തളിപ്പറമ്പ് (കണ്ണൂർ): പൊതുജനമധ്യത്തിൽ പൊലീസ് അപമാനിച്ചെന്നാരോപിച്ച് മൊബൈൽ ഫോൺ ഷോപ്പുടമ മനുഷ്യാവകാശ കമീഷനും റൂറൽ പൊലീസ് മേധാവിക്കും പരാതി നൽകി. മോഷണമുതലാണെന്ന് അറിയാതെ വാങ്ങിയ മൊബൈൽഫോൺ തെൻറ കടയിൽനിന്ന് പിടിച്ചെടുത്ത ശേഷമാണ് പൊലീസ് തന്നെ പൊതുജനമധ്യത്തിൽ അപമാനിച്ചതെന്ന് കടയുടമ പരാതിയിൽ പറയുന്നു.
തളിപ്പറമ്പ് ദേശീയപാതയോരത്ത് അജ്റു ടവറിൽ പ്രവർത്തിക്കുന്ന സ്വകാര്യ മൊബൈൽ ഫോൺ ഷോപ്പിെൻറ ഉടമ അള്ളാംകുളത്തെ എം. ഷമീമാണ് പരാതിക്കാരൻ. തളിപ്പറമ്പ് പൊലീസ് ഇൻസ്പെക്ടർ വി. ജയകുമാർ, എസ്.ഐ പുരുഷോത്തമൻ, സിവിൽ പൊലീസ് ഓഫിസറായിരുന്ന ഇ.എൻ. ശ്രീകാന്ത് എന്നിവർക്കെതിരെയാണ് പരാതി.
നേരത്തെ എ.ടി.എം കാർഡ് കവർന്ന് പണം തട്ടിയ കേസിൽ അറസ്റ്റിലായ പുളിമ്പറമ്പ് ലക്ഷംവീട് കോളനിയിലെ ടി. ഗോകുൽ 48,000 രൂപക്ക് ഷമീമിന് 12 മിനി മോഡൽ ഐ ഫോൺ വിറ്റിരുന്നു. ഇത് മോഷണമുതലാണെന്ന് അറിയാതെയാണ് താൻ വാങ്ങിയതെന്ന് ഷമീം പറയുന്നു. സെക്കൻഡ് ഹാൻഡ് ഫോൺ വാങ്ങുമ്പോൾ ഒരു മൊബൈൽ വ്യാപാരി പാലിക്കേണ്ട മാനദണ്ഡങ്ങൾ എല്ലാം പാലിച്ചാണ് താൻ ഫോൺ വാങ്ങിയതെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
കഴിഞ്ഞ ഏപ്രിൽ ഒന്നിന് ചൊക്ലി ഒളവിലത്തെ മനോജ്കുമാറിെൻറ ഓട്ടോ-ടാക്സിയിൽ നിന്നും കൈക്കലാക്കിയ എ.ടി.എം കാർഡ് ഉപയോഗിച്ച് 70,000 രൂപ തട്ടിയെടുത്ത കേസിലെ പ്രതിയാണ് ഗോകുലെന്ന് ആ സമയത്ത് തനിക്ക് അറിയില്ലായിരുന്നു. എന്നാൽ, ഏപ്രിൽ മൂന്നിന് രാവിലെ 10.50ന്, പരാതിയിൽ പറയുന്ന പൊലീസ് ഉദ്യോഗസ്ഥർ തെൻറ കടയിലെത്തി തൊഴിലാളികളെ ചീത്തവിളിക്കുകയും കളവുമുതൽ നൽകാൻ ആവശ്യപ്പെടുകയും ചെയ്തു.
ഈ സമയത്ത് പുറത്തുനിന്ന് എത്തിയ തന്നെ ഷോപ്പിൽനിന്നും ബലംപ്രയോഗിച്ച് പുറത്തിറക്കുകയും ഇടപാടുകാരുടെയും നാട്ടുകാരുടെയും മുന്നിൽവെച്ച് പരസ്യമായി അപമാനിച്ചെന്നും ഷമീം പറയുന്നു. മനുഷ്യാവകാശ കമീഷനും റൂറൽ പൊലീസ് മേധാവി നവനീത് ശർമക്കുമാണ് ഷമീം ഇതുസംബന്ധിച്ച് പരാതി നൽകിയത്. ഷമീമിെൻറ പരാതിയിൽ റൂറൽ പൊലീസ് മേധാവി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.