കണ്ണൂർ: ഭക്ഷ്യ വിഷബാധ റിപ്പോർട്ട് ചെയ്ത തടിക്കടവ് ഗവ. ഹൈസ്കൂളിൽ ജില്ല മെഡിക്കൽ ഓഫിസർ ഡോ. പിയൂഷ് എം. നമ്പൂതിരിപ്പാടിന്റെ നിർദേശ പ്രകാരം ജില്ല സർവേയ്ലൻസ് ഓഫിസർ ഡോ. കെ.സി. സച്ചിന്റെ നേതൃത്വത്തിൽ ജില്ല മെഡിക്കൽ സംഘം സന്ദർശിച്ചു. നിലവിൽ 109 കുട്ടികളും 14 അധ്യാപകരും ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.
സ്കൂളിൽ തയാറാക്കിയ ഉച്ചഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധ റിപ്പോർട്ട് ചെയ്തത്. കുട്ടികൾക്ക് ഉച്ചഭക്ഷണത്തിന് ചിക്കനും സാലഡും വിളമ്പിയിരുന്നു. അതിൽ നിന്നായിരിക്കാം ഭക്ഷ്യ വിഷബാധ ഏറ്റതെന്നാണ് പ്രാഥമിക നിഗമനം. ജില്ല മെഡിക്കൽ ഓഫിസിൽ നിന്നുള്ള സംഘം പ്രധാനാധ്യാപികയുമായും മറ്റു അധ്യാപക- സ്കൂൾ വികസന സമിതി അംഗങ്ങളുമായും ചർച്ച നടത്തി. ഭക്ഷണം പാകം ചെയ്ത ജീവനക്കാരിൽനിന്നും ഭക്ഷണ വിതരണം ചെയ്തവരിൽ നിന്നും മൊഴിയെടുത്തു. ചിക്കൻ വിതരണം ചെയ്ത ആലക്കോടെ ചിക്കൻ വിതരണ സ്ഥാപനത്തിൽ പരിശോധന നടത്തി. ശുചിത്വ മാനദണ്ഡം പാലിക്കാത്തതിനാൽ സ്ഥാപനത്തിന് നോട്ടീസ് നൽകാൻ നിർദേശം നൽകി. സ്കൂളിലെ കുടിവെള്ളം സൂപ്പർ ക്ലോറിനേഷൻ നടത്തുന്നതിനും സ്കൂൾ പി.ടി.എ യോഗം വിളിക്കുന്നതിനും നിർദേശിച്ചു. ഭക്ഷ്യ വിഷബാധ ഏറ്റവരും ഭക്ഷണം കഴിച്ച മറ്റുള്ളവരും പാലിക്കേണ്ട ആരോഗ്യ നിർദേശങ്ങൾ നൽകി.
നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡി.എം.ഒ അറിയിച്ചു. സംഘത്തിൽ ജില്ല സർവയലൻസ് ഓഫിസർ, ഡോ. അനീറ്റ കെ. ജോസി, ജില്ല എപ്പഡിമയോളജിസ്റ്റ് ജി.എസ്. അഭിഷേക്, ജില്ല ഡെപ്യൂട്ടി മാസ് മീഡിയ ഓഫിസർ ടി. സുധീഷ്, ടെക്നിക്കൽ ഓഫിസർ രാഘവൻ, രാധാകൃഷ്ണൻ എന്നിവരുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.