ഇരിട്ടി: പതിച്ചുകിട്ടിയ ഭൂമിയിൽനിന്നും തേക്കുമരങ്ങൾ മോഷണം പോയതിനെ തുടർന്ന് തില്ലങ്കേരി ശങ്കരൻക്കണ്ടി നഗറിലെ എസ്.കെ. സീതക്ക് ലഭിച്ചത് 14 ലക്ഷത്തിന്റെ പിഴ. തേക്കുമരങ്ങൾ മോഷ്ടാക്കൾ മുറിച്ചുകടത്തിയതിന് 14,66,834 രൂപയാണ് റവന്യൂ വകുപ്പ് എസ്.കെ സീതക്ക് പിഴ ചുമത്തിയത്. 20 കൊല്ലം മുമ്പ് നടന്ന സംഭവത്തിൽ നോട്ടീസ് ലഭിച്ചതോടെ അമ്പരന്നിരിക്കുന്ന കുടുംബത്തിന് ഇപ്പോൾ എം.എൽ.എ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാർട്ടി നേതാക്കളുടെയും വാക്കുകളിൽ മാത്രമാണ് ആശ്വാസം.
2003ലാണ് മട്ടന്നൂർ കീച്ചേരിയിൽ സീതക്ക് ഒരേക്കർ ഭൂമി റവന്യൂ വകുപ്പ് പതിച്ചുനൽകിയത്. മരങ്ങൾ മുറിക്കരുതെന്ന നിബന്ധനയോടെയായിരുന്നു പട്ടയം. തില്ലങ്കേരി ശങ്കരൻകണ്ടി നഗറിലെ തറവാട്ടുവീട്ടിൽനിന്നും സീതയും മക്കളും പതിച്ചുകിട്ടിയ ഭൂമിയിൽ വീടുവെച്ച് താമസം തുടങ്ങി. അതിനിടയിൽ മകൾ മരിച്ചതോടെ വീണ്ടും ശങ്കരൻകണ്ടിയിലെ സഹോദരി ഇന്ദിരയുടെ വീട്ടിലേക്ക് താമസം മാറി.
അതിനിടയിലാണ് ഇവർക്ക് പതിച്ചുകിട്ടിയ ഭൂമിയിൽനിന്ന് തേക്കുമരം മോഷ്ടിക്കപ്പെട്ടത്. ഇതേക്കുറിച്ച് കുടുംബം പൊലീസിൽ നേരത്തേതന്നെ പരാതി നൽകിയെങ്കിലും മോഷ്ടാക്കളെ പിടികൂടാൻ സാധിച്ചിട്ടില്ല.
ഇതുസംബന്ധിച്ച് അന്നത്തെ തലശ്ശേരി താഹസിൽദാർ ഉൾപ്പെടെയുള്ളവർക്ക് ഇവർ പരാതി നൽകിയിരുന്നു. എന്നാൽ, ഇക്കഴിഞ്ഞ ദിവസം ഇവർക്ക് 14,66,834 രൂപയുടെ പിഴയടക്കാൻ റവന്യൂ വകുപ്പ് നോട്ടീസ് നൽകി. സംഭവമറിഞ്ഞ് സ്ഥലം എം.എൽ.എ കെ.കെ. ശൈലജ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുമൊക്കെ ഇവരുടെ വീട്ടിലെത്തി.
ഇരിട്ടി: പതിച്ചുകിട്ടിയ ഭൂമിയിലെ തേക്ക് മോഷ്ടാക്കൾ മുറിച്ചുകടത്തിയതിന് തില്ലങ്കേരി ശങ്കരൻകണ്ടി ആദിവാസി ഊരിലെ എസ്.കെ. സീതക്ക് 14.66 ലക്ഷം രൂപയുടെ പിഴയടക്കാൻ റവന്യൂ വകുപ്പ് നോട്ടീസ് നൽകിയതിൽ തില്ലങ്കേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. കുടുംബത്തിന്റെ പേരിലുള്ള നിയമനടപടികൾ അവസാനിപ്പിക്കണമെന്ന് കാണിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാഗേഷ് തില്ലങ്കേരി പട്ടികവർഗ വികസന മന്ത്രി ഒ.ആർ. കേളുവിന് കത്തയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.