കണ്ണൂർ: ദേശീയാരോഗ്യ ദൗത്യത്തിന്റെ നേതൃത്വത്തിൽ കോർപറേഷൻ പരിധിയിൽ തുടങ്ങാനിരുന്ന ആരോഗ്യ വെൽനസ് സെന്ററുകളെക്കുറിച്ച് ഇപ്പോൾ ഒന്നും കേൾക്കാനില്ല. അഞ്ചിടങ്ങളിൽ സജ്ജമാക്കാൻ തീരുമാനിച്ച സെന്ററുകൾക്കായി സ്ഥലം കണ്ടെത്തി പരിശോധന പൂർത്തിയാക്കിയെങ്കിലും തുടർ നടപടിയുണ്ടായില്ല. ദേശീയാരോഗ്യ ദൗത്യത്തിൽനിന്ന് നിർദേശമൊന്നും ലഭിച്ചില്ലെന്നാണ് വിവരം. ഏഴുലക്ഷം രൂപ ഉപയോഗിച്ചാണ് സെന്റർ ഒരുക്കുക. കോർപറേഷൻ കൈവശമുള്ള കെട്ടിടം നവീകരിക്കാനോ വാടകക്ക് ഏറ്റെടുക്കാനോ ഫണ്ട് ഉപയോഗിക്കാം. സെന്റർ സംബന്ധിച്ച് ഒരുമാസത്തിനുള്ളിൽ ഉത്തരവ് ഇറങ്ങുമെന്നാണ് അറിയിച്ചതെങ്കിലും രണ്ടുമാസം കഴിഞ്ഞിട്ടും അനക്കമൊന്നുമില്ല.
പിന്നാക്ക വിഭാഗങ്ങളുടെ ആരോഗ്യം മുൻനിർത്തി ഉരുവച്ചാൽ, വെത്തിലപ്പള്ളി തുടങ്ങിയ അഞ്ച് സ്ഥലങ്ങളാണ് കോർപറേഷൻ കണ്ടെത്തിയത്. പരിസരത്ത് ആരോഗ്യ കേന്ദ്രങ്ങളുടെ സേവനമില്ലാത്തയിടങ്ങളിലും തീരദേശത്തും സെന്ററുകൾ ഒരുക്കാനാണ് ധാരണ. പദ്ധതി പൂർത്തിയാകുന്നതോടെ പ്രാഥമിക തലത്തിൽ ഗുണമേന്മയുള്ള ചികിത്സ നൽകാനാവും. ഒ.പി, ഫാർമസി സൗകര്യങ്ങളാണ് ഉണ്ടാവുക. ലാബ് ഉണ്ടാകില്ല. രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെയാണ് പ്രവർത്തനം. ഡോക്ടർ, നഴ്സ് കം ഫാർമസിസ്റ്റ്, രണ്ട് സപ്പോർട്ടിങ് സ്റ്റാഫ്, ജൂനിയർ ഹെൽത്ത് ഇൻസ്‍പെക്ടർ എന്നിവരുടെ സേവനം ലഭിക്കും. കുത്തിവെപ്പ് അടക്കമുള്ള പ്രവർത്തനങ്ങൾക്ക് സെന്ററുകളിൽ സൗകര്യമുണ്ടാവും. അഞ്ചിടങ്ങളിൽ സെന്റർ വരുന്നതോടെ സാധാരണക്കാർക്ക് ചികിത്സ എളുപ്പമാകും. കോർപറേഷൻ പരിധിയിൽ ജനസാന്ദ്രത കൂടിയ മേഖലകളിൽ ആരോഗ്യകേന്ദ്രം ഒരുങ്ങുന്നത് ജില്ല ആശുപത്രി അടക്കമുള്ള സ്ഥാപനങ്ങളിലെ തിരക്കുകുറക്കാനും സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.