അഞ്ചരക്കണ്ടി: കനത്ത മഴയിൽ വീട് തകർന്നു. വീട്ടിൽ ഉറങ്ങുകയായിരുന്ന ഗൃഹനാഥൻ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു. വേങ്ങാട് മെട്ടയിലെ കുഞ്ഞമ്മദിന്റെ വീടാണ് ചൊവ്വാഴ്ച പുലർച്ച നാലുമണിയോടെ മഴയിൽ തകർന്നു വീണത്. തനിച്ച് താമസിക്കുന്ന ഇദ്ദേഹം ശബ്ദം കേട്ട് ഉറക്കത്തിൽ നിന്നും എഴുന്നേറ്റപ്പോൾ വീടിന്റെ ഒരു ഭാഗം തകർന്നുവീണ കാഴ്ചയാണ് കണ്ടത്. ഉടൻ പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു.
മരം കടപുഴകി ഗതാഗതം തടസ്സപ്പെട്ടു. അഞ്ചരക്കണ്ടി - ചാലോട് റോഡിൽ കുഴിമ്പാലോട് മെട്ടയിലാണ് കശുമാവ് കടപുഴകിയതിനെ തുടർന്ന് റോഡ് ഗതാഗതം തടസ്സപ്പെട്ടത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. പടുകൂറ്റൻ കശുമാവ് പൂർണമായും റോഡിലേക്ക് വീഴുകയായിരുന്നു. മട്ടന്നൂരിൽ നിന്നും ഫയർഫോഴ്സെത്തി മരം മുറിച്ചു മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
അടുത്തടുത്ത വീടുകളിൽ താമസിക്കുന്ന സഹോദരിമാരുടെ വീടിനു മുകളിൽ മതിൽ വീണ് കേടുപാട് പറ്റി. മുതുകുറ്റി റബർ തോട്ടത്തിന് സമീപം തൈക്കണ്ടി ഹിബാസ് നസീർ, മസ്ക്കൻ ഹൗസിൽ ടി.കെ. ഷംസീർ എന്നിവരുടെ വീടിനാണ് മതിലിടിഞ്ഞ് അടുക്കളയും കിണറും വീടിന്റെ ഉൾവശവും തകർന്നത്. ചൊവ്വാഴ്ച രാവിലെ ഏഴു മണിക്കാണ് സംഭവം. വീടിന്റെ ഉൾവശം പിറകിലേക്ക് തള്ളിയ നിലയിലാണുള്ളത്. എട്ട് ലക്ഷം രൂപയുടെ നഷ്ടമുള്ളതായി ഇരു വീട്ടുകാരും പറഞ്ഞു.
വാരം കടാങ്കോട് ഹിറ മൻസിലിൽ മുജീബിന്റെ വീട്ടുമതിൽ കനത്ത മഴയിൽ തകർന്നു. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം.12 അടിയോളം ഉയരത്തിലുള്ള ചെങ്കല്ല് കൊണ്ട് കെട്ടിയ മതിലാണ് പൂർണമായും തകർന്നത്. മൂന്നുലക്ഷം രൂപയുടെ നഷ്ടമുള്ളതായി വീട്ടുകാർ പറഞ്ഞു.ചക്കരക്കല്ല് ചൂള തലമുണ്ടയിലെ സതിയുടെ വീട്ടുമതിൽ മഴയിൽ തകർന്നു. ചൊവ്വാഴ്ച രാവിലെയാണ് മതിൽ ഇടിഞ്ഞുവീണത്.
കനത്ത മഴയിൽ കീഴല്ലൂർ ഡാമിലെ ജലവിതാനം ഉയർന്നു. ഡാമിനോട് അടുത്തുള്ള മാവിലാക്കൊവ്വൽ റോഡിലേക്ക് വെള്ളം കയറാവുന്ന സ്ഥിതിയാണ്. പുഴയോട് ചേർന്ന പ്രദേശമായതിനാൽ രാത്രിയിലും മഴ നിർത്താതെ പെയ്താൽ വീടുകളിലേക്കും വെള്ളം കയറാനുള്ള സാധ്യതയുണ്ട്. ചാമ്പാട്, കല്ലിക്കുന്ന്, ഊർപ്പള്ളി, മാമ്പ, ഓടക്കാട്, തട്ടാരിപ്പാലം വയൽ എന്നിവിടങ്ങളിലെ വയലുകളിലൊക്കെ പൂർണമായും വെള്ളം കയറിയ നിലയിലാണുള്ളത്. മഴ ശക്തമായാൽ കാർഷിക വിളകൾക്ക് നാശമുണ്ടാവുമെന്ന പേടിയിലാണ് കർഷകർ.
