കണ്ണൂർ: കെ- റെയിൽ സിൽവർ ലൈൻ കല്ലിടലിനെതിരെ പ്രതിഷേധം തുടരുന്നു. വെള്ളിയാഴ്ച കണ്ണൂർ കോർപറേഷൻ പരിധിയിൽ തളാപ്പ്, കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് പരിസരം, പ്രസ് ക്ലബ് പരിസരം എന്നിവിടങ്ങളിൽ കല്ലിട്ടു. ടെമ്പിൾ വാർഡിൽ തളാപ്പ് വയൽ ഭാഗത്ത് സ്വകാര്യ ഭൂമിയിൽ മുന്നറിയിപ്പില്ലാതെയാണ് കല്ലിട്ടത്. കല്ല് സ്ഥാപിക്കാനുള്ള ശ്രമത്തിനെതിരെ പ്രതിഷേധം ഉയർത്തിയ കോർപറേഷൻ ടെമ്പിൾ വാർഡ് കൗൺസിലറും ആരോഗ്യ സ്ഥിരം സമിതി ചെയർമാനുമായ എം.പി. രാജേഷ്, എം. ജയരാജൻ എന്നിവരെ ടൗൺ പൊലീസ് അറസ്റ്റുചെയ്തു. ഇവരെ ടൗൺ സ്റ്റേഷനിൽ എത്തിച്ചശേഷം കല്ലിടൽ പ്രവൃത്തി തുടർന്നു.
മുൻകരുതൽ എന്ന നിലയിലാണ് ഇവരെ അറസ്റ്റുചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഉച്ച 2.30ഓടെ ഇരുവരെയും വിട്ടയച്ചു. ഇരുവരെയും അറസ്റ്റുചെയ്ത് ടൗൺ സ്റ്റേഷനിലേക്ക് കൊണ്ടുവന്നതോടെ പ്രതിഷേധവുമായി നാട്ടുകാരും പൊലീസ് സ്റ്റേഷൻ പരിസരത്തെത്തിയിരുന്നു. വിവരമറിഞ്ഞ് ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്, കോർപറേഷൻ മേയർ അഡ്വ. ടി.ഒ. മോഹനൻ എന്നിവരും സ്റ്റേഷനിലെത്തി പൊലീസ് ഉദ്യോഗസ്ഥരുമായി സംസാരിച്ചു.
സാമൂഹികാഘാത പഠനത്തിന്റെ ഭാഗമായുള്ള കല്ലിടലാണ് ഇപ്പോൾ നടക്കുന്നത്. ദിവസം കഴിയുംതോറും കെ-റെയിലിനെതിരെ ജില്ലയിൽ പ്രതിഷേധം ശക്തമാകുന്നുണ്ട്.
കഴിഞ്ഞ ചൊവ്വാഴ്ച ചിറക്കൽ വില്ലേജിൽ കല്ലിടാനുള്ള നീക്കം സമരസമിതിയുടെ നേതൃത്വത്തിൽ തടഞ്ഞിരുന്നു. സമിതി ജില്ല നേതാക്കളെ ഇതിന്റെ ഭാഗമായി അറസ്റ്റുചെയ്തു. ഇതുമായി ബന്ധപ്പെട്ട പ്രതിഷേധ യോഗത്തിനുശേഷം നേരത്തെയിട്ട കല്ലുകൾ പിഴുതുമാറ്റുകയും ചെയ്തു. ഏതാനും ദിവസം മുമ്പ് മാടായിപ്പാറയിൽ കല്ലുകൾ പിഴുതെടുത്ത് കൂട്ടിയിട്ടശേഷം റീത്തുവെച്ച സംഭവവും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.