പയ്യന്നൂർ: ദേശീയ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട നിരവധി ചരിത്ര മുഹൂർത്തങ്ങൾക്കും ജാതി വ്യവസ്ഥക്കെതിരായ മുന്നേറ്റങ്ങൾക്കും സാക്ഷിയായ മണ്ണാണ് പയ്യന്നൂർ. പല പോരാട്ട ചരിത്ര സ്മാരകങ്ങളും ഇന്ന് അവഗണനയുടെ കയ്പുനുണയുകയാണ്. എന്നാൽ, ചരിത്രത്തിന് എന്നും മധുരസ്മൃതി പകർന്നുപടരുന്ന ഗാന്ധിമാവ് ഇതിനൊരപവാദമാണ്.
88ാം വയസ്സിലും അതങ്ങനെ ഹരിതകാന്തി വിടർത്തി ചരിത്രത്തിന് തണൽ വിരിക്കുന്നു. പയ്യന്നൂർ ശ്രീനാരായണ വിദ്യാലയത്തിന്റെ അഗ്നി കോണിൽ മഹാത്മാഗാന്ധി നട്ട് വെള്ളമൊഴിച്ച നാട്ടുമാവാണ് പ്രായത്തിനുവഴങ്ങാതെ ചരിത്ര സംഭവങ്ങളുടെ സ്മൃതിസാക്ഷ്യമായി ഇന്നും ഹരിതകാന്തി വിടർത്തി നിലനിൽക്കുന്നത്.
1934 ജനുവരി 12നാണ് ഗാന്ധിജി പയ്യന്നൂരിലെത്തിയത്. പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ വണ്ടിയിറങ്ങിയ ഗാന്ധിജി ആരാധകവൃന്ദത്തോടൊപ്പം പയ്യന്നൂർ ശ്രീനാരായണ വിദ്യാലയത്തിൽ എത്തിച്ചേരുകയായിരുന്നു. ദൃഷ്ടിയിൽ പെട്ടാൽപോലും അയിത്തം കൽപിച്ച് ശിക്ഷ വിധിച്ച് അരികിലേക്ക് മാറ്റിനിർത്തപ്പെട്ട ദലിത് കുടുംബങ്ങളിലെ കുട്ടികളെ താമസിപ്പിച്ച് വിദ്യാഭ്യാസം നൽകുന്നതിന് ശ്രീനാരായണ ഗുരുവിന്റെ അവസാന ശിഷ്യൻ സ്വാമി ആനന്ദ തീർഥനാണ് ശ്രീനാരായണ വിദ്യാലയം സ്ഥാപിച്ചത്. ഇതറിഞ്ഞാണ് ഗാന്ധിജി പയ്യന്നൂരിലെത്തിയത്. സ്വാമിയുടെ പ്രവർത്തനത്തെ അഭിനന്ദിച്ച ഗാന്ധിജി അത് സന്ദർശക പുസ്തകത്തിൽ കുറിക്കുകയും ചെയ്തു. സന്ദർശനത്തിന്റെ ഓർമക്കായാണ് ഗാന്ധിജി ആശ്രമ വളപ്പിൽ മാവിൻതൈ നട്ടത്. ആശ്രമാധികാരികൾ പരിപാലിച്ച മാവ് മധുരഫലത്തോടൊപ്പം മധുരം നിറഞ്ഞ ഓർമകളും നൽകി 88 വർഷത്തിനുശേഷവും നിലനിൽക്കുന്നു.
ഗാന്ധിജിയുടെ മരണശേഷം ചിതാഭസ്മവും കൊണ്ടുവന്ന് മാവിൻ ചുവട്ടിൽ സ്ഥാപിച്ചു. ചിതാഭസ്മ പേടകം സ്ഥാപിച്ച മണ്ഡപവും ഇവിടെയുണ്ട്. അടുത്ത കാലത്ത് മാവിൽനിന്ന് 100 ഡ്രാഫ്റ്റ് തൈകൾ ഉണ്ടാക്കി വിവിധ സർക്കാർ സ്ഥാപനങ്ങളിൽ നട്ട് സംരക്ഷിച്ചുവരുന്നുണ്ട്.
ചരിത്ര വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് ഗാന്ധിമാവും ചിതാഭസ്മ മണ്ഡപവും ഇന്നും ഏറെ വൈകാരികമായ അനുഭവമാണ് സമ്മാനിക്കുന്നത്. പയ്യന്നൂരിലെത്തുന്ന സഞ്ചാരികളും ചരിത്ര സ്നേഹികളും ഗാന്ധിമാവും ശ്രീനാരായണ വിദ്യാലയവും സന്ദർശിക്കുക പതിവാണ്. 1928ൽ ജവഹർലാൽ നെഹ്റു പങ്കെടുത്ത കെ.പി.പി.സി സമ്മേളനവും തുടർന്നുള്ള ഗാന്ധിജിയുടെ സന്ദർശനവുമാണ് പയ്യന്നൂരിനെ ദേശീയ പ്രസ്ഥാനത്തിന് വളക്കൂറുള്ള മണ്ണാക്കി മാറ്റിയത്. ക്വിറ്റിന്ത്യ സമരം, കേളപ്പജിയുടെ നേതൃത്വത്തിലുള്ള ഉപ്പുനിയമ ലംഘനം തുടങ്ങിയ സമരപരിപാടികൾ ഇതിനു തുടർച്ചയാണ്.
ശ്രീനാരായണ വിദ്യാലയം കാലപ്പഴക്കത്താൽ നാശോന്മുഖമായെങ്കിലും അടുത്ത കാലത്ത് ആശ്രമ ട്രസ്റ്റ് പുതുക്കിപ്പണിതു. മുമ്പ് സ്വാമി ആനന്ദതീർഥൻ സ്ഥാപിച്ച അതേ രീതിയിലാണ് പുനർനിർമിച്ചത്. സ്വാമിയുടെ സ്മൃതി മണ്ഡപവും നവീകരണ പാതയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.