ഇരിട്ടി: നിറയെ കുഴികളും വെള്ളക്കെട്ടുംമൂലം യാത്ര ദുഷ്കരമായി മാറിയ ഇരിട്ടി-പേരാവൂർ റോഡിന് ആശ്വാസമായി അഞ്ചുകോടിയുടെ പ്രവൃത്തിക്ക് കരാറായി. 12 കിലോമീറ്റർ റോഡിന്റെ ഉപരിതലം പുതുക്കൽ പ്രവൃത്തിക്കാണ് കരാറായിരിക്കുന്നത്. കെ.കെ. ബിൽഡേഴ്സാണ് കരാർ എടുത്തിരിക്കുന്നത്. പ്രവൃത്തിക്കായി സൈറ്റ് കൈമാറൽ പ്രക്രിയ മാത്രമാണ് അവശേഷിക്കുന്നത്.
മലയോരത്തെ പ്രധാന റോഡുകളിലൊന്നായിട്ടും വർഷങ്ങളായി അവഗണിക്കപ്പെട്ടുകിടക്കുകയായിരുന്നു. ഗ്രാമീണ റോഡുകൾ ഉൾപ്പെടെ വീതി കൂട്ടി നവീകരിക്കപ്പെടുമ്പോഴും ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങൾ പോകുന്ന റോഡ് കുഴികൾ നിറഞ്ഞതായി മാറി. കണ്ണൂരിൽനിന്ന് വയനാട്ടിലേക്കുള്ള പ്രധാന പാത എന്ന പരിഗണനയും റോഡിന് കിട്ടിയില്ല. ഇരിട്ടി താലൂക്കിലേക്കുള്ള പ്രധാന റോഡെന്ന പരിഗണന കിട്ടുന്നതിനായി സണ്ണി ജോസഫ് എം.എൽ.എ മുഖ്യമന്ത്രിക്കും പൊതുമാരമത്ത് മന്ത്രിക്കും നേരിട്ട് പരാതിയും നൽകിയിരുന്നു. നവകേരള സദസ്സിലും നിരവധി പരാതികൾ ലഭിച്ചിരുന്നു. പൊതുമരാമത്ത് മന്ത്രിക്ക് നിരവധി യുവജന സംഘടനകളും റോഡിന്റെ നവീകരണം ചൂണ്ടിക്കാട്ടി നിവേദനം നൽകിയിരുന്നു. കഴിഞ്ഞ ബജറ്റിൽ റോഡ് ഉൾപ്പെടുമെന്ന് കരുതിയെങ്കിലും ഉണ്ടായില്ല.
ഇതിന് പിന്നാലെയാണ് ഉപരിതലം പുതുക്കുന്നതിന് അഞ്ചു കോടി വകയിരുത്തിയ ഉത്തരവും സാങ്കേതികാനുമതിയും ഭരണാനുമതിയും ലഭിക്കുന്നത്. കനത്ത മഴയിൽ നെടുംപൊയിൽ റോഡിലുണ്ടായ വിള്ളൽ കാരണം വാഹനങ്ങൾ പേരാവൂർ, അമ്പായത്തോട്, ബോയ്സ് ടൗൺ റോഡ് വഴിയാണ് പോകുന്നത്. ഇതോടെ റോഡിന്റെ തകർച്ചയും രൂക്ഷമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.