പൊലീസ് വകുപ്പിന്‍റെ ഓപൺ സ്റ്റാളിൽ പെൺകുട്ടികൾക്കായി നടന്ന പ്രതിരോധ പരിശീലനത്തിൽനിന്ന്

യന്ത്രത്തോക്ക് മുതൽ മൊബൈൽ ആപ് വരെ...

കണ്ണൂർ: ആക്ഷൻ സിനിമകളിൽ മാത്രം കണ്ടിട്ടുള്ള എ.കെ 47ഉം യന്ത്രത്തോക്കും കാണണമെങ്കിൽ പൊലീസ് മൈതാനിയിലെ 'എന്റെ കേരളം' എക്‌സിബിഷനിൽ എത്തിയാൽ മതി. രണ്ടാം പിണറായി സർക്കാറിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി പൊലീസ് വകുപ്പ് ഒരുക്കിയ സ്റ്റാളിൽ ആയുധങ്ങൾ മുതൽ മൊബൈൽ ആപ്ലിക്കേഷൻ വരെ അടുത്തറിയാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.

ഏഴ് സ്റ്റാളുകളാണ് പൊലീസ് വകുപ്പ് ഒരുക്കിയിട്ടുള്ളത്. ആംസ് ആൻഡ് അമ്യൂണിഷൻ സ്റ്റാളിലാണ് എ.കെ 47, താർ, ഇൻസാസ്, യു.ബി.ജി.എൽ, ഇന്ത്യൻ നിർമിത സ്‌നൈപ്പർ, മൾട്ടി ഷെൽ ലോഞ്ചർ, യന്ത്രത്തോക്ക് തുടങ്ങിയ ആയുധങ്ങളും വിവിധ തരത്തിലുള്ള ഗ്രനേഡുകളും തോക്കിന്റെ തിരകളും പ്രദർശിപ്പിച്ചിട്ടുള്ളത്.

പൊലീസ് വകുപ്പ് വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഡ്രോണിന്റെ മാതൃകകളും വിവരങ്ങളും സ്റ്റാളിൽ ലഭ്യമാണ്.

കൂടാതെ ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിനുള്ള ബി സേഫ് ആപ്ലിക്കേഷൻ, പൊലീസിന്റെ ഗൂഗ്ൾ അസിസ്റ്റന്റ് വഴിയുള്ള സേവനങ്ങൾ, ഡാർക്ക് നെറ്റ് വഴിയുള്ള കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനുള്ള ഗ്രാപ്നൽ തുടങ്ങിയവ ഉദ്യോഗസ്ഥർ സ്റ്റാളിൽ പരിചയപ്പെടുത്തും. വ്യാജ ഒപ്പിടൽ, തിരുത്തൽ തുടങ്ങി രേഖകളിൽ വരുത്തുന്ന കൃത്രിമങ്ങൾ കണ്ടുപിടിക്കുന്ന സംവിധാനങ്ങൾ, ഡി.എൻ.എ ടെസ്റ്റ് വഴി കുറ്റവാളികളെ കണ്ടുപിടിക്കുന്നതിന്റെ വിവിധ ഘട്ടങ്ങൾ, കുറ്റകൃത്യം നടന്ന ഇടങ്ങളിൽ പരിശോധനക്കായി ഉപയോഗിക്കുന്ന ക്രൈം ലൈറ്റ് എന്നിവയാണ് ഫോറൻസിക് സയൻസ് ലബോറട്ടറി സ്റ്റാളിന്റെ പ്രത്യേകത.

പെൺകുട്ടികൾക്കും സ്ത്രീകൾക്കും അക്രമികളിൽ നിന്നും രക്ഷപ്പെടാനുള്ള സ്വയം പ്രതിരോധ അടവുകൾ പരിശീലിപ്പിക്കുന്നതിന് പൊലീസ് വകുപ്പ് ഒരുക്കിയ ഓപൺ സ്റ്റാളും പ്രയോജനപ്രദമാണ്.

ആയുധങ്ങൾ ഉപയോഗിക്കാതെ നിമിഷങ്ങൾക്കകം അക്രമിയെ എങ്ങനെ നേരിടാം, ദേഹോപദ്രവം ഏൽപിക്കുന്നവരെ എങ്ങനെ കീഴ്‌പ്പെടുത്താം തുടങ്ങിയ കാര്യങ്ങൾ വനിത പൊലീസ് ട്രെയിനർ വിവരിക്കും. സ്റ്റേറ്റ് പൊലീസ് മീഡിയ സെന്ററിന്റെ സ്റ്റാളും പൊലീസ് വകുപ്പ് ഒരുക്കിയിട്ടുണ്ട്.

Tags:    
News Summary - ente keralam mega mela police stadium

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.