കണ്ണൂർ: ജില്ലയിൽ കനത്ത മഴയിലും കാറ്റിലും വ്യാപക നാശം. മലയോര മേഖലയിലാണ് കൂടുതലും നാശം വിതച്ചത്. വെള്ളക്കെട്ടിൽ മിക്ക കൃഷിയിടങ്ങളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ടൗണുകളിലെയടക്കം റോഡുകളിൽ വെള്ളക്കെട്ട് രൂക്ഷമായി. നഗരത്തിൽ കണ്ണൂർ സിറ്റി പൊലീസ് കമീഷണർ ഓഫിസിനു സമീപമുണ്ടായ വെള്ളക്കെട്ടിൽ ഗതാഗതതടസ്സം രൂക്ഷമായി. കണ്ണൂർ സിറ്റിയിലടക്കം റോഡുകൾ മിക്കതും വെള്ളത്തിനടിയിലാണ്.
ശനിയാഴ്ച 18 വീടുകൾ കൂടി ഭാഗികമായി തകർന്നു. തലശ്ശേരി താലൂക്കിൽ അഞ്ച്, ഇരിട്ടിയിൽ ഒമ്പത്, കണ്ണൂരിൽ ഒന്ന്, പയ്യന്നൂരിൽ മൂന്ന് വീടുകളുമാണ് തകർന്നത്. തലശ്ശേരി താലൂക്കിലെ തൃപ്രങ്ങോട്ടൂർ ചക്കോത്തിന്റെ ദാമു, പാനൂരിലെ കുന്നിന്റെമുകളിൽ ഷാജി, കൊളവല്ലൂരിലെ തൂവക്കുന്ന് ശോഭ, ന്യൂ മാഹിയിലെ കെ.ടി. ഉഷ, പെരിങ്ങത്തൂർ പടിഞ്ഞാറെ പാലുള്ളതിൽ രാധ എന്നിവരുടെ വീടുകൾക്കാണ് മരം വീണ് നാശമുണ്ടായത്. മൊകേരിയിലെ ശ്രീശിവത്തിൽ ശ്രീജയുടെ വീടിനുചുറ്റും വെള്ളംകയറി. ഇരിട്ടി താലൂക്കിലെ പയഞ്ചേരിയിൽ തെങ്ങ് പൊട്ടിവീണ് വളയങ്ങാടൻ രാധയുടെ വീടും ബൈത്തുൽ ഹാലിയയിലെ പി.വി. മുസ്തഫയുടെ വീട്ടുമതിലും ഭാഗികമായി തകർന്നു. കോളാരി വില്ലേജിലെ വരയത്ത് മാധവിയുടെ വീട് ഭാഗികമായി തകർന്നു. മരംവീണ് തില്ലങ്കേരി കാവുമ്പടിയിലെ സുലോചനയുടെയും കിളിയന്തറയിലെ മഠത്തിൽ വീട്ടിൽ ജോണിന്റെയും വീട് ഭാഗികമായി തകർന്നു.പയ്യന്നൂർ താലൂക്കിലെ പാണപ്പുഴ വില്ലേജിൽ പാറപ്പുറത്ത് പാത്തുമ്മയുടെ വീടിന്റെ മേൽക്കൂര തകർന്നു. രാമന്തളി വില്ലേജിലെ ടി.വി. ലക്ഷ്മിക്കുട്ടി, പയ്യന്നൂർ വില്ലേജിലെ എം. ചന്ദ്രമതി എന്നിവരുടെ വീട് മരംവീണ് ഭാഗികമായി തകർന്നു. കണ്ണൂർ താലൂക്ക് ചെമ്പിലോട് വില്ലേജിലെ പത്മിനിയുടെ വീടും ഭാഗികമായി തകർന്നു.കണ്ണൂർ ഏഴര കടപ്പുറത്ത് കടലേറ്റം രൂക്ഷമായി. ശക്തമായി ഉയർന്ന തിരമാലകളെത്തുടർന്ന് തീദേശവാസികളെ മാറ്റിപ്പാർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.