കണ്ണൂർ: കെട്ടിടം പൊളിക്കാതിരിക്കാന്‍ രാഷ്ട്രപതിയുടെ പേരില്‍ വ്യാജ ഉത്തരവ് ഉണ്ടാക്കിയ കേസിൽ രണ്ടാം പ്രതിയും അറസ്റ്റില്‍. വ്യാജ ഉത്തരവിലൂടെ കണ്ണൂര്‍ കോര്‍പറേഷനെയും സര്‍ക്കാറിനെയും കബളിപ്പിച്ചുവെന്ന കേസിൽ കണ്ണൂര്‍ പയ്യാമ്പലത്തെ റാഹത്ത് മന്‍സിലില്‍ പി.പി. ഉമ്മര്‍ കുട്ടിയെയാണ് കണ്ണൂര്‍ ടൗണ്‍ ഹൗസ് സ്റ്റേഷന് ഓഫിസര്‍ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്.
ഇയാളുടെ മൂത്ത ജ്യേഷ്ഠന് വി.പി.എം. അഷ്റഫ് ഒരുമാസം മുമ്പ് അറസ്റ്റിലായിരുന്നു. പൊലീസ് കേസെടുത്തതിനെ തുടര്‍ന്ന് വിദേശത്തേക്ക് മുങ്ങിയ ഇയാള്‍ അവിടെ നിന്ന് തിരിച്ചുവന്നതിനുശേഷം വീരാജ്പേട്ടയിലെ ഒരു റിസോര്‍ട്ടില്‍ ഒളിവില്‍ താമസിച്ചുവരുകയായിരുന്നു. കണ്ണൂര്‍ ടൗണ്‍ പൊലീസിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ശ്രീജിത്ത് കൊടേരിയും സംഘവും നടത്തിയ റെയ്ഡിലാണ് പ്രതിയെ പിടികൂടിയത്.
കണ്ണൂര്‍ പ്ലാസയിലെ വി.പി.എം. അഷ്റഫിെൻറ ഉടമസ്ഥതയിലുള്ള കെട്ടിടം പൊളിച്ചുമാറ്റാതിരിക്കാന്‍ ഇന്ത്യന്‍ രാഷ്ട്രപതിയുടെ വിധിയുണ്ടെന്നുകാണിച്ചാണ് അഷ്റഫും ഉമ്മർ കുട്ടിയും തട്ടിപ്പുനടത്താന്‍ ശ്രമിച്ചത്. കോര്‍പറേഷനെയും സര്‍ക്കാറിനെയും കബളിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് ഇവര്‍ക്കെതിരെയുള്ള പരാതി.
പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇന്ത്യൻ രാഷ്ട്രപതിയുടെ ലെറ്റർഹെഡും സീലും വ്യാജമായി നിര്‍മിച്ചതാണെന്ന് വ്യക്തമായത്. ഈ കേസില്‍ നേരത്തെ അറസ്റ്റിലായ വി.പി.എം. അഷ്റഫ് ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഉമ്മർ കുട്ടിയെ കൂടുതല്‍ ചോദ്യം ചെയ്തതിനുശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ശ്രീജിത്ത് കൊടേരി അറിയിച്ചു.
കഴിഞ്ഞ ഒക്ടോബര്‍ ആറിനാണ് അഷ്റഫിനെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം മ്യൂസിയം പൊലീസിലും കേസുണ്ട്. മുന്നൂറോളം ആളുകളെ ഇയാള്‍ വ്യാജരേഖ കാണിച്ച് തെറ്റിദ്ധരിപ്പിച്ചതായാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.