ഇരിട്ടി: കേന്ദ്രസർക്കാറിന്റെ നഗർവനം പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച ജില്ലയിലെ ആദ്യത്തെ നഗരവനം ഇരിട്ടിയിൽ യാഥാർഥ്യമാകുന്നു. ഇരിട്ടി -എടക്കാനം റോഡിൽ വള്ള്യാട് സ്ഥിതിചെയ്യുന്ന നഗരവനം നാളെ പൊതുജനങ്ങൾക്കായി തുറന്നു നൽകും. കഴിഞ്ഞ ഒക്ടോബർ 20ന് സർക്കാറിന്റെ നൂറുദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തി നഗരവനത്തിന്റെ ഉദ്ഘാടനം സണ്ണി ജോസഫ് എം.എൽ.എയുടെ അധ്യക്ഷതയിൽ വനംമന്ത്രി എ.കെ. ശശീന്ദ്രൻ ഓൺലൈനായി നിർവഹിച്ചിരുന്നു. കനത്ത മഴയും വെള്ളക്കെട്ടും ചെളിയും മൂലം പാർക്ക് തുറന്നുനൽകുന്നത് തൽക്കാലം മാറ്റിവെക്കുകയായിരുന്നു.
ഇരിട്ടി -എടക്കാനം റോഡിൽ കീഴൂർ അമ്പലം കവലയിൽ ബാവലിപ്പുഴക്കരയിലാണ് നഗരവനം എന്ന പച്ചത്തുരുത്ത് സ്ഥിതിചെയ്യുന്നത്. പഴശ്ശി പദ്ധതിയുടെ അധീനതയിലുള്ള 10.5 ഹെക്ടർ സ്ഥലം കണ്ണൂർ വനം സാമൂഹികവനവത്കരണ വിഭാഗം പാട്ടത്തിനെടുത്താണ് നഗരവനം പദ്ധതി യാഥാർഥ്യമാക്കിയിരിക്കുന്നത്.
മൂന്നു വശവും പഴശ്ശി പദ്ധതിയുടെ ജലാശയത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന, അപൂർവ ഔഷധ സസ്യങ്ങളും മരങ്ങളും വളർന്ന് ഏതുവേനലിലും തണൽ നൽകുന്ന ഒരു പച്ചത്തുരുത്താണ് ഇവിടം.
നിലവിൽ മൂന്ന് ഹെക്ടർ പ്രദേശമാണ് നഗരവനമായി വികസിപ്പിച്ചിരിക്കുന്നത്. അടുത്ത ഘട്ടങ്ങളിൽ മുഴുവൻ സ്ഥലവും പദ്ധതിയുടെ ഭാഗമാക്കും. ഒന്നാം ഘട്ടത്തിൽ നടപ്പാത, ചുറ്റുമതിൽ, ഇരിപ്പിടം, കംഫർട്ട് സ്റ്റേഷൻ, ഇൻഫർമേഷൻ സെന്റർ തുടങ്ങിയവയാണ് പൂർത്തിയാക്കിയിരിക്കുന്നത്. തദ്ദേശീയരുടെ നേതൃത്വത്തിൽ രൂപവത്കരിച്ച ഗ്രാമഹരിത സമിതിക്കാണ് പാർക്കിന്റെ നിയന്ത്രണം.
രണ്ടാം ഘട്ടത്തിനായുള്ള പദ്ധതി വനം വകുപ്പിന്റെ നേതൃത്വത്തിൽ സർക്കാറിന് സമർപ്പിച്ചിട്ടുണ്ടെന്ന് ഗ്രാമ ഹരിതസമിതി പ്രസിഡന്റ് പി.പി. അശോകൻ പറഞ്ഞു. സമീപത്തെ പെരുമ്പറമ്പ് ഇക്കോ പാർക്കുമായി നഗരവനത്തെ ബന്ധിപ്പിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഇവിടേക്കുള്ള പ്രവേശനം പാസ് മൂലം നിയന്ത്രിക്കും. വലിയവർക്ക് 20 രൂപയും കുട്ടികൾക്ക് 10 രൂപയുമായിരിക്കും ഈടാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.