കണ്ണൂർ: സ്കൂള്‍ പരിസരങ്ങളിലും വിദ്യാർഥികളിലും ലഹരിവസ്തുക്കളുടെ ഉപയോഗം തടയാൻ നടപടികളുമായി ജില്ലതല ജനകീയ കമ്മിറ്റി. വിദ്യാർഥികളിൽ ലഹരി ഉപയോഗവും കുറ്റകൃത്യങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി. പ്രായപൂർത്തിയാകാത്തവരും യുവാക്കളും അതിമാരക എം.ഡി.എം.എ അടക്കമുള്ള ന്യൂജൻ ലഹരി ഉപയോഗിക്കുന്നത് വർധിച്ചിട്ടുണ്ട്.
ലഹരിമരുന്ന് വിതരണക്കാരായും വിദ്യാർഥികളെ ഉപയോഗിക്കുന്നതായി അധികൃതർക്ക് വിവരം ലഭിച്ചിരുന്നു. ലഹരി വസ്തുക്കളുടെ വ്യാപനം തടയാന്‍ കര്‍ശന നടപടിയെടുക്കുമെന്ന് വ്യാജമദ്യ നിർമാണവും വിതരണവും മദ്യക്കടത്തും തടയാൻ രൂപവത്കരിച്ച ജനകീയ കമ്മിറ്റി തീരുമാനിച്ചു.
ഓണത്തിന് മുന്നോടിയായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. ഓണാഘോഷത്തിന് മുന്നോടിയായി 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം എക്സൈസ് ഡിവിഷന് ഓഫിസില്‍ പ്രവര്‍ത്തനം തുടങ്ങി. 0497 2706698 എന്ന നമ്പറില്‍ പരാതികള്‍ അറിയിക്കാം. സ്കൂളുകളിലെ ലഹരിവിരുദ്ധ ക്ലബുകളുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്ന് കെ.വി. സുമേഷ് എം.എൽ.എ നിര്‍ദേശിച്ചു.
ഗ്രാമ പ്രദേശങ്ങളില്‍ ഓട്ടോറിക്ഷകള്‍ വഴി മദ്യം കടത്തുന്നത് ശ്രദ്ധയിൽപെട്ടതായും നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു. ലഹരി വസ്തുക്കളുടെ ഉറവിടം കണ്ടെത്തി കര്‍ശന നടപടിയെടുക്കണമെന്നും യുവാക്കളില്‍ അവബോധം വര്‍ധിപ്പിക്കണമെന്നും രാമചന്ദ്രന് കടന്നപ്പള്ളി എം.എല്‍.എ പറഞ്ഞു. ജാഗ്രത സമിതികളില്‍ യുവജന സംഘടന പ്രതിനിധികളെ ഉള്‍പ്പെടുത്താനും പ്രവര്‍ത്തനം ശക്തമാക്കാനും തീരുമാനമായി.
എക്സൈസ്, പൊലീസ് വകുപ്പുകളുമായി ചേര്‍ന്ന് നടപടി കര്‍ശനമാക്കുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ല കലക്ടര്‍ എസ്. ചന്ദ്രശേഖര്‍ പറഞ്ഞു. തളിപ്പറമ്പ്, ഇരിട്ടി, കൂത്തുപറമ്പ് സര്‍ക്കിള്‍ പരിധിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്ട്രൈക്കിങ് ഫോഴ്സുകളും പ്രവര്‍ത്തനമാരംഭിച്ചു. കൂടാതെ ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളും കോളനികളും കേന്ദ്രീകരിച്ച് സ്പെഷല്‍ സ്ക്വാഡിന്റെ പരിശോധനകളും നടക്കുന്നുണ്ട്.
എല്ലാ റേഞ്ച് ഓഫിസുകളിലും രണ്ടുപേര്‍ ഉള്‍പ്പെട്ട ഇന്റലിജന്‍സ് സംഘവും പ്രവര്‍ത്തിക്കുന്നു. കര്‍ണാടക, മാഹി സംസ്ഥാനങ്ങളുമായി ചേര്‍ന്ന് ചെക്ക്പോസ്റ്റുകളില്‍ സംയുക്ത പരിശോധന നടത്തുന്നുണ്ട്. വിമുക്തി മിഷന്റെ ഭാഗമായി ബോധവത്കരണ ക്ലാസുകളും വാര്‍ഡ്തല യോഗങ്ങളും നടക്കുന്നതായി എക്സൈസ് ഡെപ്യൂട്ടി കമീഷണര്‍ അഗസ്റ്റിന് ജോസഫ് അറിയിച്ചു. ജൂലൈ ഒന്നുമുതല്‍ ആഗസ്റ്റ് 18 വരെ 1267 പരിശോധനകളാണ് നടന്നത്. പുകയില ഉല്പന്നങ്ങളുമായി ബന്ധപ്പെട്ട 409 കേസുകളെടുത്തതായും എക്സൈസ് വകുപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.