ഇരിട്ടി: പൊന്നുവിളയുന്ന മണ്ണിൽ വിയർപ്പൊഴുക്കിയാണ് അയ്യൻകുന്നിലെ നടുവത്ത് സുബ്രഹ്മണ്യൻ രണ്ട് ഏക്കറിലധികം ഭൂമിയിൽ കശുമാവും തെങ്ങും കുരുമുളകും വാഴയുമെല്ലാം വിളയിച്ചത്. റോഡിൽ നിന്നും രണ്ടര കിലോമീറ്റർ അകലെയുള്ള കുന്നിൽചെരിവിൽ ഒറ്റനില ഓടുമേഞ്ഞ വീടൊരുക്കിയതും കഷ്ടപ്പാടിന്റെയും വിയർപ്പിന്റെയും ഗന്ധം പേറിയാണ്.
കാട്ടാന ഭീഷണിയിൽ സ്വന്തം വീടും പറമ്പും ഉപേക്ഷിക്കേണ്ടി വന്നപ്പോൾ സുബ്രഹ്മണ്യന് സ്വന്തം ഭൂമി അന്യാധീനപ്പെട്ട ഭൂമിയായി മാറി. വീടും പറമ്പും കാടുകയറുമ്പോൾ സുമനസ്സിന്റെ കാരുണ്യ തണലിൽ അന്തിയുറങ്ങേണ്ടി വരുന്നതിന്റെ മനോവിഷമം ഒരു ഭാഗത്ത്. ഒരു രൂപയുടെ ആദായം ലഭിക്കാതെ കാട്ടാനക്കൂട്ടം താവളമാക്കിയ കൃഷിയിടം ചൂണ്ടിക്കാട്ടി ഭൂവുടമ എന്ന് അധികാരികൾ ചാർത്ത് നൽകിയ പട്ടം മറുഭാഗത്ത്. ഈ ഭൂമി ചൂണ്ടിക്കാട്ടി സർക്കാർ വീടും ബി.പി.എൽ റേഷൻ കാർഡും നിഷേധിക്കപ്പെട്ടപ്പോൾ ഒരുമുളം കയറിൽ ജീവനൊടുക്കുകയായിരുന്നു സുബ്രഹ്മണ്യൻ.
1971ൽ മുടിക്കയത്തെ പ്രമുഖ കർഷകനായ ഇല്ലിക്കക്കുന്നിൽ തോമസിന്റെ സഹായിയായാണ് സുബ്രഹ്മണ്യൻ ചെറുപ്രായത്തിൽ വയനാട്ടിൽ നിന്നും മുടിക്കയത്ത് എത്തിയത്. കാർഷിക ജോലിയിൽ മിടുക്കനായിരുന്നു സുബ്രഹ്മണ്യൻ. തോമസിന് മാത്രമല്ല നാട്ടുകാർക്കും ഏറെ പ്രിയങ്കരനായി മാറി. വിശ്വസ്തനായ ജോലിക്കാരന് തോമസ് സ്വന്തം പുരയിടത്തിന് സമീപം 20 സെന്റ്ഭൂമിയും നൽകി. സ്വന്തമായി വീടുവെച്ച് താമസം ആരംഭിച്ച സുബ്രഹ്മണ്യൻ വിവാഹത്തിന് ശേഷം കുടുംബത്തിന്റെ സഹായത്തോടെയും കൃഷിപ്പണികൾ എടുത്തും തെങ്ങുകയറ്റ തൊഴിലാളിയായും പണം സ്വരൂപിച്ച് സ്വന്തം പേരിലും ഭാര്യയുടെ പേരിലുമായി രണ്ട് ഏക്കർ സ്ഥലം കൂടി സമ്പാദിച്ചു.
കർണാടക വനാതിർത്തിയോട് ചേർന്നായിരുന്നു ഈ ഭൂമി. കശുമാവും തെങ്ങും വാഴയുമായി ജീവിതം കരുപ്പിടിപ്പിച്ചു. ഇതിനിടയിൽ രണ്ടു മക്കളുടെ വിവാഹവും കഴിഞ്ഞു. കൃഷിയിടത്തിൽ വല്ലപ്പോഴും എത്തിയിരുന്ന കാട്ടാനകൾ ക്രമേണ സ്ഥിരം സന്ദർശകരായി മാറിയതോടെ കുടുംബത്തിന് നിൽക്കക്കള്ളി ഇല്ലാതായി.
പകൽ വെളിച്ചത്തിൽ പോലും പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യത്തിലാണ് സുബ്രഹ്മണ്യൻ വീടും കൃഷിസ്ഥലവും ഉപേക്ഷിക്കാൻ നിർബന്ധിതനായത്. വനം വകുപ്പിൽ നിന്നുള്ള മുന്നറിയിപ്പും നാട്ടുകാരുടെ സ്നേഹത്തോടെയുള്ള നിർബന്ധവും കാരണം രണ്ടര വർഷം മുൻപാണ് സ്ഥലവും വീടും ഉപേക്ഷിച്ച് സുബ്രഹ്മണ്യനും കുടുംബവും വാടകവീട്ടിലേക്ക് താമസം മാറിയത്. ഇതിനിടയിൽ അർബുദബാധിതനുമായി. പഴയ തൊഴിലുടമ തോമസിന്റെ കുടുംബം രോഗത്തിന് ചികിത്സ ഉറപ്പാക്കി സുഖപ്പെട്ടെങ്കിലും തുടർചികിത്സ ആവശ്യമായിരുന്നു. നാട്ടുകാർ സാമ്പത്തിക സഹായം നൽകി ഒപ്പം നിന്നെങ്കിലും തുടർചികിത്സക്കായി സുബ്രഹ്മണ്യന് ഏകദേശം നാല് ലക്ഷം രൂപയോളം കടബാധ്യതയും വന്നു. അടുത്ത കാലത്ത് വാർധക്യസഹജമായ പ്രശ്നങ്ങൾക്കൊപ്പം സ്വന്തം വീട് എന്ന സ്വപ്നം സഫലമാകാത്ത വാർധക്യകാല പെൻഷൻ അടക്കം മുടങ്ങിയതോടെ അതീവ ദുഃഖിതനായിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം കൊണ്ടുവന്ന മൃതദേഹം ഇല്ലിക്കകുന്നേൽ സിനുവിന്റെ വീട്ടുമുറ്റത്ത് പൊതുദർശനത്തിന് വെച്ച ശേഷം നാട്ടുകാരുടെ സാന്നിധ്യത്തിൽ മുണ്ടയാംപറമ്പ് പൊതുശ്മശാനത്തിൽ സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.