ഇരിട്ടി: കാട്ടാന കുത്തിക്കൊന്ന മേലെ പെരിങ്കരിയിലെ ജസ്റ്റിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. തിങ്കളാഴ്ച വൈകീട്ട് ആറോടെ വീട്ടിലെത്തിച്ച മൃതദേഹം ചൊവ്വാഴ്ച രാവിലെ 11ന് പെരിങ്കരി സെൻറ് അല്‍ഫോന്‍സ ദേവാലയ സെമിത്തേരിയിൽ സംസ്കരിച്ചു. ചടങ്ങുകൾക്ക് തലശ്ശേരി അതിരൂപത ആര്‍ച് ബിഷപ് മാര്‍. ജോര്‍ജ് ഞെരളക്കാട്ട് മുഖ്യകാര്‍മികത്വം വഹിച്ചു. തലശ്ശേരി അതിരൂപത സഹായ മെത്രാന് മാര്‍. ജോസഫ് പാംപ്ലാനി പ്രാര്‍ഥന ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്കാൻ വീട്ടിലെത്തിയിരുന്നു. ജസ്റ്റിനൊപ്പം ബൈക്കിൽ സഞ്ചരിച്ച ഭാര്യ ജിനി കാട്ടാന ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പോസ്റ്റുമോർട്ടത്തിനുശേഷം ജസ്റ്റിെൻറ മൃതദേഹം ജിനി കിടക്കുന്ന ആശുപത്രിയിലെത്തിച്ച് കാണിച്ചിരുന്നു.
കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരന് എം.പി, വി. ശിവദാസന്‍ എം.പി, എം.എൽ.എമാരായ സണ്ണി ജോസഫ്, സജീവ് ജോസഫ്, കെ.കെ. ശൈലജ, സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജന്, ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡൻറ് വത്സൻ തില്ലങ്കേരി ഉള്‍പ്പെടെയുള്ളവർ അന്തിമോപചാരമര്‍പ്പിക്കാനെത്തി.
കാട്ടാന ആക്രമണം: കുടുംബത്തെ സംരക്ഷിക്കണം –സി.പി.എം
കണ്ണൂര്‍: മേലെ പെരിങ്കരിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ജസ്റ്റിെൻറ കുടുംബത്തിന് സര്‍ക്കാര്‍ മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും ആശ്രിതക്ക് ജോലി നല്‍കണമെന്നും സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജന് ആവശ്യപ്പെട്ടു. ജസ്റ്റിെൻറ ഭാര്യ ജിനിക്ക് സാരമായ പരിക്കുണ്ട്. ഇവരുടെ ചികിത്സ ചെലവ് നല്കാന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. ആറളം ഫാമിനെയും ആദിവാസി മേഖലയെയും കാട്ടാനകളില്‍നിന്ന് രക്ഷിക്കാന്‍ 22 കോടിയുടെ ആനമതില്‍ നിര്‍മിക്കാന്‍ പദ്ധതിയൊരുക്കിയത് ആശ്വാസകരമാണ്. ഒട്ടേറെ പേര് ഇതിനകം വന്യമൃഗാക്രമണത്തില്‍ കൊല്ലപ്പെട്ടു. കര്‍ണാടക വനാതിര്‍ത്തികളില്‍ സുരക്ഷയൊരുക്കാന്‍ കര്‍ണാടക സര്‍ക്കാറുമായി ചേര്‍ന്ന് സംസ്ഥാനം സുരക്ഷാനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.