തലശ്ശേരിയിൽ വെള്ളക്കെട്ട്
തലശ്ശേരി: തിങ്കളാഴ്ച അർധരാത്രി മുതൽ തുടങ്ങിയ ശക്തമായ മഴയിൽ ടൗണിലും സമീപ പ്രദേശങ്ങളിലും വെള്ളം കയറിയതിനാൽ മിക്ക റോഡുകളും വെള്ളത്തിനടിയിലായി. നഗരത്തിൽ കുയ്യാലി, നാരങ്ങാപ്പുറം, എം.എം റോഡ് എന്നിവിടങ്ങളിലാണ് വെള്ളക്കെട്ടുണ്ടായത്. എരഞ്ഞോളിപാലം നിർമാണം നടക്കുന്നതിനാൽ കൂത്തുപറമ്പ്, ഇരിട്ടി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കുയ്യാലി റോഡ് വഴിയാണ് കടന്നുപോകുന്നത്. തോരാതെയുള്ള മഴയിൽ റോഡിൽ വെള്ളം കയറിയതിനാൽ ഇതുവഴി ഗതാഗതക്കുരുക്ക് മുമ്പത്തേക്കാൾ രൂക്ഷമായി. ഇവിടെയുള്ള നിരവധി വീടുകളും കച്ചവടസ്ഥാപനങ്ങളും വെള്ളപ്പൊക്കഭീഷണിയിലാണ്. താഴ്ന്നപ്രദേശങ്ങളിലെ വീടുകളുടെ കോമ്പൗണ്ട് വരെ വെള്ളം ഇരച്ചുകയറി. കുയ്യാലി റെയിൽവേ ഗേറ്റിന് സമീപത്തെ വെള്ളം ഒഴുകിപ്പോകുന്ന മൂന്ന് പൈപ്പുകളിലെ തടസ്സമാണ് വെള്ളം കെട്ടിനിൽക്കുന്നതിന് കാരണമാകുന്നത്. സമീപത്തായി മരച്ചില്ലകളുടെ കൊമ്പുകൾ ഓവുചാലിൽ തള്ളിയതും വെള്ളം കെട്ടിനിൽക്കുന്നതിന് ഇടയാക്കുന്നു.
വീടിന് മുകളിൽ മണ്ണിടിഞ്ഞുവീണു
പാപ്പിനിശ്ശേരി: കനത്ത മഴക്കിടെ പാപ്പിനിശ്ശേരി മാങ്കടവിൽ കുന്നിടിഞ്ഞ് വീടിന് മുകളിലേക്ക് വീണു.കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് മെംബർ കെ.വി. പ്രജിത്രയുടെ ഹരിജൻ കോളനിക്ക് സമീപത്തെ വീടിന് പിന്നിലെ കുന്നിന്റെ ഒരു ഭാഗത്തുനിന്നും മണ്ണിടിഞ്ഞാണ് വീടിന് ഭീഷണിയായത്. ഇടിയുന്ന കുന്നിന് മുകളിലുള്ള വീട്ടിൽ അരിങ്ങളൻ സുകുമാരന്റെ കുടുംബവും താമസിക്കുന്നുണ്ട്. മണ്ണിടിച്ചിൽ തുടർന്നാൽ രണ്ടു വീടുകൾക്കും കനത്ത ഭീഷണിയാണ് നിലനിൽക്കുന്നത്. ഇതിന്റെ ഭാഗമായി ഇരു വീട്ടുകാരോടും മാറിത്താമസിക്കാൻ അധികൃതർ ആവശ്യപ്പെട്ടു.
വീടുകൾ തകർന്നു
എടക്കാട്: കനത്ത മഴയിൽ മുഴപ്പിലങ്ങാട് 11ാം വാർഡിൽ നടുക്കണ്ടി വിനോദിനി, ലക്ഷ്മിയമ്മ എന്നിവരുടെ വീടുകൾ പൂർണമായും തകർന്നു.എടക്കാട്: എടക്കാട് ബസാർ, എടക്കാട് പാച്ചാക്കര റോഡ്, മലക്ക് താഴെ റോഡ്, കടവ് റോഡ്, ഇ.എം.എസ റോഡ് എന്നിവ പൂർണമായും വെള്ളത്തിനടിയിലായി. എടക്കാട് ഇഖ്റഅ മദ്റസ ഉൾപ്പെടെ ഉസ്സൻ മുക്ക് പ്രദേശവും പൂർണമായും വെള്ളത്തിനടിയിലായി. സമീപത്തെ അനിലയുടെ വീട്ടിൽ വെള്ളം കയറിയതിനാൽ അവർ കുടുംബവീട്ടിലേക്ക് താമസം മാറ്റി. കടമ്പൂർ ഷിൻഷ റോഡും പൂർണമായും വെള്ളത്തിനടിയിലായി.പ്രദേശത്ത് പലർക്കും വീട്ടിൽനിന്ന് പുറത്തിറങ്ങാൻ കഴിയാത്ത രീതിയിൽ വെള്ളം കയറിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.