ഇരിക്കൂർ: രണ്ടുവർഷം മുമ്പ് കല്യാടിനടുത്ത ഊരത്തൂർ പറമ്പിൽ നിന്ന് തലയോട്ടിയും ശരീരാവയവങ്ങളും വസ്ത്രങ്ങളും കണ്ടെത്തിയ കേസിൽ അസം സ്വദേശി സാദിഖലിയെ (20) അറസ്റ്റ് ചെയ്തു. മൊബൈൽ ഫോൺ മോഷണക്കേസിൽ ജയിലിൽ കഴിയുന്ന സാദിഖലിയെ ഇരിക്കൂർ പൊലീസ് കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് ഇരിട്ടി ഡിവൈ.എസ്.പി പ്രിൻസ് അബ്രഹാം, ഇരിക്കൂർ സി.ഐ പി. അബ്ദുൽ മുനീർ, എസ്.ഐ നിതീഷ് എന്നിവർ ഇരിക്കൂർ പൊലീസ് സ്റ്റേഷനിൽ നടത്തിയ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കാണാതായ അസം സ്വദേശി സയ്യിദ് അലിയുടേതാണ് തലയോട്ടിയെന്ന് ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞതിനെ തുടർന്നാണ്, ജയിലിൽ കഴിയുന്ന സാദിഖലിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തത്. സയ്യിദ് അലിയുടെ മൊബൈൽഫോൺ കവർന്ന കേസിലായിരുന്നു അസം സ്വദേശി സാദിഖലി ജയിലിലായത്. അസം ബേർപ്പെട്ട ജില്ലയിലെ സാദിഖലിയെ ഒരാഴ്ച മുമ്പായിരുന്നു ഇരിക്കൂർ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിനുശേഷം എസ്.പിയുടെ നിർദേശപ്രകാരം ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകവുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് പൊലീസ് നിഗമനത്തിലെത്തിയത്.
ആലുവയിൽ സ്വർണപ്പണി ചെയ്തിരുന്ന സാദിഖലി മറ്റൊരു ജോലി തേടിയാണ് ഊരത്തൂരിൽ എത്തിയത്. ഇവിടെ ചെങ്കൽ പണയിൽ ജോലി ചെയ്തിരുന്ന ബന്ധുവാണ് ഇയാൾക്ക് സയ്യിദലിയോടൊപ്പം താമസ സൗകര്യം ഏർപ്പെടുത്തിയത്. സയ്യിദലിയും സാദിഖലിയും ഒരു മുറിയിലായിരുന്നു താമസം. സയ്യിദലി ഒരുപാത്രത്തിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. സാദിഖലി പണം മോഷ്ടിക്കുന്നത് സയ്യിദലി കാണാനിടയായി. തുടർന്നായിരുന്നു കൊലപാതകം. കൊലക്കുശേഷം മുറിയിൽനിന്ന് 100 മീറ്റർ അകലെ ചെങ്കൽപണയിൽ കുഴിയെടുത്ത് മറവുചെയ്തു. ഞങ്ങൾ നാട്ടിലേക്ക് പോവുകയാണെന്ന് പരിസരത്തുള്ളവരോട് പറഞ്ഞ് സാദിഖലി പോയി. 3000 രൂപയും മൊബൈൽ ഫോണുമായിരുന്നു സാദിഖലി കൊണ്ടുപോയത് -ഡിവൈ.എസ്.പി പ്രിൻസ് അബ്രഹാം പറഞ്ഞു.
2018ൽ ഊരത്തൂരിലെ ചെങ്കൽപണയുടെ പരിസരത്തുള്ള കാട്ടിൽ നിന്നായിരുന്നു തലയോട്ടി കണ്ടെത്തിയത്. ഇതിൽ വലിയ ദുരൂഹതയൊന്നും അന്ന് പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഫോറൻസിക് പരിശോധനയിലാണ് ഇത് മനുഷ്യെൻറ തലയോട്ടിയാണെന്ന് മനസ്സിലായത്. ചെങ്കൽ മേഖലയായ ഇവിടെ ആരെയെങ്കിലും കാണാതായിട്ടുണ്ടോ എന്ന പൊലീസ് അന്വേഷണത്തിലാണ് സയ്യിദലിയും സാദിഖലിയും അസമിലേക്ക് പോയ വിവരം ലഭിച്ചത്.
സയ്യിദലിയെക്കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോഴാണ് വീട്ടിലെത്തിയിട്ടില്ലെന്നും സയ്യിദലിയുടെ മൊബൈൽ ഫോൺ മറ്റൊരാൾ ഉപയോഗിക്കുന്നതായും പൊലീസ് കണ്ടെത്തിയത്. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സാദിഖലിയാണ് മൊബൈൽഫോൺ മോഷ്ടിച്ചതെന്ന് തിരിച്ചറിഞ്ഞത്. പ്രതിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പൊലീസ് വിശദമായി അന്വേഷിക്കുന്നതായും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.