കലക്ടറേറ്റ് പരിസരത്തെ ഉപേക്ഷിച്ച വാഹനങ്ങള്‍ നീക്കാൻ നിർദേശം

കണ്ണൂർ: കലക്ടറേറ്റ് പരിസരത്ത് ഉപേക്ഷിച്ച വാഹനങ്ങള്‍ നീക്കം ചെയ്യാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജില്ല വികസന സമിതി യോഗം നിര്‍ദേശിച്ചു. ജില്ലതല വകുപ്പുദ്യോഗസ്ഥര്‍ ഇക്കാര്യം ഗൗരവമായി കാണണമെന്ന് സമിതി അധ്യക്ഷന്‍ കൂടിയായ കലക്ടര്‍ പറഞ്ഞു. ഇതുസംബന്ധിച്ച് വകുപ്പുതല യോഗം വിളിച്ചുചേര്‍ക്കും.

കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ചെയ്ത കുട്ടികളുടെ ശ്രവണ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണിക്കായി തുക പദ്ധതിയില്‍ വകയിരുത്തി കേരള സാമൂഹിക സുരക്ഷ മിഷന് കൈമാറാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയതായി ജില്ല സാമൂഹികനീതി ഓഫിസര്‍ ജില്ല വികസന സമിതിയെ അറിയിച്ചു. ഇതുസംബന്ധിച്ച് 105 പേരുടെ പട്ടിക പഞ്ചായത്തുകള്‍ക്ക് കൈമാറി.

തോട്ടട ദേശീയപാതയില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാന്‍ ഒരാഴ്ചക്കകം ഭരണാനുമതി നല്‍കും. രാമചന്ദ്രന്‍ കടന്നപ്പള്ളി എം.എല്‍.എയുടെ വികസന നിധി ഉപയോഗിച്ചാണ് ലൈറ്റ് സ്ഥാപിക്കുക. ഇതുസംബന്ധിച്ച മുഴുവന്‍ രേഖകളും ദേശീയപാത അതോറിറ്റിയില്‍നിന്ന് ലഭിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കോളയാട് പെരുവ കല്‍ക്കണ്ടം പാലം നിർമാണത്തിനായി 2.18 കോടി രൂപയുടെ എസ്റ്റിമേറ്റ് സംസ്ഥാനതല വര്‍ക്കിങ് ഗ്രൂപ് അംഗീകരിച്ചതായി ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസര്‍ ജില്ല വികസന സമിതി യോഗത്തെ അറിയിച്ചു. വനമേഖലയായതിനാല്‍ പാലം നിര്‍മാണത്തിന് അനുമതി തേടി വനംവകുപ്പിന് കത്തെഴുതിയിട്ടുണ്ട്.

കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറിലുള്ള കുട്ടികളുടെ പാര്‍ക്കിന്റെ നവീകരണം ഉടന്‍ പൂര്‍ത്തിയാക്കും. പാര്‍ക്കില്‍ പെയിന്റിങ് ജോലികള്‍ ആരംഭിച്ചതായി ഡി.ടി.പി.സി അധികൃതര്‍ അറിയിച്ചു. ആറളം ഫാമില്‍ ആനമതില്‍ നിർമിക്കാന്‍ 11 കോടി രൂപ പൊതുമരാമത്ത് വകുപ്പിന് കൈമാറി.

നിർമാണ പ്രവൃത്തികള്‍ ആരംഭിക്കാന്‍ ജനപ്രതിനിധികള്‍ മുന്നിട്ടിറങ്ങണമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. പാനൂരില്‍ ഫയര്‍‌ സ്റ്റേഷന്‍ നിർമിക്കാന്‍ 4.25 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സി. എൻജിനീയര്‍ യോഗത്തെ അറിയിച്ചു.

Tags:    
News Summary - Instructions to remove the abandoned vehicles from the collectorate premises

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.