ഇരിട്ടി: 20 കോടി രൂപ ചെലവിൽ ഇരിട്ടിയിൽ നിർമിക്കുന്ന മിനി സിവിൽ സ്റ്റേഷന്റെ പ്രവൃത്തി തറക്കല്ലിടൽ ചടങ്ങിൽ ഒതുങ്ങി. കഴിഞ്ഞ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ കെട്ടിട ശിലാസ്ഥാപനം നടത്തിയത്. എന്നാൽ, രണ്ടാം ഇടതുപക്ഷ സർക്കാർ അധികാരത്തിലെത്തിയിട്ടും തുടർ പ്രവർത്തികളൊന്നും നടന്നില്ല.
ഇരിട്ടി -പേരാവൂർ റോഡിൽ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഓഫിസിന് സമീപത്തെ റവന്യൂ വകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്താണ് മിനി സിവിൽ സ്റ്റേഷൻ സമുച്ചയം പണിയാനായി തറക്കല്ലിട്ടത്. റവന്യൂ മന്ത്രിയായിരുന്ന ഇ. ചന്ദ്രശേഖരനാണ് അധ്യക്ഷത വഹിച്ചത്. സ്ഥലം എം.എൽ.എ സണ്ണി ജോസഫും മലയോരത്തെ എല്ലാ ജനപ്രതിനിധികളും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും ഉദ്ഘാടന മഹാമഹത്തിൽ പങ്കെടുത്തു. എന്നാൽ, തറക്കല്ലിടൽ കഴിഞ്ഞ് തുടർ പ്രവൃത്തി നടക്കാത്തതിനാൽ സ്ഥലം ഇപ്പോൾ കാടുമൂടിക്കിടക്കുകയാണ്.
ഇരിട്ടിയിൽ മിനി സിവിൽ സ്റ്റേഷൻ ആരംഭിച്ചാൽ ടൗണിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഇരിട്ടി താലൂക്ക് ഓഫിസ്, താലൂക്കുമായി ബന്ധപ്പെട്ട മുഴുവൻ ഓഫിസുകൾ, ജോ. ആർ.ടി.ഒ ഓഫിസ്, താലൂക്ക് സപ്ലൈ ഓഫിസ്, സബ് ട്രഷറി, ലേബർ ഓഫിസ് തുടങ്ങിയവയെല്ലാം ഒരു കുടക്കീഴിലേക്ക് മാറ്റി പ്രവർത്തനം നടത്താനാകും. ഇന്ന് ഇരിട്ടിയുടെ വിവിധ ഭാഗങ്ങളിലായി ചിതറിക്കിടക്കുകയാണ് ഈ ഓഫിസുകളെല്ലാം. മിനി സിവിൽ സ്റ്റേഷൻ പ്രാവർത്തികമായാൽ വാടകയിനത്തിൽ സർക്കാറിന് വൻ തുക ലാഭിക്കാനുമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.