കണ്ണൂർ: നഗരത്തിലെ പൊതുനിരത്തുകളിലും സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിലും മാലിന്യം തള്ളൽ വ്യാപകം. നിരീക്ഷണ കാമറകളില്ലാത്ത ഇടങ്ങളിലാണ് മാലിന്യം തള്ളി കടന്നുകളയുന്നത്. രാത്രി വാഹനങ്ങളിലെത്തിയാണ് തള്ളൽ. റോഡരികിൽ തള്ളുന്ന മാലിന്യം കോർപറേഷൻ ജീവനക്കാർ നീക്കം ചെയ്യാറുണ്ടെങ്കിലും പാതകളോട് ചേർന്ന സ്വകാര്യ സ്ഥലങ്ങളിലെ മാലിന്യം നാട്ടുകാർക്ക് ഭീഷണിയാവുകയാണ്.
റോഡിനോട് ചേർന്ന ആളൊഴിഞ്ഞ പറമ്പുകളിലാണ് വലിയ ചാക്കുകളിലാക്കി പ്ലാസ്റ്റിക്, ഭക്ഷണാവശിഷ്ടങ്ങൾ, നാപ്കിനുകൾ തുടങ്ങിയവ തള്ളുന്നത്. താവക്കര ബസ് സ്റ്റാൻഡിന് സമീപമുള്ള ചതുപ്പുകളിൽ മാലിന്യം തള്ളൽ വ്യാപകമാണ്.
വെള്ളത്തോടൊപ്പം ചേർന്ന് ദുർഗന്ധവും ഇവിടെയുണ്ട്. കാൾടെക്സിൽ ചെറുറോഡുകളിലെ വീട്ടുപറമ്പുകളിലേക്കും മാലിന്യം കൊണ്ടിടുന്നുണ്ട്. വാഹനത്തിൽ മതിൽക്കെട്ടിനകത്തേക്ക് വലിച്ചെറിഞ്ഞ് കടന്നുകളയുകയാണ്.
പൊതുസ്ഥലത്തും സ്വകാര്യ വ്യക്തികളുടെ സ്ഥലത്തും മാലിന്യം തള്ളിയാൽ 5,000 രൂപയാണ് പിഴ. നേരത്തേ രണ്ടായിരമായിരുന്ന പിഴ അയ്യായിരമായി ഉയർത്തിയിട്ടും മാലിന്യം തള്ളൽ തുടരുകയാണ്. ജലാശയങ്ങളെ മലിനപ്പെടുത്തുകയാണെങ്കിൽ കാൽലക്ഷം പിഴയീടാക്കും.
ശുചിത്വ മാലിന്യ പരിപാലന രംഗത്തെ നിയമലംഘനങ്ങൾ അന്വേഷിക്കുന്ന ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് വിവിധയിടങ്ങളിൽ പരിശോധന നടത്തി നടപടി സ്വീകരിക്കുന്നുണ്ട്. നഗരത്തിൽ ഇടവഴികൾ കൂടി ഉൾപ്പെടുത്തി നിരീക്ഷണ കാമറകൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.