കണ്ണൂർ: ജില്ലയിലെ തീരദേശ മേഖലയിൽ മന്തുരോഗം വർധിക്കുന്നതായി റിപ്പോർട്ട്. പ്രധാനമായും ഇവിടങ്ങളിലെ അന്തർ സംസ്ഥാന തൊഴിലാളികളുടെ താമസ ക്യാമ്പുകളിലാണ് രോഗം വ്യാപിക്കുന്നത്. തീരദേശ മേഖലകളിൽ നടക്കുന്ന രക്തപരിശോധനയിൽ, പ്രതിദിനം പത്ത് ശതമാനം പേർക്ക് രോഗം ബാധിക്കുന്നതായാണ് ജില്ല വെക്ടർ കൺട്രോൾ യൂനിറ്റിെൻറ കണക്ക്. അന്തർ സംസ്ഥാന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിലാണ് കൂടുതലും രോഗം വ്യാപിക്കുന്നതായി റിപ്പോർട്ട്.
ഇതേത്തുടർന്ന് കൊതുകുകളെ ശേഖരിച്ച് നടത്തിയ പരിശോധനയിൽ രോഗാണു വാഹകരായ ക്യൂലക്സ് വിഭാഗത്തിൽപെട്ട കൊതുകുകളുടെ എണ്ണം പെരുകുന്നതായും കണ്ടെത്തി. നിർമാണ പ്രവൃത്തിയിലേർപ്പെടുന്ന കെട്ടിട നിർമാണ തൊഴിലാളികളിലാണ് രോഗം കൂടുതലായും കണ്ടെത്തിയത്.
കോവിഡിനെ തുടർന്ന് രോഗ പരിശോധനയും പ്രതിരോധ പ്രവർത്തനങ്ങളും കൃത്യമായി നടത്താൻ ആരോഗ്യ വകുപ്പിന് സാധിച്ചിട്ടില്ല. ഇതേത്തുടർന്നാണ് രോഗം വർധിക്കാൻ കാരണമായത്. രോഗം വർധിക്കുന്ന സാഹചര്യത്തിൽ പരിശോധന, മരുന്ന് വിതരണം, ഫോഗിങ് എന്നിവ ആരോഗ്യ വകുപ്പിെൻറ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്. അന്തർ സംസ്ഥാന തൊഴിലാളികൾക്കുപുറമെ കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികളിലും രോഗം പടരുന്നതായി കണ്ടെത്തിയിട്ടുണ്ട്്.
സൗജന്യ പരിശോധന ക്യാമ്പ്
കണ്ണൂർ: രോഗവ്യാപനത്തിെൻറ പശ്ചാത്തലത്തിൽ ജില്ല വെക്ടർ കൺട്രോൾ യൂനിറ്റിൽ സൗജന്യ രക്തപരിശോധന സൗകര്യം തുടങ്ങി. ജില്ല ആശുപത്രി, വളപട്ടണം കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ എല്ലാ തിങ്കളാഴ്ചയും രാത്രി എട്ട് മുതൽ 10.30 വരെയാണ് ക്യാമ്പ്. പെങ്കടുക്കാൻ താൽപര്യമുള്ളവർ 9562916191, 8075058457 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. നേരിയ പനി, കാലുകളിൽ ചെറിയ നീര് എന്നിവയാണ് ആദ്യകാല രോഗ ലക്ഷണങ്ങൾ.
ആദ്യഘട്ടത്തിൽ 12 ദിവസം തുടർച്ചയായി മരുന്ന് കഴിച്ചാൽ രോഗം പൂർണമായും മാറും. എന്നാൽ, കാലിലെ നീര് ശക്തിപ്രാപിക്കുകയും ലക്ഷണങ്ങൾ മൂർച്ഛിക്കുകയും ചെയ്താൽ രോഗം ഭേദമാകാനുള്ള സാധ്യത കുറവാണ്. അതിനാൽ മുഴുവൻ പേരും പരിശോധന സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.