ഇരിട്ടി: വേനൽ മഴയോടൊപ്പം തിങ്കളാഴ്ച വൈകീട്ട് ആഞ്ഞടിച്ച ശക്തമായ ചുഴലിക്കാറ്റിലും മഴയിലും ഇരിട്ടി ടൗണിലെ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു. സമീപത്തെ ഷോപ്പിങ് മാളുകൾക്കുമുന്നിൽ നിർത്തിയിട്ട രണ്ട് കാറുകൾക്കും ഒരു ഓട്ടോറിക്ഷക്കും കേടുപാടുകൾ പറ്റി. ശക്തമായ കാറ്റും മിന്നലും മഴയും ഉണ്ടായതോടെ സ്ഥലത്തുണ്ടായിരുന്നവരെല്ലാം ഒഴിഞ്ഞു നിന്നതിനാൽ വൻ ദുരന്തം ഒഴിവായി. വൈകീട്ട് നാലുമണിയോടെയാണ് ശക്തമായ കാറ്റോടുകൂടി ഇടിമിന്നലും മഴയുമുണ്ടായത്.
ഇരിട്ടി മേലേ സ്റ്റാൻഡിൽ ജുമാസ്ജിദിന് തൊട്ടടുത്തായി സ്ഥിതിചെയ്യുന്ന പഴയ ഫാഷൻ ഹോട്ടലിന്റെ ഒരു ഭാഗത്തെ മേൽക്കൂരയാണ് കാറ്റിൽ നിലംപൊത്തിയത്. ഈ കെട്ടിടത്തിന്റെ പിൻഭാഗത്തായി സ്ഥിതിചെയ്യുന്ന മെട്രോ ഹൈപർ മാർക്കറ്റ്, ഇമ്മാനുവേൽ സിൽക്സ്, സിറ്റി സെന്റർ ഷോപ്പിങ് മാൾ എന്നിവയുടെ പാർക്കിങ് ഏരിയയിലേക്ക് മേൽക്കൂര അപ്പാടെ മറിഞ്ഞു വീഴുകയായിരുന്നു.
കാറുകളും ഓട്ടോറിക്ഷകളും ബൈക്കുകളും ഉൾപ്പെടെ പത്തിലേറെ വാഹനങ്ങൾ ഇതിന്റെ അടിയിലായി. എന്നാൽ ഒരു ഓട്ടോറിക്ഷക്കും രണ്ടു കാറുകൾക്കും രണ്ടു ബൈക്കുകൾക്കും മറ്റുമാണ് സാരമായ കേടുപാടുകൾ പറ്റിയത്. പാർക്കിങ് ഏരിയയിൽ നിന്നും പുറത്തേക്കു കടക്കാൻ ശ്രമിക്കയുന്നതിനിടെയാണ് ഓട്ടോറിക്ഷ അപകടത്തിൽ പെട്ടത്. ഈ സമയത്തു ഡ്രൈവർ ഓട്ടോറിക്ഷയയിലുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.
ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടുകയും മേൽഭാഗത്തെ ഷീറ്റ് കീറുകയും ചെയ്തു. ഇരിട്ടി അഗ്നിരക്ഷസേന സ്ഥലത്തെത്തിയാണ് തകർന്നുവീണ മേൽക്കൂരക്കടിയിൽപെട്ട വാഹനങ്ങൾ പുറത്തെടുത്തത്.
മേൽക്കൂര വീഴുന്നതിനിടെ അതിനടിയിൽ പെട്ട വൈദ്യുതി ലൈനുകളും ട്രാൻസ്ഫോർമർ സ്ഥാപിച്ച വൈദ്യുതി തൂണുകളും തകർന്ന നിലയിലാണ്. ശക്തമായ കാറ്റിൽ വൈദ്യുതി ലൈനിലേക്ക് മരം കടപുഴകി വീണ് വൈദ്യുതി ബന്ധം നിലച്ചു. നേരംപോക്ക് - ഇരിട്ടി താലൂക്ക് ആശുപത്രി റോഡിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നുമാണ് മരം വൈദ്യുതി ലൈനിലേക്ക് വീണത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.