കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ പരീക്ഷ വിഭാഗം കേന്ദ്രീകരിച്ച് ഗുരുതരമായ ക്രമക്കേടുകളും സ്വജനപക്ഷപാതവും മാർക്ക് ദാനത്തിനുള്ള നീക്കവും നടക്കുന്നുവെന്ന് കെ.എസ്.യു ജില്ല പ്രസിഡൻറ് പി. മുഹമ്മദ് ഷമ്മാസ് വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
വി.സിയുടെ നിർദേശപ്രകാരം പരീക്ഷ കൺട്രോളർ പ്രത്യേക താൽപര്യമെടുത്ത് മൂന്ന് വിദ്യാർഥികളുടെ പരീക്ഷ പേപ്പറുകൾ പ്രത്യേകമായി മൂല്യനിർണയം നടത്താൻ നീക്കംനടത്തുകയും എന്നാൽ അത് സംശയത്തിനിടയാക്കും എന്നതിനാൽ ആ വിദ്യാർഥികൾ ഉൾക്കൊള്ളുന്ന ബി.ബി.എ സപ്ലിമെൻററി പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർഥികളുടെ മൂല്യനിർണയവും തിരക്കിട്ട് നടത്തുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കണ്ണൂർ സർവകലാശാലയിലെ 2018-21 ബാച്ചിലെ ബി.ബി.എ വിദ്യാർഥികളുടെ നാലാം സെമസ്റ്റർ സപ്ലിമെൻററി പരീക്ഷയുടെ മൂല്യനിർണയമാണ് പ്രത്യേക താൽപര്യമെടുത്ത് നടന്നുകൊണ്ടിരിക്കുന്നത്. മാർക്ക് ദാനത്തിനുള്ള നീക്കം സംബന്ധിച്ച് ഉന്നതതല അന്വേഷണം വേണമെന്നും ഗുരുതരമായ ക്രമക്കേടിന് ചുക്കാൻ പിടിച്ച കൺട്രോളറെ അടിയന്തരമായി പുറത്താക്കണമെന്നാവശ്യപ്പെട്ടും വൈസ് ചാസലർക്കെതിരെ ഗവർണർക്കും യു.ജി.സിക്കും പരാതി നൽകുമെന്നും ജില്ല പ്രസിഡൻറ് പി. മുഹമ്മദ് ഷമ്മാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.