ചെയ്ത് നല്‍കണമെന്നാവശ്യപ്പെട്ട് അയിപ്ര സ്വദേശി ടി.ആര്. അബ്ദുല്ല നല്കിയ പരാതിയില്‍ ഭൂമി ഇ.എഫ്.എല്‍ പട്ടികയില്പെട്ടതാണെന്ന വനംവകുപ്പ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഫോറസ്റ്റ് ട്രൈബ്യൂണലിനെ സമീപിക്കാന്‍ കമീഷന് നിര്‍ദേശം നല്കി. ട്രൈബ്യൂണലില്‍ പരാതി നേരിട്ട് നല്‍കാമെന്ന പരാതിക്കാരുടെ മറുപടിയെ തുടര്‍ന്ന് കമീഷന് പരാതി തീര്‍പ്പാക്കി. പാനൂര്‍ സ്വദേശി റൂബിനക്കും കുടുംബത്തിനും സംരക്ഷണം നല്കാന് ജില്ല പൊലിസ് മേധാവിക്ക് കമീഷന് നിർദേശം നല്കി.
കേരളത്തില്‍ നാടകാവതരണത്തിന് അനുമതിയില്ലെന്ന് കാട്ടി ഫരീദാബാദ് സ്വദേശി സാബു ഇടിക്കുള നല്കിയ പരാതിയില്‍ പൊലീസില്‍നിന്നും വിശദീകരണം തേടിയ കമീഷന് കേരളം ആവിഷ്കാര സ്വാതന്ത്യം അനുവദിക്കുന്ന സംസ്ഥാനമാണെന്നും നാടകം അവതരിപ്പിക്കുന്നതില്‍ - മറ്റ് ക്രമസമാധാന പ്രശ്നങ്ങളില്ലെന്നുമുള്ള റിപ്പോര്ട്ടിന്മേല് പരാതി തീര്‍പ്പാക്കി. സിറ്റിംഗില്‍ 13 പരാതികളാണ് കമീഷന് പരിഗണിച്ചത്. എട്ടു പരാതികള്‍ തീര്‍പ്പാക്കി. അംഗങ്ങളായ പി. റോസ, എ. സൈഫുദീന്‍ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.