ഇരിട്ടി(കണ്ണൂർ) : കൂണ്‍കൃഷിയിലൂടെ ലഭിച്ച 15,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി മാതൃകയായി ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് വളണ്ടിയർമാരായ വിദ്യാർഥികളും അധ്യാപകരും. പ്രോഗ്രാം ഓഫീസർ പി. സിബിയുടെ നേതൃത്വത്തിൽ എൻ.എസ്.എസ് യൂനിറ്റ് കലക്ടറുടെ ചേമ്പറിൽ വെച്ച് ധനസഹായം ജില്ലാ കലക്ടർ അരുൺ കെ. വിജയന് കൈമാറി.
നിരവധി സേവന, സന്നദ്ധ പ്രവർത്തനങ്ങളിലൂടെ അംഗീകരങ്ങൾ കൊയ്ത ഇരിട്ടി ഹയർ സെക്കണ്ടറി സ്ക്കൂൾ എൻ.എസ്.എസ് യൂനിറ്റിന്‍റെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ടു വർഷമായി സ്കൂളിൽ നടത്തി വരുന്ന കൂണ്‍ കൃഷിയും വിളവെടുപ്പും വിൽപനയും ഏറെ പ്രശംസ നേടിയിരുന്നു. കഴിഞ്ഞ വർഷം പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ കൂണ്‍കൃഷി നേട്ടം കൊയ്ത പശ്ചാത്തലത്തിലാണ് ഇക്കുറിയും എൻ.എസ് എസ് വളണ്ടിയർമാർ കൂണ്‍കൃഷി ചെയ്തത്.
രണ്ടു വർഷങ്ങളിലായി നടത്തിയ കൂൺ വിൽപനയിലൂടെ ലഭിച്ച സമ്പാദ്യമാണ് വിദ്യാർഥികൾ ഉരുളെടുത്ത വയനാടിന്‍റെ ദുരിതക്കണ്ണീരൊപ്പാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയത്. കാര്‍ഷികവൃത്തിയില്‍ പുതുതലമുറയെ തല്‍പരരാക്കുന്നതിനും കൂൺകൃഷിയിലൂടെ ലഭിക്കുന്ന ലാഭവിഹിതം ജീവകാരുണ്യ പ്രവർത്തനത്തിനായി വിനിയോഗിക്കണമെന്നുമുള്ള മാതൃകാപരമമായ ലക്ഷ്യവുമായാണ് കൃഷി ആരംഭിച്ചത്. കൃഷി വകുപ്പിന്റെ സാങ്കേതിക സഹായവും കൂണ്‍ കര്‍ഷകരുടെ സഹകരണവും സ്‌കൂളിന് ലഭിക്കുന്നുണ്ട്.
സ്‌കൂളിലെ തന്നെ ഒരു കെട്ടിടമുറിയാണ് കൃഷിക്കായി ഉപയോഗിച്ചത്. ചിപ്പികൂണ്‍ വിഭാഗത്തില്‍പ്പെട്ട ഓയ്സ്റ്റർ വിത്തിനമാണ് കൃഷി ചെയ്തത്. മൂന്നാഴ്ച കൊണ്ട് പാകമായ കൂണിന്റെ വിളവെടുപ്പ് രണ്ടാഴ്ച മുൻപ് നടന്നു. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ കെ.വി. സുജേഷ് ബാബു, എൻ.എസ്എസ് പ്രോഗ്രാം ഓഫീസർ പി. സിബി, അധ്യാപകരായ കെ. ബെൻസിരാജ്, കെ.ജെ. ബിൻസി, ടി.വി. റീന, മേഘന റാം, എൻ.എസ്.എസ് ലീഡർ കെ.കെ. നഫ്‌ല, കെ. റഫ്‌നാസ്, വളണ്ടിയർമാരായിട്ടുള്ള വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.
മാനേജർ കെ.ടി അനൂപ്, കൂൺ കൃഷിക്കാരായ രാഹുൽ ഗോവിന്ദും സംഘവും കൃഷി ഓഫീസർ രാഗേഷ്, പി.ടി.എ പ്രസിഡന്‍് സന്തോഷ് കോയിറ്റി, അധ്യാപകരായ കെ. ശ്രീവിദ്യ, എം. അനിത എന്നിവരാണ് കൂൺകൃഷിക്ക് നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.