കണ്ണൂർ: ഓണാഘോഷത്തിന്റെ ഭാഗമായി ജില്ലയിൽ 252 വ്യാപാര സ്ഥാപനങ്ങളിൽ ഭക്ഷ്യ സുരക്ഷ വിഭാഗം പരിശോധന നടത്തി. 121 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. നിയമം പാലിക്കാത്ത 60 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. മായം ചേർത്ത ഭക്ഷ്യ വസ്തുക്കൾ കണ്ടത്തുന്നതിന് അഞ്ചു ദിവസത്തിനിടെയാണ് ഇത്രയും കടകളിൽ പരിശോധന നടത്തിയത്.
പുറത്തുനിന്നെത്തുന്ന പാൽ, ശർക്കര, പച്ചക്കറികൾ, ഇറച്ചി, മത്സ്യം എന്നിവയെല്ലാം കർശനമായി പരിശോധിക്കുന്നുണ്ട്. ഓണ കച്ചവടം മുന്നിൽക്കണ്ട് അനധികൃതമായി പല കച്ചവടങ്ങളും ആരംഭിച്ചിട്ടുണ്ട്. പാൽ, ശർക്കര എന്നിവയിൽ കൃത്രിമങ്ങളൊന്നും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
ലഹരി വസ്തുക്കളുടെ കടത്ത് തടയാൻ എക്സൈസും പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഓണം അവധിക്കാലത്തും പരിശോധനകൾ തുടരും. അതിർത്തിയിലുള്ള പരിശോധനയും ശക്തിപ്പെടുത്തി. അനധികൃതമായി മദ്യവും ലഹരിവസ്തുക്കളും കടത്തുന്നത് തടയാൻ കൂട്ടുപുഴ, ന്യൂമാഹി എക്സൈസ് ചെക്പോസ്റ്റുകളിലും പരിശോധന കർശനമാക്കി. ഞായറാഴ്ച രാവിലെ കൂട്ടുപുഴയിൽനിന്ന് കഞ്ചാവ് പിടികൂടിയിരുന്നു.
വളപട്ടണം, കീരിയാട്, കാട്ടാമ്പള്ളി ഭാഗങ്ങളിൽ വൻതോതിൽ ലഹരിവസ്തുക്കൾ എത്തുന്നതായി എക്സൈസ് അധികൃതർ പറഞ്ഞു. ഈ ഭാഗങ്ങളിൽ അഞ്ഞൂറിലധികം ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്നുണ്ട്. ഇവരെ ലക്ഷ്യമാക്കിയാണ് കഞ്ചാവ് സംഘം പ്രവർത്തിക്കുന്നത്. ഇവിടെ വിതരണം ചെയ്യുന്നതിനായി ആന്ധ്രയിൽനിന്ന് വൻ തോതിൽ വരുന്നതായാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.