എടക്കാട്: പാച്ചാക്കര ഭാഗത്തേക്ക് പോകുന്ന എടക്കാട് ബീച്ച് റോഡ് അടച്ചത് ജനത്തെ ദുരിതത്തിലാഴ്ത്തി. ദേശീയപാത വികസനത്തിന്റെ ഭാഗമായി സർവിസ് റോഡ് നിർമാണവുമായി ബന്ധപ്പെട്ടാണ് റോഡ് അടച്ചത്.
സർവിസ് റോഡ് പണി പ്രദേശത്ത് ആരംഭിക്കുന്നതിനു ദിവസങ്ങൾക്ക് മുമ്പേ റോഡ് അടച്ചതാണ് ദുരിതത്തിന് കാരണമായതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
സർവിസ് റോഡിന്റെ പണി ദ്രുതഗതിയിൽ നടന്നുവരികയാണെന്നും ഒരാഴ്ചക്കകം പണി പൂർത്തിയാക്കി ബീച്ച് റോഡ് ഗതാഗതത്തിന് തുറന്ന് കൊടുക്കാനാവുമെന്നും കരാർ കമ്പനി അധികൃതർ പറഞ്ഞു.
റോഡ് അടച്ചതു കാരണം വിദ്യാർഥികളും പൊതുജനങ്ങളും കിലോമീറ്ററുകൾ താണ്ടിയാണ് എടക്കാട് ബസാറിൽ എത്തിച്ചേരുന്നത്. എടക്കാട് ബസാറിലൂടെ വാഹനങ്ങൾ വഴിതിരിച്ചുവിട്ടത് ഗതാഗതക്കുരുക്കും രൂക്ഷമാക്കിയിരിക്കുകയാണ്. സർവിസ് റോഡിന്റെ പണി പൂർത്തിയാകുന്നതിന് മുന്നേ പ്രധാന പാത അടച്ചിട്ടതോടെ എല്ലാ വാഹനങ്ങളും എടക്കാട് ബസാറിലെ പഴയ ദേശീയപാതയിലൂടെയാണ് പോകുന്നത്. പ്രധാന റോഡുകൾ അടച്ചതോടെ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് എടക്കാട് ബസാറിൽ ഗതാഗതം നിയന്ത്രിക്കുന്നതിന് പൊലീസ് സാന്നിധ്യം ഏർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.