ഇരിട്ടി: മാക്കൂട്ടം ചുരത്തിലെ വനത്തിനുള്ളിൽ ട്രോളിബാഗിൽ യുവതിയുടെ അഴുകിയ ജഡം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം കണ്ണവത്തുനിന്ന് കാണാതായ യുവതിയിലേക്കും. വീരാജ്പേട്ട സി.ഐ ശിവരുദ്രയുടെ നേതൃത്വത്തിൽ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘം കണ്ണവത്തെത്തി കാണാതായ യുവതിയുടെ അമ്മയുടെ മൊഴി രേഖപ്പെടുത്തി.
കഴിഞ്ഞ ദിവസം മടിക്കേരി മെഡിക്കൽ കോളജിൽ എത്തി കണ്ണവത്തെ യുവതിയുടെ ബന്ധുക്കൾ മൃതദേഹം കണ്ടെങ്കിലും 90 ശതമാനവും സാധ്യതയില്ലെന്ന് പറഞ്ഞ് മടങ്ങുകയായിരുന്നു.
യുവതിയുടെ മൃതദേഹം മടിക്കേരി ഗവ. മെഡിക്കൽ കോളജിൽനിന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം മോർച്ചറിയിലേക്ക് മാറ്റി. കുടക്, മൈസൂരു ജില്ലകളിൽനിന്ന് അടുത്തിടെ കാണാതായ യുവതികളുടെ വിവരങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്. മടിക്കേരി ജില്ലയിൽ മാത്രം നാലുപേർ ഒരു മാസത്തിനുളളിൽ കാണാതായിട്ടുണ്ട്. ഇവരുടെ ബന്ധുക്കളാരും അന്വേഷണവുമായി എത്തിയിട്ടില്ല.
കേരളത്തിൽനിന്ന് പ്രത്യേകിച്ച് കണ്ണൂർ, കാസർകോട്, കോഴിക്കോട് മേഖലയിൽനിന്ന് കാണാതായവരുടെ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. മൃതദേഹം പൂർണമായും അഴുകിയ നിലയിലായതിനാൽ തിരിച്ചറിയാനുള്ള സാധ്യത വിദൂരമാണ്.
മൃതദേഹം വെട്ടിനുറുക്കിയ നിലയിലായതിനാൽ ഡി.എൻ.എ പരിശോധന ഉൾപ്പെടെ ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ പൊലീസിനും നിഗമനത്തിലെത്താൻ സാധിക്കുകയുള്ളൂ.
രണ്ടാഴ്ചക്കിടയിൽ മാക്കൂട്ടം ചുരം റോഡ് വഴി കടന്നുപോയ വാഹനങ്ങളുടെ വിവര ശേഖരണവും പൊലീസ് തുടങ്ങി. പെരുമ്പാടി ചെക്ക് പോസ്റ്റ് വിട്ടാൽ ചുരം റോഡിൽ എവിടേയും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ല. പെരുമ്പാടിയിൽനിന്ന് മാക്കൂട്ടത്തേക്കും മാക്കൂട്ടത്തുനിന്ന് പെരുമ്പാടിയിലേക്കും എത്താനുള്ള കുറഞ്ഞും കൂടിയതുമായ സമയം കണക്കാക്കിയുള്ള വാഹന പരിശോധനയും ആരംഭിച്ചു.
ചുരം റോഡിൽ അസ്വാഭാവികമായ നിലയിൽ നിർത്തിയിട്ട വാഹനങ്ങളെക്കുറിച്ചു ദൃക്സാക്ഷി വിവരങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.
പെരുമ്പാടി ചെക്ക് പോസ്റ്റിൽനിന്ന് മൂന്ന് കിലോമീറ്റർ അകലെയുള്ള വനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഇത് മാക്കൂട്ടം ചെക്ക് പോസ്റ്റിൽനിന്ന് 15 കിലോമീറ്റർ അകലെയുമാണ്. വീരാജ്പേട്ട്, ഗോണിക്കുപ്പ ഭാഗങ്ങളിൽനിന്ന് എത്തിയാണ് മൃതദേഹം തള്ളിയതെന്ന നിഗമനത്തിലാണ് പൊലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.