തലശ്ശേരി: പാചകവാതക വിലക്കയറ്റത്തിെൻറ മറവിൽ നഗരത്തിലെ ഹോട്ടലുകളിൽ ഭക്ഷണങ്ങൾക്ക് വില കുത്തനെ ഉയർത്തി. ഒരു മുന്നറിയിപ്പുമില്ലാതെയാണ് തോന്നുംപടി വില കൂട്ടിയിട്ടുള്ളത്. 45 രൂപയുണ്ടായിരുന്ന ഊണിന് ദിവസങ്ങൾക്കു മുമ്പ് അഞ്ചു രൂപ കൂട്ടിയതിനു പിന്നാലെ ചായക്കും പലഹാരങ്ങൾക്കും പൊറോട്ടക്കും വില കുത്തനെ ഉയർത്തി.
ചായക്കും പലഹാരങ്ങൾക്കും രണ്ടു രൂപ നിരക്കിലാണ് വർധന. ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ നിയന്ത്രണത്തിലുള്ള ഹോട്ടലുകളിൽതന്നെ വ്യത്യസ്ത നിരക്കിലാണ് വില ഉയർത്തിട്ടുള്ളത്. ഊണിനും ചായക്കും പലഹാരങ്ങൾക്കും പുറമെ, മറ്റു വിഭവങ്ങൾക്കും തോന്നിയ പോലെയാണ് വില ഈടാക്കുന്നത്.
പാചകവാതകത്തിെൻറയും മറ്റ് അസംസ്കൃത സാധനങ്ങളുടെയും വിലക്കയറ്റം ചൂണ്ടിക്കാട്ടി തൽക്കാലത്തേക്കല്ല ഈ വിലക്കയറ്റം. ഇനിയങ്ങോട്ട് പുതിയ നിരക്കിലായിരിക്കും ഭക്ഷ്യസാധനങ്ങളുടെ വിലയെന്ന് ഹോട്ടലുകളിൽ പ്രദർശിപ്പിച്ചിട്ടുള്ള വിലവിവര പട്ടികയിൽനിന്ന് വ്യക്തമാണ്. കോവിഡ് കാലത്തെ പ്രതിസന്ധിയിൽനിന്ന് കഴിഞ്ഞ മാസമാണ് ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതി നൽകിയത്.
വ്യാപാരം പഴയ നിലയിലേക്ക് തിരിച്ചുവരുന്നതിനിടയിലാണ് പാചകവാതകത്തിെൻറയും പച്ചക്കറികളുടെയും വിലക്കയറ്റം ഹോട്ടൽ നടത്തിപ്പുകാരെ വെട്ടിലാക്കിയത്. വ്യാപാരം പിടിച്ചുനിൽക്കണമെങ്കിൽ വില കൂട്ടാതെ നിവൃത്തിയില്ലെന്നാണ് ഹോട്ടൽ ഉടമകൾ ഒരേസ്വരത്തിൽ പറയുന്നത്. ന്യായമായ വിലയിൽ ഭക്ഷണം നൽകുന്ന കുടുംബശ്രീ ഉൾപ്പെടെ ചെറുകിട ഹോട്ടലുകളും ഈ പൈതൃക നഗരിയിലുണ്ട്.
ഹോട്ടലുകളിൽ ഇരുന്ന് കഴിക്കുന്നതിനു പുറമെ പാർസൽ സർവിസിന് പ്രത്യേകമായി പാക്കിങ് ചാർജും ഈടാക്കുന്നുണ്ട്. വിലക്കയറ്റവും പൂഴ്ത്തിവെപ്പും പരിശോധിക്കാൻ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ ഇപ്പോൾ രംഗത്തില്ലാത്തതിനാൽ സാധാരണക്കാരാണ് പ്രയാസപ്പെടുന്നത്.
ഹോട്ടലുകളിൽ ഏകീകൃത വില എവിടെയുമില്ല. വില കൂട്ടാനോ, കുറക്കാനോ അസോസിയേഷൻ പറയാറില്ല. പാചകവാതകത്തിെൻറയും പച്ചക്കറി അടക്കമുള്ള നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റത്താൽ ഹോട്ടലുകളിലും നേരിയതോതിൽ വില വർധനവുണ്ടാകാം. കോവിഡിന് മുമ്പുള്ള വിലയേക്കാൾ ഇരട്ടിയാണ് ഹോട്ടലുകൾക്ക് നൽകുന്ന പാചകവാതകത്തിെൻറ വില.
മൂന്നു കുറ്റികൾ ഉപയോഗിക്കുന്ന ഒരു ഹോട്ടലിൽ പാചകവാതകത്തിെൻറ വിലയും തൊഴിലാളികളുടെ കൂലിയും കൂട്ടി നോക്കിയാൽ ഹോട്ടൽ വ്യാപാരത്തിെൻറ യാഥാർഥ്യം മനസ്സിലാകും. ഒമ്പതു വർഷത്തിനു ശേഷമാണ് ചായക്കും പലഹാരങ്ങൾക്കും വില കൂടുന്നത്.
നാസർ മാടോൾ
സെക്രട്ടറി, ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ, തലശ്ശേരി യൂനിറ്റ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.