കണ്ണൂർ: കണ്ടൽക്കാട്ടിൽ മാലിന്യം തള്ളിയ വാഹന സർവിസ് സെന്ററിന് 25,000 രൂപ പിഴയിട്ടു. കടമ്പൂർ പഞ്ചായത്തിലെ മമ്മാക്കുന്നിന് സമീപം ആറാം വാർഡിലെ കണ്ടൽക്കാടുകളിൽ വ്യാപകമായി മാലിന്യം തള്ളുന്നുവെന്ന വിവരത്തെത്തുടർന്ന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് നടപടി.
മാലിന്യം തള്ളിയ രണ്ട് സ്ഥാപനങ്ങളെ കണ്ടെത്തി പിഴ ചുമത്തി തുടർനടപടികൾക്കായി കടമ്പൂർ പഞ്ചായത്തിന് നിർദേശം നൽകി. ഇതിൽ അപകടകരമായ മാലിന്യങ്ങൾ ഉൾപ്പെടെയുള്ള വർക്ക് ഷോപ് അവശിഷ്ടങ്ങൾ, പ്ലാസ്റ്റിക് കവറുകൾ, എയർ ഫിൽട്ടറുകൾ, ഓയിൽ കാനുകൾ, കോട്ടൺ വേസ്റ്റ്, സ്പെയർപാർട്സിന്റെ അവശിഷ്ടങ്ങൾ എന്നിവ നിക്ഷേപിച്ച തോട്ടടയിലെ ടാറ്റയുടെ സർവിസ് സെൻററായ പോപ്പുലർ മെഗാ മോട്ടോഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനാണ് പിഴ ചുമത്തിയത്.
സ്ഥാപനത്തിൽനിന്നും കണ്ടൽക്കാട്ടിലും റോഡിലുമായി തള്ളിയ അപകടകരമായവ ഉൾപ്പെടെ ഒരു ടണ്ണിലധികം മാലിന്യം സ്ഥാപനത്തിന്റെ ചെലവിൽ ഒരു മണിക്കൂറിനകം സ്ക്വാഡ് നീക്കം ചെയ്യിപ്പിച്ചു.
ജലാശയങ്ങൾ മലിനപ്പെടുത്തുന്ന രീതിയിൽ മാലിന്യം തള്ളിയതിന് പഞ്ചായത്തീരാജ് ആക്ട് പ്രകാരമാണ് സ്ഥാപനത്തിന് പിഴ ചുമത്തിയത്. ഇതേ സ്ഥലത്തിന് സമീപത്തായി റോഡിൽ ജൈവ അജൈവമാലിന്യങ്ങൾ കൂട്ടിക്കലർത്തി നിക്ഷേപിച്ചതിന് പെരളശ്ശേരി പഞ്ചായത്തിലെ തൃക്കപാലം ദേവ് ബേക്കറിക്കും 5000 രൂപ സ്ക്വാഡ് പിഴ ചുമത്തി.
വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും മാലിന്യം തള്ളുന്ന വണ്ടികൾ പിടിച്ചെടുക്കുമെന്നും എൻഫോഴ്സ്മെൻറ് സ്ക്വാഡ് അറിയിച്ചു. പരിശോധനയിൽ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ ഇ.പി. സുധീഷ്, എൻഫോഴ്സ്മെന്റ് ഓഫിസർ കെ.ആർ. അജയകുമാർ, ഷെരികുൽ അൻസാർ, കടമ്പൂർ പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ എൻ.വി. അനീസ് മുഹമ്മദ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.