ഇരിട്ടി: ഒരിക്കലും നടക്കില്ലെന്ന് കരുതിയ റോഡ് യാഥാർഥ്യമായതിന്റെ ആശ്വാസത്തിലാണ് തില്ലങ്കേരി പഞ്ചായത്തിലെ തെക്കൻപൊയിൽ, വാഴക്കാൽ, ഊർപ്പള്ളി നിവാസികൾ. 30 വർഷം മുമ്പ് നാട്ടുകാർ ശ്രമദാനത്തിലൂടെ നിർമിച്ച മൺപാത ഇന്ന് എട്ടുമീറ്റർ വീതിയുള്ള റോഡായി.
152 ഓളം കുടുംബങ്ങൾ സ്വമേധയ സ്ഥലം വിട്ടുനൽകിയതിന്റെ ഗുണം ഒരു നാടാകെ അനുഭവിക്കുകയാണ്. മൂന്നര കി.മീറ്റർ വരുന്ന റോഡ് പ്രധാനമന്ത്രി ഗ്രാമ സഡക് യോജന (പി.എം.ജി.വൈ.എസ്) പദ്ധതിയിൽ ഉൾപ്പെടുത്തി 2.29 കോടി വകയിരുത്തിയാണ് നവീകരിച്ചത്.
വാഴക്കാൽ-ഊർപ്പള്ളി റോഡിലെ ഒരുകി.മീറ്ററും ഊർപ്പള്ളി-പാറേങ്ങാട് റോഡിലെ ഒരുകി.മീറ്ററും പാറേങ്ങാട് -തെക്കൻപൊയിൽ റോഡിലെ 1.5 കി.മീറ്ററും ചേർത്താണ് നവീകരിച്ചത്. വാഴക്കാൽ-ഊർപ്പള്ളി റോഡ് 700 മീറ്റർ ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചും പാറേങ്ങാട്-തെക്കൻ പൊയിൽ റോഡ് ഗ്രാമ, ജില്ല പഞ്ചായത്തു ഫണ്ടുപയോഗിച്ചും ടാർ ചെയ്തിരുന്നു.
പാറേങ്ങാട്-ഊർപ്പള്ളി റോഡ് 30 വർഷം മുമ്പ് നാട്ടുകാർ നിർമിച്ച് പഞ്ചായത്തിനെ എൽപ്പിച്ചതല്ലാതെ നവീകരണം നടന്നിരുന്നില്ല. മൂന്ന് റോഡുകളും ചേർത്ത് വാഴക്കാൽ-ഊർപ്പള്ളി-തെക്കൻ പൊയിൽ എന്നപേരിൽ റോഡ് പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതിയിൽ (പി.എം.ജി.എസ്.വൈ) ഉൾപ്പെടുത്താൻ ശ്രമം നടത്തി. ജില്ല പഞ്ചായത്ത് അംഗമായിരുന്ന മാർഗരറ്റ് ജോസ് മുൻകൈയെടുത്ത് ജില്ല പഞ്ചായത്ത് മുഖാന്തരം സമർപ്പിച്ചെങ്കിലും അനുമതി ലഭിച്ചില്ല.
2019ൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ എം.പി സ്ഥാനത്തെത്തിയ കെ. സുധാകരൻ വോട്ടർമാരോട് നന്ദി പറയാൻ വന്ന വേളയിൽ നാട്ടുകാർ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ എം.പിയുടെ റോഡ് ലിസ്റ്റിൽ ഉൾപ്പെടുകയും തുടർന്ന് പി.എം.ജി.വൈ.എസ് പദ്ധതിപ്രകാരം നവീകരിക്കാൻ അനുമതി ലഭിക്കുകയുമായിരുന്നു.
ആറുമീറ്റർ റോഡ് എട്ടുമീറ്ററായി വീതികൂട്ടുന്നതിന് നാട്ടുകാർ സ്ഥലം സൗജന്യമായി വിട്ടു നൽകിയതോടെയാണ് ഒരിക്കലും യാഥാർഥ്യമാകില്ലെന്ന കരുതിയ റോഡ് വികസനം യാഥാർഥ്യമായത്. 300ൽ അധികം കുടുബംങ്ങൾക്കും നിരവധി സ്ഥലമുടമകൾക്കും ഇത് വലിയ അനുഗ്രഹമായി മാറി. വലിയ കയറ്റവും ഇറക്കവുമുള്ള ഭൂമി ചെത്തിയിറക്കി കയറ്റവും വളവും തിരിവും കുറച്ചാണ് പൂർത്തിയാക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.