ഇരിട്ടി: എടൂരിലെ കുട്ടികളുടെ സംരക്ഷണകേന്ദ്രത്തിൽ നിന്നും ഒളിച്ചോടി നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടപ്പോൾ പുഴയിൽ ചാടിയ രണ്ടു വിദ്യാർഥിനികളെ നാട്ടുകാരും പൊലീസും ചേർന്ന് രക്ഷപ്പെടുത്തി. ഇവരെ ശിശുക്ഷേമ സമിതിയുടെ തലശ്ശേരിയിലെ പെൺകുട്ടികളുടെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
എട്ടാം ക്ലാസിലും അഞ്ചാം ക്ലാസിലും പഠിക്കുന്ന വിദ്യാർഥിനികളാണ് സംരക്ഷണകേന്ദ്രത്തിൽ നിന്നും ഒളിച്ചോടാൻ ശ്രമം നടത്തിയത്. നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടപ്പോൾ ഇരുവരും പായം പുഴക്കരയിലേക്ക് ഓടി. ആളുകൾ അടുത്തുവരുമ്പോൾ പുഴയിൽ ഇറങ്ങി ഭീഷണി മുഴക്കി. വ്യാഴാഴ്ച പുലർച്ചെ 4.30ഓടെ ഇരുചക്രവാഹനത്തിൽ ഇരിട്ടി ഭാഗത്തേക്ക് പോവുകയായിരുന്ന യുവാവാണ് രണ്ട് വിദ്യാർഥിനികളെയും കരിയാൽ ടൗണിന് സമീപത്ത് റോഡരികിൽ കാണുന്നത്.
ഒരു കുട്ടി കരയുന്നത് കണ്ട് വാഹനം നിർത്തി കാര്യങ്ങൾ തിരക്കിയപ്പോൾ ഞങ്ങൾ ഇതിനടുത്തുള്ളവരാണെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറാൻ ശ്രമിച്ചു. യുവാവ് ഉടൻ സമീപത്തുള്ള താമസക്കാരെയും ഇരിട്ടി പൊലീസിലും വിവരമറിയിച്ചു. ഇതിനിടയിൽ കുട്ടികൾ ഇവിടെനിന്നും ഓടിപ്പോവുകയും കരിയാൽ പള്ളിക്ക് സമീപത്തുള്ള റബർതോട്ടത്തിൽ അവരുടെ കൈയിലുള്ള ബാഗ് ഉപേക്ഷിച്ച് കടന്നുകളഞ്ഞു.
നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും ഏറനേരം കുട്ടികളെ കണ്ടെത്താൻ കഴിഞ്ഞില്ല. പൊലീസെത്തി ബാഗ് പരിശോധിച്ചു. എട്ടാം ക്ലാസിലും അഞ്ചാം ക്ലാസിലും പഠിക്കുന്ന രണ്ടു വിദ്യാർഥിനികളാണെന്ന് മനസ്സിലാക്കി. തുടർന്നുള്ള അന്വേഷണത്തിലാണ് എടൂരിലുള്ള കുട്ടികളുടെ സംരക്ഷണകേന്ദ്രത്തിൽ നിന്നുള്ള കുട്ടികളാണെന്ന് മനസ്സിലാക്കിയത്. ഇതിനിടയിൽ കുട്ടികൾ പായം പുഴക്കരയിൽ എത്തിയതായി വിവരം ലഭിച്ചു.
പൊലീസും നാട്ടുകാരിൽ ചിലരും സ്ഥലത്ത് എത്തുമ്പോഴേക്കും കുട്ടികൾ പുഴയിലേക്ക് ചാടി. വലിയ ആഴമുള്ളതും ചളിനിറഞ്ഞതുമായ സ്ഥലത്താണ് കുട്ടികൾ ചാടിയത്. കുട്ടികളെ അനുനയിപ്പിച്ച് കരെക്കത്തിക്കാനുള്ള ശ്രമം വിജയിക്കാത്തതോടെ നാട്ടുകാരിൽ ചിലർ പുഴയിലേക്ക് ചാടി കുട്ടികളെ കരക്കെത്തിച്ചു. ഇരിട്ടി പൊലീസ് സ്റ്റേഷനിൽ എത്തിച്ച പെൺകുട്ടികളെ സ്റ്റേഷൻ ഓഫിസർ കെ.ജെ. ബിനോയിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്ത ശേഷം തലശ്ശേരിയിലെ പെൺകുട്ടികളുടെ സംരക്ഷണകേന്ദ്രത്തിലേക്ക് അയക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.